Tuesday March 28, 2017
Latest Updates

ലിമെറിക്ക് വളരുന്നു,അയര്‍ലണ്ടിലെ രണ്ടാമത്തെ നഗരമാകാന്‍…അതിവേഗത്തില്‍ !

ലിമെറിക്ക് വളരുന്നു,അയര്‍ലണ്ടിലെ രണ്ടാമത്തെ നഗരമാകാന്‍…അതിവേഗത്തില്‍ !

ലീമെറിക്ക്: ഡബ്ലിനു പുറകില്‍ അയര്‍ലണ്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാകാനുള്ളത്ര കരുത്തോടെ ലിമറിക്ക് വളരുന്നു.ഒരു കാലത്ത് തൊഴില്‍ ലഭ്യത പോലും അന്യമായിരുന്ന മേഖലയിലെ തൊഴിലില്ലായ്മ പൂര്‍ണ്ണമായും തുടച്ചുമാറ്റാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മുന്‍പത്തെക്കാള്‍ നഗരം ഏറെ മെച്ചപ്പെടുവെന്നാണ് ലിമറിക്കിലെ ബിസിനസുകാരനായ ഡേവിഡ് ജെഫ്രിസ് പറയുന്നത്. ആക്ഷന്‍ പോയിന്റ് എന്ന പേരില്‍ ഇവിടെ ടെക്ക് കമ്പനി നടത്തുകയാണ് അദ്ദേഹം.

കൂടുതല്‍ പുതിയ കമ്പനികള്‍ ലിമറിക്കില്‍ സ്ഥാപിക്കപ്പെടുകയാണ്. നിരവധി പേര്‍, പ്രത്യേകിച്ച് യുവാക്കള്‍ ജോലി തേടി നഗരത്തിലെത്തുന്നതിനോടൊപ്പം തൊഴിലില്ലായ്മ പടിപടിയായി കുറയുകയാണ്. കൂടാതെ ഡബ്ലിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ വീടുകളുടെ വില കുറവുമാണ്. ത്രീ ബെഡ്റൂം വീടിന് ശരാശരി 100,000 യൂറോയ്ക്കും 200,000 യൂറോയ്ക്കും ഇടയിലാണ് ലിമറിക്കില്‍ വില. മാത്രമല്ല മറ്റ് സമീപനഗരങ്ങളായ ടിപ്പററി, ക്ലെയര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രയും എളുപ്പമാണ്.

രാജ്യത്തിന്റെ ജനസംഖ്യ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് അയര്‍ലണ്ടിലെ വലിയ നഗരങ്ങളില്‍ അടുത്ത 25 വര്‍ഷത്തിനിടെ കൂടുതല്‍ വികസനം നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുകയാണ്. ഇതില്‍ ലിമറിക്കിന് പ്രത്യേക സ്ഥാനം ലഭിക്കുമെന്നാണ് കരുതുന്നത്.

ഒട്ടേറെ ഐടി,ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ താമസിയാതെ ലീമെറിക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഒരു പടി കൂടി ഉയര്‍ന്ന് വന്‍ വ്യവസായ സ്ഥാപങ്ങളിലൂടെ എണ്ണത്തിലും ലീമെറിക്ക് ഡബ്ലിന് തൊട്ടുപിന്നിലെത്തും.

ലിമറിക്ക് പബ്ലിക് ട്രാന്‍സ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഇപ്പോഴും ഏറെ പുറകിലാണെന്നാണ് ഡബ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് ടെക്നോളജിയിലെ ഹൗസിങ് സ്റ്റഡീസ് ലക്ചററായ ലോര്‍കന്‍ സിര്‍ പറയുന്നത്. ഇത് വികസിപ്പിക്കുന്നത് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ സഹായിക്കും.

ഷാനണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ സാമീപ്യമാണ് ലിമറിക്കിനെ ആകര്‍ഷകമാക്കുന്ന മറ്റൊരു കാര്യം. ഗതാഗതക്കുരുക്കുകളില്ലാതെ ശാന്തമായി ജീവിക്കാവുന്ന ഇടവുമാണ് ലിമറിക്ക്. ഗോള്‍വേയേയും ലിമറിക്കിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മോട്ടോര്‍വേ അടുത്ത വര്‍ഷം തുറക്കാനിരിക്കുകയുമാണ്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top