Saturday February 17, 2018
Latest Updates

അയര്‍ലണ്ടിലെ മലയാളികളോട് മാപ്പ് പറഞ്ഞ് ഹരിശ്രീ യൂസഫിന്റെ വാട്‌സാപ്പ് സന്ദേശം :അനാവശ്യ വിവാദം അവസാനിപ്പിക്കുകയല്ലേ യുക്തി ?

അയര്‍ലണ്ടിലെ മലയാളികളോട് മാപ്പ് പറഞ്ഞ് ഹരിശ്രീ യൂസഫിന്റെ വാട്‌സാപ്പ് സന്ദേശം :അനാവശ്യ വിവാദം അവസാനിപ്പിക്കുകയല്ലേ യുക്തി ?

ഡബ്ലിന്‍:പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് അയര്‍ലണ്ടില്‍ സംഭവിച്ചതെന്നു പറയപ്പെടുന്ന ഒരു പ്രശ്‌നത്തെ ചൊല്ലി സോഷ്യല്‍ മീഡിയായില്‍ പ്രസിദ്ധ കലാകാരന്‍ ഹരിശ്രീ യൂസഫിനെതിരെ വിവാദമുയരുന്നു.അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിനെത്തിയ തന്നെയും സാജു കൊടിയന്‍,ഇടുക്കി ജാഫര്‍ തുടങ്ങിയ കലാകാരന്‍മാരെയും മലയാളി സംഘടനകളുടെ ചില ഭാരവാഹികള്‍ ട്രീറ്റ് ചെയ്ത സംഭവത്തെ ഹരിശ്രീ യൂസഫ് ഹാസ്യ രൂപേണെ മലയാള മനോരമയുടെ മഴവില്‍ മനോരമയില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് ഇല്ലാത്ത പൊല്ലാപ്പ് ഉണ്ടായിരിക്കുന്നത്.

എന്നാല്‍ പരിപാടിയില്‍ പറഞ്ഞ പ്രകാരം ഒരു സംഭവമേ അയര്‍ലണ്ടില്‍ ഉണ്ടായിട്ടില്ലെന്നും ഏതോ യൂറോപ്യന്‍ രാജ്യത്തു വെച്ചു സംഭവിച്ചതും നിസാരമായതുമായ സമാനമായ സംഭവത്തെ പറ്റിയാണ് താന്‍ പരാമര്‍ശിച്ചത് എന്നും,ഹാസ്യ പരിപാടിയ്ക്ക് കൊഴുപ്പ് കൂട്ടാനുള്ള സാധാരണ ടെക്‌നിക്കുകള്‍ മാത്രെമെന്ന നിലയിലാണ് അത്തരം വിവരണങ്ങള്‍ നടത്തിയതെന്നും യൂസഫ് ഐറിഷ് മലയാളിയോട് വിശദീകരിച്ചു.അത്തരമൊരു പരാമര്‍ശം ഐറിഷ് മലയാളികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നതായും യൂസഫ് പറഞ്ഞു.സംഭവങ്ങളോടുള്ള ഹരിശ്രീ യൂസഫിന്റെ പ്രതീകരണം കേള്‍ക്കാം.

2005 ലാണ് കലാഭവന്‍ മണിയോടൊപ്പംപ്രോഗാമിനായി അയര്‍ലണ്ടില്‍ എത്തിയത്.അയര്‍ലണ്ടിലേയ്ക്ക് വിസ കിട്ടാത്തതിനാല്‍ അന്ന് നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ നിന്നാണ് ഒരു ദിവസത്തെ പരിപാടിയ്ക്കായി ഡബ്ലിനില്‍ എത്തിയത്.രാവിലെ ഡബ്ലിനില്‍ എത്തി പരിപാടി കഴിഞ്ഞ് രാത്രി പത്തരയോടെ ഡബ്ലിനില്‍ നിന്നും ബെല്‍ഫാസ്റ്റിലേയ്ക്ക് തിരിച്ചു പോകുകയും ചെയ്തു.ഡബ്ലിനില്‍ ക്യാമ്പ് ചെയ്തതു പോലുമില്ല.ഡബ്ലിനിലും തിരിച്ച് ബെല്‍ഫാസ്റ്റില്‍ എത്തിയപ്പോഴും ഏറ്റവും മികച്ച സ്വീകരണമാണ് തങ്ങള്‍ക്ക് ലഭിച്ചത്.യൂസഫ് ഓര്‍മ്മിച്ചു.

മിക്ക പരിപാടികളിലെയും ഡയലോഗുകള്‍ മുന്‍കൂട്ടി പറയുന്നതല്ല.സ്വമേധയ സന്ദര്‍ഭം അനുസരിച്ചു സൃഷ്ടിക്കപ്പെടുന്നതാണ്.അങ്ങനെ പരാമര്‍ശിച്ചപ്പോള്‍’അയര്‍ലണ്ട്’എന്ന് വന്നു പോയതാണ്.അതിന് ഇത്തരമൊരു പ്രത്യാഘാതം ഉണ്ടാവുമെന്ന് ഒരിക്കലും കരുതിയില്ല.ഹരിശ്രീ യൂസഫ് ഐറിഷ് മലയാളി പ്രതിനിധിയോടു പറഞ്ഞു.അയര്‍ലണ്ടിലെ മലയാളികള്‍ക്ക് സംഭവത്തില്‍ ഉണ്ടായ ക്ലേശത്തില്‍ താന്‍ അഗാധമായി ഖേദിക്കുന്നതായി യൂസഫ് പറഞ്ഞു.
2005 ല്‍ അയര്‍ലണ്ടില്‍ ഐ എം എ എന്ന ഒരൊറ്റ സംഘടനയെ രൂപീകരിച്ചിട്ടുള്ളായിരുന്നു.ആയതിനാല്‍ അയര്‍ലണ്ടിലെ സംഘടന നേതാക്കള്‍ ഷോയിലോ കലാകാരന്മാരുടെ യാത്രാ പരിപാടിയിലോ ഇടപെട്ടിട്ടില്ലെന്ന് വ്യക്തമാണ്.

എങ്കിലും അയര്‍ലണ്ടിനെ അനാവശ്യമായി പരാമര്‍ശിച്ചത് വെറുതെ വിടേണ്ട ആവശ്യം അയര്‍ലണ്ടിലെ മലയാളികള്‍ക്കും ഉണ്ടായിരുന്നില്ല.പ്രത്യേകിച്ചും ഇവിടെ വരുന്ന എല്ലാ കലാകാരന്മാരും അയര്‍ലണ്ടിലെ സ്വീകരണത്തെ പറ്റി ഏറ്റവും മധുരമുള്ള ഓര്‍മ്മകള്‍ ഉള്ള അവസ്ഥയില്‍.

എങ്കിലും സംഭവം എന്താണെന്ന് അറിയാതെയാണ് പലരും ഇപ്പോഴത്തെ വിവാദത്തോട് പ്രതീകരിച്ചത് എന്നത് പ്രശ്‌നത്തിന്റെ രൂക്ഷത കൂട്ടി.എന്തായാലും വിവാദം അവസാനിപ്പിക്കുകയാണ് ഉചിതമായ തീരുമാനം.
അയര്‍ലണ്ടിലെ മലയാളികളോട് ഖേദം പ്രകടിപ്പിച്ച് ഒരു വാട്‌സ് ആപ് മെസേജും ഐറിഷ് മലയാളിയ്ക്ക് യൂസഫ് അയച്ചിട്ടുണ്ട് 

Scroll To Top