Friday December 09, 2016
Latest Updates

കൂട്ടായ്മയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ഉത്സവമാവുമ്പോള്‍ ..

കൂട്ടായ്മയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ഉത്സവമാവുമ്പോള്‍ ..

മലയാളത്തിന്റെ തിരുമുറ്റത്ത് ഒരു വിഷു കൂടി. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. വിളഞ്ഞ കണി വെള്ളരിയും നിറമേഴും വര്‍ണ്ണത്തുകില്‍ ചാര്‍ത്തി നില്‍ക്കുന്ന ഉണ്ണിക്കണ്ണനേയും കണ്‍മുന്നില്‍ കണ്ട് മലയാളികള്‍ പുതുവര്‍ഷത്തിലേക്കു കടക്കുമ്പോള്‍ കേരളത്തിന്റെ മാഞ്ഞു പോകുന്ന കാര്‍ഷിക സംസ്‌ക്കാരത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് വിഷു. 
മീനം രാശിയില്‍ നിന്ന് സൂര്യന്‍ മേടം രാശിയിലേക്ക് സഞ്ചാരപഥം മാറ്റുന്ന ദിനം സൂര്യന്റെ മറ്റൊരു ദക്ഷിണായനത്തിന് തുടക്കം കുറിക്കുന്നു. ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും കണികൊന്നകളാണ് ഇന്ന് മലയാളികളുടെ മനസില്‍ പൂത്തുലയുന്നത്.

മലയാളിയുടെ ഭാഷയും, വേഷവുമൊക്കെ മാറ്റങ്ങള്‍ക്കുവേണ്ടി മാറിക്കൊണ്ടിരിക്കുമ്പോള്‍ മാറാതെ നില്‍ക്കുന്നത് ഇത്തരം ചില ആഘോഷങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള ഒത്തുചേരലുകളുമാണ്. വേനലവധിക്കാലത്ത് കുട്ടികളുമൊത്ത് കുടുംബവീട്ടിലെ ഒത്തുചേരലുകള്‍ ചെറുതും വലുതുമായ ഗെറ്റ് ടുഗതറുകള്‍ക്ക് വഴിമാറിയെങ്കിലും, കൂട്ടായ്മയുടെ ഉത്സവം തന്നെയാണ് ഇന്നും വിഷു. 

എല്ലാ ആഘോഷങ്ങളേയും പോലെ വിഷുവിനും വാണിജ്യമൂല്യമേറുകയാണ് കേരളക്കരയില്‍. വാടാത്ത പ്ലാസ്റ്റിക് കൊന്നപ്പൂവിനും, വിഷം വിതറിപ്പഴുപ്പിച്ച മാമ്പഴവും, അയല്‍ സംസ്ഥാനക്കാരന്‍ സമ്മാനിക്കുന്ന പടക്കവുമൊക്കെയായി ഈ വിഷുവും കടന്നു പോകുന്‌പോള്‍ വാടുന്നത് തനിമ നിറഞ്ഞ ഒരാഘോഷകാലമാണ്. വാത്സല്യവും സ്‌നേഹവും നിറച്ച് കൈവെള്ളയില്‍ നിറയുന്ന വിഷുക്കൈനീട്ടത്തെക്കാള്‍ ഇന്ന് കുട്ടികള്‍ക്കു പ്രിയം വാട്‌സപ്പിലെയും, ഫേസ്ബുക്കിലെയും വിഷു ആശംസകളാണ്. 

കൃഷ്ണവിഗ്രഹവും കണിക്കൊന്നയും കളിവെള്ളരിയും വാല്‍ക്കണ്ണാടിയും ഗ്രന്ഥക്കെട്ടും പഴങ്ങളും പൊന്നും കോടിമുണ്ടും നാളികേരവുമെല്ലാമായി ഒരുക്കിയ വിഷുക്കണി കണ്ട് ഐശ്വര്യത്തിന്റെ നല്ല നാളുകളിലേക്ക് ശുഭപ്രതീക്ഷയോടെ കാല്‍വെക്കുന്ന എല്ലാ മലയാളികള്‍ക്കും ‘ഐറിഷ് മലയാളി’യുടെ വിഷു ആശംസകള്‍

Scroll To Top