Saturday December 03, 2016
Latest Updates

ഓടാനറിയാത്ത കുട്ടി, ഇന്ന് എറ്റവും മികച്ച സ്‌ട്രൈക്കര്‍; ഹാരി കെയ്‌നിന്റെ കഥ

ഓടാനറിയാത്ത കുട്ടി, ഇന്ന് എറ്റവും മികച്ച സ്‌ട്രൈക്കര്‍; ഹാരി കെയ്‌നിന്റെ കഥ

ഈ വര്‍ഷത്തെ പിഎഫ്എ അവാര്‍ഡുകളിലെ അത്ഭുതമാണ് യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട ഹാരി കെയ്ന്‍. ഇതുവരെ ആരുമറിയാതെ കിടന്നിരുന്ന ഒരു കളിക്കാരന്‍ പൊടുന്നനെ വന്ന് ഇത്രയും ഉന്നതമായ ഒരു വേദിയില്‍ തന്റെ വിഭാഗത്തിലെ എറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുക. ഏതൊരു കളിക്കാരനും പ്രചോതനമാണ് കെയ്‌നിന്റെ കഥ.

ആറുമാസം മുന്‍പാണ് കെയ്ന്‍ പ്രീമിയര്‍ ലീഗ് സീനിയര്‍ ഡിവിഷനിലെത്തുന്നത്. ടോട്ടനം ഹോസ്പറിന്റെ സൈഡ് ബഞ്ചിലിരിക്കാനായിരുന്നു വിധി. എന്നാല്‍, ആറുമാസത്തിനിപ്പുറം ടീമിന് എതൊരവസരത്തലും ആശ്രയിക്കാവുന്ന ഗോളടിക്കാരനായി ഉയരുക മാത്രമല്ല, പ്രീമിയര്‍ ലീഗിലെ തന്നെ എറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായും കെയ്ന്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. 11 വര്‍ഷം ടോട്ടെനാം ജൂനിയര്‍ ടീമില്‍ കളിച്ച കെയ്ന്‍ ക്ലബ്ബിലെ പരിശീലകര്‍ക്കും താരങ്ങള്‍ക്കുമിടയില്‍ പോലും ഒരു അത്ഭുതമാണ്.

പ്രീമിയര്‍ ലീഗ് പോലൊരു ടൂര്‍ണമെന്റിന്റെ സീനിയര്‍ ലെവലില്‍ കളിക്കുവാന്‍ മാത്രം മിടുക്ക് കെയ്‌നിനുണ്ടോ എന്നതില്‍ അടുത്ത കാലത്തു പോലും പരിശീലകര്‍ക്ക് സംശയമുണ്ടായിരുന്നു. പതിമൂന്നാം വയസ്സില്‍ ഹാരി ടീമിലെത്തുംപോള്‍ ടീമിലെ ഏറ്റവും കഴിവു കുറഞ്ഞ കുട്ടിയായിരുന്നുവെന്ന് സ്പര്‍സ് മാനേജ്മന്റ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. മറ്റു കുട്ടികളെക്കാള്‍ 10 ശതമാനം ഹാരിക്ക് കഴിവു കുറവായിരുന്നു. ഒരു സ്‌ട്രൈക്കറുടെ അത്യാവശ്യ ഘടകങ്ങളായ ഓടാനും ചാടാനുമുള്ള കഴിവ് ഹാരിക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 30 ശതമാനം കുറവായിരുന്നു.

പക്ഷേ, ഈ കണക്കുകള്‍ കൊണ്ട് അളക്കാവുന്നതായിരുന്നില്ല ഹാരിയുടെ കഴിവുകള്‍. ഇച്ഛാശക്തിയാണ് അന്നും ഇന്നും ഹാരിയുടെ കൈ മുതല്‍. ഓരോ ദിവസത്തെയും കളി കഴിഞ്ഞ ദിവസത്തേക്കാള്‍ മെച്ചപ്പെടുത്തണമെന്ന വാശി കുട്ടിയായിരുന്നപ്പോള്‍ തന്നെ ഹാരി കാണിച്ചിരുന്നതായി ജൂനിയര്‍ ടീം പരിശീലകനായ മക് ഡേര്‍മോട്ട് ഓര്‍മ്മിക്കുന്നു. കണക്കുകള്‍ ആധാരമാകി ടീമിനെ തിരഞ്ഞെടുത്തിരുന്നെങ്കില്‍ ഒരിക്കലും സ്പര്‍സ് ജൂനിയര്‍ ടീമില്‍ ഹാരി കളിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഇത് വരെ ഇരുപതു ഗോളുകള്‍ അടിച്ചുകൂട്ടിയ കെയ്ന്‍ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ ഒരു ഗോളിനു മാത്രം സെര്‍ജിയോ അഗ്യൂറോക്ക് പിന്നിലാണ്. എന്തായാലും വരുന്ന കുറച്ചു കാലത്തേക്കെങ്കിലും പ്രീമിയര്‍ ലീഗിലെ എറ്റവും മികച്ച സ്‌ട്രൈക്കര്‍ കെയ്‌നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

കഴിഞ്ഞ തവണ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട ഏഡന്‍ ഹസാര്‍ഡാണ് ഇത്തവണ ടൂര്‍ണമെന്റിന്റെ താരം.

 

Scroll To Top