Wednesday September 20, 2017
Latest Updates

ഗ്രീസില്‍ കുടുങ്ങിയ ഐറിഷ് ടൂറിസ്റ്റുകള്‍ക്ക് യൂറോ എത്തിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍,ബാര്‍ട്ടര്‍ സിസ്റ്റത്തിലേയ്ക്ക് ഗ്രീക്ക് ഗ്രാമങ്ങള്‍,വിട്ടു വീഴ്ച്ചയില്ലാതെ അലക്‌സിസ് സിപ്രാസ് 

ഗ്രീസില്‍ കുടുങ്ങിയ ഐറിഷ് ടൂറിസ്റ്റുകള്‍ക്ക് യൂറോ എത്തിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍,ബാര്‍ട്ടര്‍ സിസ്റ്റത്തിലേയ്ക്ക് ഗ്രീക്ക് ഗ്രാമങ്ങള്‍,വിട്ടു വീഴ്ച്ചയില്ലാതെ അലക്‌സിസ് സിപ്രാസ് 

ഡബ്ലിന്‍:ഏതന്‌സിലും ഗ്രീസിന്റെ പല ഭാഗങ്ങളിലുമായി എ ടി എമ്മില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ യൂറോ ലഭ്യമാവാത്ത മുഴുവന്‍ ഐറിഷ് ടൂറിസ്റ്റുകള്‍ക്കും ആവശ്യമാണെങ്കില്‍ യൂറോ വിമാനമാര്‍ഗേ എത്തിച്ചു നല്‍കുമെന്ന് ഐറിഷ് വിദേശ കാര്യ വകുപ്പ്.ഗ്രീസില്‍ കഴിഞ്ഞ പത്തു ദിവസമായി അടഞ്ഞു കിടക്കുന്ന ബാങ്കുകള്‍ ഈയാഴ്ചയും തുറക്കില്ല എന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

ഗ്രീസിലെ സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥ കൂടുതല്‍ ആശങ്കാകരമായ അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്.പണം ബാങ്കുകളില്‍ ഉണ്ടാവില്ല എന്നറിഞ്ഞതോടെ പഴയ കാലത്തെ പണ വിനിമയ സംവിധാനമായ ബാര്‍ട്ടര്‍ സിസ്റ്റം ചിലയിടങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട് എന്നും വാര്‍ത്തകളുണ്ട്.

ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ പല ചരക്ക് സാധനങ്ങള്‍ക്ക് പകരം വീട്ടുപകരണങ്ങളും,വളര്‍ത്തു മൃഗങ്ങളും കൈമാറ്റം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.ജനങ്ങളെ സഹായിക്കുന്നതിനായി ചില ഗ്രാമ സമിതികളും മുന്നോട്ടു വന്നിട്ടുണ്ട്.

ഗ്രീസിലെ സര്‍ക്കാരിന്റെ നീക്കങ്ങളെ റഫറണ്ട വിജയത്തിന് ശേഷം വീണ്ടും പിന്തുണ വര്‍ദ്ധിക്കുന്നതായി സൂചനകളുണ്ട്.പ്രധാന പ്രതിപക്ഷ നേതാക്കളില്‍ ചിലര്‍ പോലും സര്‍ക്കാരിന് പിന്തുണ നല്കി പരസ്യമായി രംഗത്തിറങ്ങി.

അതേ സമയം ഇന്നലെ ബ്രസല്‍സില്‍ നടന്ന യൂറോപ്യന്‍ നേതാക്കളുടെ സമ്മേളനത്തില്‍ കാര്യമായ തീരുമാനങ്ങള്‍ ഒന്നും ഉണ്ടായില്ല.ഞായറാഴ്ച വീണ്ടും വിപുലമായ യോഗം വിളിയ്ക്കാന്‍ തീരുമാനിച്ചു യോഗം പിരിയുകയായിരുന്നു.

ഇന്നലെ രാവിലെ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഗ്രീക്ക് പ്രധാനമന്ത്രി പുതിയ നിര്‍ദേശങ്ങളുമായി വരുമെന്ന് പ്രതീക്ഷിച്ചു കാത്തിരുന്ന യൂറോപ്യന്‍ നേതാക്കള്‍ക്ക് മുമ്പിലേയ്ക്ക് ഒരു തുണ്ട് കടലാസ് പോലും ഇല്ലാതെ കൈയ്യും വീശിയാണ് അലക്‌സിസ് സിപ്രാസ് കടന്നു വന്നത്.ഹിത പരിശോധനയ്ക്ക് മുമ്പ് ഗ്രീസ് വ്യക്തമാക്കിയിരുന്ന നിലപാടുകള്‍ ഒന്ന് കൂടി ആവര്‍ത്തിച്ച അദ്ദേഹത്തിന്റെ നിലപാട് യൂറോപ്യന്‍ പ്രതിനിധികളെ ക്ഷുഭിതരാക്കിയെന്നു ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോ റെന്‍സി പിന്നിട് പത്രപ്രവര്‍ത്തകരോട് പറയുകയും ചെയ്തു.

ഹിത പരിശോധനയുടെ ഫലം ഔദ്യോഗികമായി സിപ്രാസ് യൂറോപ്യന്‍ നേതാക്കളെ അറിയിക്കുകയും ചെയ്തു.എന്നാല്‍ തന്റെ രാജ്യത്തെ ബാങ്കുകള്‍ പണം ഇല്ലാത്ത അവസ്ഥ യൂറോപ്പ് ഉണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും സിപ്രാസ് പറഞ്ഞു.

യൂറോ സോണ്‍ നേതാക്കളാവട്ടെ സിപ്രസിന്റെ പ്രസംഗത്തെ തുടര്‍ന്ന് ഞായറാഴ്ചയോടെ എഴുതി തയാറാക്കിയ പുതിയ നിര്‍ദേശങ്ങളോടെ യോഗത്തില്‍ വരണമെന്ന് അഭ്യര്‍ഥിച്ചു.തന്റെ രാജ്യത്തെ നേതാക്കളോട് ചര്‍ച്ച ചെയ്ത് പുതിയ പ്ലാനുകള്‍ സമര്‍പ്പിക്കാമെന്ന് സിപ്രാസ് സമ്മതിച്ചതോടെ ഇന്നലത്തെ ഉച്ചകോടി സമാപിക്കുകയായിരുന്നു.

എന്നാല്‍ നിലപാടുകളില്‍ മാറ്റം ഉണ്ടാവില്ലെന്ന് ഗ്രീക്ക് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.യൂറോസോണിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നതിനേക്കാള്‍ പഴയ നാണയത്തിലേയ്ക്ക് തിരിച്ചു പോകാനാണ് ഗ്രീസ് ആഗ്രഹിക്കുന്നത്. 

Scroll To Top