Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ കത്തോലിക്കാസഭയുടെ സ്‌കൂളുകള്‍ സര്‍ക്കാരിന് കൈമാറാന്‍ നിര്‍ദ്ദേശം

അയര്‍ലണ്ടിലെ കത്തോലിക്കാസഭയുടെ സ്‌കൂളുകള്‍ സര്‍ക്കാരിന് കൈമാറാന്‍ നിര്‍ദ്ദേശം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള മാനേജ്‌മെന്റ് സ്‌കൂളുകള്‍ സര്‍ക്കാരിന് കൈമാറാന്‍ നിര്‍ദ്ദേശം.കത്തോലിക്ക സ്‌കൂളുകളില്‍ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഐറിഷ് കത്തോലിക്ക സ്‌കൂളുകളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പഠനാവസരം നല്‍കാത്തതിനെതിരെ ഐക്യരാഷ്ട്ര സഭ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു.നിലവില്‍ രാജ്യത്തെ 90% സ്‌കൂളുകളും കത്തോലിക്കാ മാനേജ്‌മെന്റിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 

പ്രശ്‌നം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഐറിഷ് സര്‍ക്കാര്‍ സ്‌കൂള്‍ ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടു വന്നത്. ഏറ്റെടുക്കല്‍ നടപടിയുമായി സഹകരിക്കാത്ത സ്‌കൂളുകളുടെ ഫണ്ടിംഗ് നിര്‍ത്തലാക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 

നേരത്തെ റൂറി ക്വിന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് തന്നെ കത്തോലിക്ക സഭയുടെ സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ നീക്കം നടന്നിരുന്നു. കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള 3100 സ്‌കൂളുകളില്‍ പകുതിയോളം സ്‌കൂളുകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കാനാണ് റുവാരി ക്വിന്‍ ശ്രമിച്ചത്. എന്നാല്‍ ഇതുവരെ സഭയുടെ സ്‌കൂളുകളൊന്നും സര്‍ക്കാരിന് കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല.

ചര്‍ച്ച് ഓഫ് അയര്‍ലണ്ടിന്റെ മാനേജ്‌മെന്റുകള്‍ അവരുടെ പരിമിതമായ സ്‌കൂളുകള്‍ മുന്‍ നിര്‍ദേശം അനുസരിച്ചു സര്‍ക്കാരിന് വിട്ടുകൊടുത്തിരുന്നു.എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച ഐറിഷ് കത്തോലിക്കാ സഭ ഏതിര്‍വാദമുഖങ്ങള്‍ ഉയര്‍ത്തി ഇപ്പോഴും രംഗത്തുണ്ട്.

Scroll To Top