Monday August 21, 2017
Latest Updates

പോരാ പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ …

പോരാ പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ …

ന്ന് ഇന്ത്യ ഒരു ജനാധിപത്യപരമാധികാര രാഷ്ട്രമാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നീരാളിക്കൈകളില്‍നിന്നും 1947 ആഗസ്റ്റ് 15ന്  നാം സ്വാതന്ത്യം നേടിയപ്പോള്‍ അത് അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയും നേടിയ അമൂല്യമായ സ്വാതന്ത്യമായിരുന്നു.എന്നാല്‍ ബ്രിട്ടീഷുകാരില്‍നിന്നുള്ള മോചനം രാഷ്ടീയമോചനം മാത്രമേ ആകുന്നുള്ളൂ.ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് തിരിച്ചറിഞ്ഞ ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്യം കേവലമൊരു രാഷ്ടീയ മോചനമായിരുന്നില്ല.അതിലുപരി അത് ഇന്ത്യയിലെ ഓരോ പൗരന്റെയും സ്വാതന്ത്യമായിരുന്നു.അതിന് സ്വന്തമായി ഒരു ഭരണഘടനയും, അതിനെ താങ്ങാന്‍പോന്ന നിയമസംഹിതയും ആവശ്യമായിരുന്നു.
live from Delhi…


ഏറ്റവും മൗലികവും എന്നാല്‍ സങ്കീര്‍ണ്ണവുമായ വൈവിധ്യങ്ങള്‍ ഉല്‍ക്കൊള്ളുന്ന ഭാരതരാഷ്ട്രത്തെ ഇന്ന് നാം കാണുന്ന സ്വതന്ത്യ പരമാധികാര ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാക്കാന്‍ വി. ആര്‍. അംബേദ്ക്കറിനേപ്പോലെ കര്‍ത്തവ്യബോധവും ദീര്‍ഘവീക്ഷണവുമുള്ള മഹാന്മാര്‍ വഹിച്ച പങ്ക് അവിസ്മരണീയമാണ്. ഒടുവില്‍ 1950 ജനുവരി 26 ന് ജനാധിപത്യലോകം കണ്ട ഏറ്റവും ശക്തവും വിപുലവുമായ ഇന്ത്യന്‍ ഭരണഘടന WE, THE PEOPLE OF INDIA എന്ന ആമുഖത്തോടെ നിലവില്‍ വന്നു. 

ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും പ്രധാനം ചെയ്യുന്ന ഏറ്റവും വലിയ സ്വാതന്ത്യം ജനാധിപത്യമാണ്. ഇവിടെ പരമാധികാരം ജനങ്ങള്‍ക്കാണ്. ജനാധിപത്യം കഴിഞ്ഞാല്‍ മതേതരത്വം. ഇന്ത്യയിലെ ഓരോ പൗരനും താന്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും, ജീവിക്കാനും, പ്രചരിപ്പിക്കാനും സ്വാതന്ത്യമുണ്ട്. ജാതി,മത,വര്‍ഗ്ഗ,വര്‍ണ്ണ വിവേചനമില്ലാതെ എല്ലാവര്‍ക്കും ജീവിതത്തിനാവശ്യമായത് സ്വന്തമാക്കാന്‍ സ്വാതന്ത്യം നല്‍കുന്ന സോഷ്യലിസമാണടുത്തത്. റിപ്പബ്ലിക്കന്‍ ഘടന ഓരോ ഇന്ത്യന്‍ പൗരന്റേയും സ്വാതന്ത്യമാണ്. 

നാനാജാതിമതസ്തരായ എല്ലാ വിഭാഗക്കാര്‍ക്കും, സംസ്‌ക്കാരങ്ങള്‍ക്കും, ഭാക്ഷകള്‍ക്കും അര്‍ഹിക്കുന്ന പ്രാതിനിധ്യം നല്‍കുന്നു എന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷത. കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞ് സമയത്തിനും കാലത്തിനും അനുസൃതമായി മാറാനും പൊരുത്തപ്പെടാനും വഴങ്ങിക്കൊടുക്കുന്ന ഒരു ഭരണഘടനയാണ് നമ്മുടേത്.
സ്വാതന്ത്യത്തിനും റിപ്പബ്ലിക്കിനുംശേഷം പിന്നീടങ്ങോട്ടുള്ള നാളുകളില്‍ വികസനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച നാം ഹൈടെക് യുഗത്തില്‍ എത്തിനില്‍ക്കുന്നു. ലോകത്ത് ഇന്ന് ഏതൊരു മേഖലയിലും ഭാരതത്തിന് സ്വന്തമായൊരിടമുണ്ട്. മനുഷ്യകുലത്തിന്റെ ജാതകത്തില്‍ ഉഗ്രപ്രതീക്ഷകളുണര്‍ത്തുന്ന നിരവധി സാധ്യതകളും, പേടിപ്പെടുത്തുന്ന അനവധി വെല്ലുവിളികളും ഇന്ത്യന്‍ ജനത ലോകചരിത്രത്തില്‍ കോറിയിട്ടുകൊണ്ടിരിക്കുന്നു. ഉയര്‍ച്ചയില്‍നിന്ന് ഉയര്‍ച്ചയിലേയ്ക്ക് കുതിക്കുമ്പോഴും ഇന്നും ഇന്ത്യയുടെ ആത്മാവ് കിതയ്ക്കുന്നു,

സ്വാതന്ത്യപ്രാപ്തിക്ക് മുംബെന്നപോലെ കണ്ണീര്‍പൊഴിക്കുന്നു…
യഥാര്‍ഥ സ്വാതന്ത്യത്തിനുവേണ്ടി…, മതസൗഹാര്‍ദ്ദത്തിനുവേണ്ടി…,
വര്‍ഗീയവിരുദ്ധനിലപാടുകള്‍ക്കു വേണ്ടി 

ഒന്ന് മറക്കാതിരിക്കാം. ഇന്ത്യ ജനാധിപത്യത്തിന്റെ നാടാണ്. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ മുഖമുദ്ര. മുനിവര്യരുടെ ഭാരതം എന്റെ രാഷ്ട്രമാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഇവിടെ ഹൈന്ദവനോ, മുസല്‍മാനോ, ക്രിസ്ത്യാനിയോ അല്ല വലുത്… മറിച്ച് എന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഭാരതമെന്ന വികാരമാണ്. എന്റെ മജ്ജകളില്‍ കുടികൊള്ളുന്ന ഭാരതമെന്ന ഉയര്‍ന്ന സങ്കല്‍പമാണ് ജനകോടികള്‍ക്കിടയിലെന്റെ സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടാന്‍ എന്റെ പ്രചോദനം.
ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ആര്‍ഷഭാരതസംസ്‌കാരത്തിന്റെ വക്താക്കളായിത്തിരാന്‍ നമുക്കോരോരുത്തര്‍ക്കുമാവട്ടെ എന്നാശംസിക്കുന്നു.ഐറിഷ് മലയാളിയുടെ എല്ലാ വായനക്കാര്‍ക്കും ഹൃദ്യമായ റിപ്പബ്ലിക് ദിനാശംസകള്‍ അര്‍പ്പിക്കുന്നു.

അഹിംസയില്‍ അധിഷ്ടിതമായ പുതിയൊരിന്ത്യ കെട്ടിപ്പെടുക്കാന്‍ നമുക്കൊന്നായി യത്‌നിക്കാം. രാജ്യത്തിനായി ജീവന്‍ ത്യജിച്ച ധീരദേശാഭിമാനികള്‍ക്ക് നമുക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാം.. 
വന്ദേ മാതരം.
ജയ് ഹിന്ദ്.

Scroll To Top