Thursday December 08, 2016
Latest Updates

ലോകം പച്ച പുതയ്ക്കുന്നു,ഇന്ത്യയും പങ്കു ചേരും

ലോകം പച്ച പുതയ്ക്കുന്നു,ഇന്ത്യയും പങ്കു ചേരും

അയര്‍ലണ്ട് ദേശീയ ദിനമായ സെന്റ് പാട്രിക്‌സ് ഡേയോട് അനുബന്ധിച്ച് ലോകത്തെ 200 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പച്ച നിറം പുതയ്ക്കും. ടൂറിസം അയര്‍ലണ്ടിന്റെ ‘ഗ്ലോബല്‍ ഗ്രീനിങ് ഇനിഷ്യേറ്റിവു’മായി കൈകോര്‍ത്താണ് റോമിലെ കൊളോസിയം, പിസയിലെ ചരിഞ്ഞ ഗോപുരം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ താജ്മഹലും മുംബൈ ഗേറ്റുമടക്കം സെന്റ് പാട്രിക് ഡേയുടെ ഭാഗമാവാന്‍ പോകുന്നത്.ഐറിഷ് മന്ത്രി ബ്രണ്ടന്‍ ഹൌളിന്‍ ഇന്ത്യയിലെ ആഘോഷങ്ങളില്‍ പങ്കെടുക്കും

പ്രശസ്തമായ ബോസ്റ്റണ്‍ റെഡ് സോക്‌സ് ബേസ്‌ബോള്‍ ടീം പച്ച ജഴ്‌സിലാകും പരിശീലനത്തിനിറങ്ങുക. യൂറോപ്പിനു പുറമെ കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം, ദുബായ് ബുര്‍ജ് അല്‍ അറബ് ഹോട്ടല്‍, ബ്രസീലിലെ ക്രൈസ്റ്റ് ദി റഡീമര്‍ പ്രതിമ എന്നിവയും ഗ്ലോബല്‍ ഗ്രീനിങ് ഇനിഷ്യേറ്റിവില്‍ പങ്കാളികളാകും.

ഗ്ലോബല്‍ ഗ്രീനിങ് ഇനിഷ്യേറ്റിവ് നിലവില്‍ വന്നതിന്റെ ഏഴാമത് വര്‍ഷമാണ് ഇത്.

ലോകമെമ്പാടും ഏറ്റെടുത്തിരിക്കുന്ന ആഘോഷങ്ങള്‍ വളരെ കുറവാണ്. എന്നാല്‍ അത്തരത്തില്‍ ഒരു ആഘോഷമാണ് സെന്റ് പാട്രിക് ഡേ. നാടിനെയും സ്മാരകങ്ങളെയും അത്ഭുതങ്ങളെയും പച്ച പുതപ്പിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത് ആഘോഷിക്കപ്പെടുകയാണ്.

സെന്റ് പാട്രിക് ഡേ ആഘോഷിക്കുന്ന എല്ലാവരും അല്‍പ്പമൊക്കെ ഐറിഷ് രീതികള്‍ പിന്തുടരണമെന്നാണ് സംഘാടകര്‍ അഭിപ്രായപ്പെടുന്നത്. ഏറ്റവും പ്രധാനമായി അയര്‍ലണ്ടിന്റെ ദേശീയ നിറമായ പച്ച തന്നെ നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷത്തിലാണ് സെന്റ് പാട്രിക് ഡേ ആഘോഷിക്കപ്പെടുക.

ഈജിപ്തിലെ ഗിസ പിരമിഡും വെല്‍കം ടു ലാസ് വേഗാസ് സൈനും സൗത്ത് ആഫ്രിക്കയിലെ ടേബിള്‍ മൗണ്ടേനും എല്ലാം തന്നെ പച്ച പുതച്ചുകൊണ്ട് സെന്റ് പാട്രിക് ദിനം കൊണ്ടാടും.

മാതൃരാജ്യമായ അയര്‍ലണ്ടിലെയും ഒട്ടേറെ ചരിത്ര സ്മാരകങ്ങളും കെട്ടിടങ്ങളും പച്ച പുതച്ചു തയ്യാറായിരിക്കുകയാണ്. സര്‍ക്കാര്‍ കെട്ടിടങ്ങളും നാലു കോടതികളും കണ്‍വെന്‍ഷന്‍ സെന്ററുകളും ഒക്കെ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ് സംഘാടകര്‍.

ചിക്കാഗോയിലെ ആളുകള്‍ തങ്ങളുടെ നദിയെ തന്നെ പച്ചപുതപ്പിച്ചുകൊണ്ടാണ് സെന്റ് പാട്രിക് ദിന ആഘോഷങ്ങളെ സ്വീകരിച്ചിരിക്കുന്നത്. ലിത്വാനിയയിലെ വില്‍നിയസ് സ്വദേശത്തുള്ള വില്‍നിലെ നദിയെയും ആഘോഷത്തിന്റെ ഭാഗമായി പച്ച അണിയിച്ചിരിക്കുകയാണ്.

ലണ്ടന്‍ നഗരത്തിലെ തെരുവുകള്‍ പച്ച നിറങ്ങള്‍കൊണ്ട് പല വിധത്തിലും അലങ്കരിക്കപ്പെട്ടു കഴിഞ്ഞു.ലണ്ടനിലെ ആബേ റോഡിലുള്ള സീബ്ര ലൈനുകള്‍ വരെ പച്ച നിറത്തിലാക്കി മാറ്റിയിരുന്നു.

ടോക്കിയോവില്‍ ആളുകള്‍ ഐറിഷ് ഇന്‍സ്ട്രുമെന്റ്‌സിന്റെ മേളക്കൊഴുപ്പോടെയാണ് പരേഡ് നടത്തിയത്.

ആയിരങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പരേഡുകളിലൊക്കെയും പങ്കെടുത്തത്. പല സ്ഥലങ്ങളിലും പച്ചത്തൊപ്പിയും പച്ചയുടുപ്പും ധരിച്ച് ആളുകള്‍ പരേഡ് കാണുന്നതിനായും നിരന്നിരുന്നു. ചിലര്‍ തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെയും പച്ചയുടുപ്പിച്ചുകൊണ്ട് പരേഡിനായി എത്തുകയും ചെയ്തു. ആഘോഷങ്ങള്‍ ഇപ്പോഴും കൊഴുത്തുകൊണ്ടിരിക്കുകയാണ്.

Scroll To Top