Tuesday December 06, 2016
Latest Updates

ഡബ്ലിനിലെ ഗിന്നസ് സ്റ്റോര്‍ ലോക നിലവാരത്തിലേയ്ക്ക് 

ഡബ്ലിനിലെ ഗിന്നസ് സ്റ്റോര്‍ ലോക നിലവാരത്തിലേയ്ക്ക് 

ഡബ്ലിന്‍:ഡബ്ലിനില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കണം എന്ന് യാത്രാ വിശാരദര്‍ പറയുന്ന രണ്ടു സ്ഥലങ്ങളാണ് ഉള്ളത്. ഒന്ന് ട്രിനിറ്റി കോളജില്‍ സൂക്ഷിച്ചിരിക്കുന്ന ബുക്ക് ഓഫ് കെല്‍സാണ്.ബൈബിളിന്റെ ഏറ്റവും പുരാതനമായ ഒരു പതിപ്പാണത്.

രണ്ടാമത് ഡബ്ലിനിലെ ഗിന്നസ് സ്റ്റോര്‍ ഹൗസാണ് ആ ഗണത്തില്‍ പെടുത്തിയിരിക്കുന്നത്.ഗിന്നസ് സ്റ്റോര്‍ സന്ദര്‍ശിക്കാത്തവര്‍ ഡബ്ലിന്‍ സന്ദര്‍ശിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടി വരുമെന്ന് ചില വിരുതന്‍മാര്‍ പറഞ്ഞു വെച്ചിട്ടുമുണ്ട്.ഗിന്നസിന്റെ ചരിത്രവും രുചി ഭേദങ്ങളും വിവരിക്കുന്ന ഈ സന്ദര്‍ശനം അവിസ്മരണീയമാണെന്നാണ് ഗിന്നസിനെ സ്‌നേഹിക്കുന്നവരുടെ അഭിപ്രായം.രണ്ടു മുതിര്‍ന്നവരും 4 കുട്ടികളും അടങ്ങിയ ഫാമിലിയ്ക്ക് 42 യൂറോയും മുതിര്‍ന്ന ഒരാള്‍ക്ക് 18 യൂറോയുമാണ് ടിക്കറ്റ്. 

ഇപ്പോഴിതാ യാത്രാമേഖലയിലെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന വേള്‍സ് ട്രാവല്‍ അവാര്‍ഡിന്റെ ഈ വര്‍ഷത്തെ പട്ടികയില്‍ ഗിന്നസ് സ്റ്റോര്‍ ഹൗസിന്റെ പേരും മുന്‍പന്തിയില്‍ ഉണ്ടെന്ന വാര്‍ത്തകള്‍..

യൂറോപ്പിലെ ടൂറിസ്റ്റ് ശ്രദ്ധാകേന്ദ്രങ്ങള്‍ എന്ന വിഭാഗത്തിലാണു നാമനിര്‍ദേശം ലഭിച്ചിരിക്കുന്നത്. അവാര്‍ഡ് പട്ടികയില്‍ പരിഗണിച്ചതില്‍ അതീവസന്തോഷമുണ്ടെന്ന് ഗിന്നസ് സ്റ്റോര്‍ ഹൗസ് ഡയറക്ടര്‍ പോള്‍ കാര്‍ട്ടിപ്രതികരിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഈഫല്‍ ടവറും അക്രോപോളിസും കരസ്ഥമാക്കിയ സ്ഥാനങ്ങളില്‍ അവയോടൊപ്പം മല്‍സരിക്കാന്‍ ഇത്തവണ യോഗ്യത നേടിയതില്‍ സ്റ്റോര്‍ഹൗസ് ടീമിനു അഭിമാനിക്കാമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

അക്രോപോളിസ്, ആതന്‍സ്, ബക്കിങ് ഹാം പാലസ്, ഇംഗ്ലണ്ട്, സ്‌പെയ്ന്‍, പോര്‍ചുഗല്‍, ഈഫല്‍ ടവര്‍,ഇറ്റലി, റോമന്‍ കോളോസ്സിയം,റിബൈര ഡോ പോര്‍ട്ടൊ, എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു ശ്രദ്ധാകേന്ദ്രങ്ങള്‍. സെപ്റ്റ്ംബര്‍ മാസം അഞ്ചാം തീയതി സാര്‍ഡിനയിലെ ഫോര്ട്ട് വില്ലേജില്‍ വെച്ചാണു സമ്മാന ദാനചടങ്ങ് നടക്കുന്നത്. വോട്ടിംഗിലൂടെ വിജയിക്കുന്നവരുടെ വിവരങ്ങള്‍ വൈകാതെ മാധ്യമങ്ങളിലൂടെ പുറത്ത് വിടും.ഉപയോഗിക്കുന്നവരൊക്കെ വോട്ടു ചെയ്യുകയാണെങ്കില്‍ ഗിന്നസിന് ഒന്നാം സ്ഥാനത്തെത്തും എന്ന പ്രതീക്ഷയിലാണ് ഗിന്നസ് സ്റ്റോറിന്റെ അഭ്യൂദയാകാംഷികള്‍ 

Scroll To Top