Sunday January 22, 2017
Latest Updates

ഇന്ത്യയുടെ വളര്‍ച്ച അതിവേഗം;ചൈനയെ മറികടക്കുമെന്ന് ലോകബാങ്ക് 

ഇന്ത്യയുടെ വളര്‍ച്ച അതിവേഗം;ചൈനയെ മറികടക്കുമെന്ന് ലോകബാങ്ക് 

ന്യൂഡല്‍ഹി:അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യ വന്‍ വളര്‍ച്ച നേടുന്നുവെന്ന് ലോക ബാങ്ക് കണ്ടെത്തല്‍. ഇന്ത്യ സാമ്പത്തിക വളര്‍ച്ചയില്‍ ഉടന്‍ ചൈനയെ മറികടക്കുമെന്നാണ് ലോക ബാങ്ക് പ്രവചിക്കുന്നത്.ലോകത്തിലെ ഏറ്റവും വേഗതയുള്ള സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ഓടെ ഇന്ത്യ ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് ലോക ബാങ്കിന്റെ ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്ട്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചൊവ്വാഴ്ച്ചയാണ് ലോകബാങ്ക് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഇന്ത്യയില്‍ ശക്തമായ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സ്ഥിതിക്ക് നിക്ഷേപകര്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസം വര്‍ദ്ധിക്കുമെന്നും ഈ സാമ്പത്തിക വര്‍ഷം തന്നെ 6.4 ശതമാനം വളര്‍ച്ചയിലേക്ക് ഇന്ത്യ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ആഗോള തലത്തിലുള്ള സാമ്പത്തിക വളര്‍ച്ചയുടെ തോത് ലോക ബാങ്ക് പുതുക്കി നിശ്ചയിച്ചു. മുന്‍പ് 3.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ലോകബാങ്ക് പ്രവചനമെങ്കിലും ഇപ്പോള്‍ അത് മൂന്ന് ശതമാനമെന്നാണ് ലോക ബാങ്ക് പറയുന്നത്.

യൂറോപ്പിലെയും ജപ്പാനിലെയും ചൈനയിലെയും സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാത്തതാണ് ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയായത്. അമേരിക്കയും ബ്രിട്ടണും മാത്രമാണ് നിലവില്‍ ശക്തമായ സാമ്പത്തിക വളര്‍ച്ച കാണിക്കുന്നത്. അതില്‍ തന്നെ അമേരിക്കയാണ് ഏറ്റവും ശക്തമായ നിലയില്‍ നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഒരു വര്‍ഷത്തില്‍ രണ്ട് തവണയാണ് ലോക ബാങ്ക് ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്ട്‌സ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്. കഴിഞ്ഞ ജൂണില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലായിരുന്നു ആഗോള സാമ്പത്തിക വളര്‍ച്ച 3.4 ശതമാനത്തില്‍ എത്തുമെന്ന പ്രവചനമുണ്ടായിരുന്നത്.

Scroll To Top