Thursday December 08, 2016
Latest Updates

ഗ്രീസില്‍ ഭരണ പ്രതിസന്ധി:പ്രധാനമന്ത്രി അലക്‌സി സിപ്രാസ് രാജിവെച്ചു,പുതിയ തിരഞ്ഞെടുപ്പിന് ശിപാര്‍ശ 

ഗ്രീസില്‍ ഭരണ പ്രതിസന്ധി:പ്രധാനമന്ത്രി അലക്‌സി സിപ്രാസ് രാജിവെച്ചു,പുതിയ തിരഞ്ഞെടുപ്പിന് ശിപാര്‍ശ 

ഏഥന്‍സ്: ഗ്രീസിലെ ഇടതു പക്ഷ വസന്തത്തിന് ഇടവേള നല്‍കി പ്രധാനമന്ത്രി അലക്‌സി സിപ്രാസ് രാജിവെച്ചു. കടാശ്വാസ പദ്ധതി അംഗീകരിച്ചതിനെ ചൊല്ലി പാര്‍ട്ടിക്കുള്ളിലെ ഭിന്നതയെ തുടര്‍ന്നാണ് രാജി. ഇടക്കാല തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും അദ്ദേഹം ശിപാര്‍ശ ചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് സിപ്രാസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ പാര്‍ട്ടിയായ സൈറിസ ഗ്രീക്കില്‍ അധികാരത്തിലെത്തിയത്. അടുത്ത മാസം 20നകം തന്നെ ഇടക്കാല തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് സൂചന.

യൂറോപ്യന്‍ യൂണിയനുമായി മൂന്നാമത്തെ കടാശ്വാസ പദ്ധതി അംഗീകരിച്ചിരിക്കെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് സര്‍ക്കാര്‍ പിരിച്ചുവിട്ട് ജനവിധി തേടേണ്ടതുണ്ടെന്ന് സിപ്രാസ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായി വീണ്ടും കടാശ്വാസ പദ്ധതിയില്‍ ഏര്‍പ്പെടുന്നതിനെ സൈറിസ പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു.

ഗ്രീസിനെ യൂറോസോണില്‍ തന്നെ നിലനിര്‍ത്താന്‍ കടാശ്വാസ പദ്ധതി അംഗീകരിക്കുന്നതിനായി പെന്‍ഷന്‍ പരിഷ്‌ക്കരണമടക്കം നിരവധി പദ്ധതികള്‍ വെട്ടിച്ചുരുക്കേണ്ടി വന്നിരുന്നു. കടാശ്വാസ പദ്ധതി യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചതിന് പിന്നാലെ ഇന്ന് ഗ്രീസിന് 14.5 ബില്യണ്‍ ഡോളറിന്റെ (13 ബില്യണ്‍ യൂറോ) ആദ്യ ഗഡു ലഭിച്ചിരുന്നു. ഇതില്‍ നിന്നും 3.2 ബില്യണ്‍ യൂറോ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് അടക്കേണ്ടതുണ്ട്. മൊത്തം 86 ബില്യണ്‍ യൂറോയുടെ കടാശ്വാസ പദ്ധതിയ്ക്കാണ് ധാരണ.

ജനുവരി 25ലെ ജനവിധിയുടെ കാലാവധി കഴിഞ്ഞതായും ഇനിയെന്ത് വേണമെന്ന് ഗ്രീക്കിലെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാമെന്നും ടിവിയിലൂടെ നടത്തിയ രാജിപ്രഖ്യാപനത്തില്‍ സിപ്രാസ് പറഞ്ഞു. തന്റെ സര്‍ക്കാരിന്റെ പദ്ധതി തുടര്‍ച്ചയ്ക്കായി വീണ്ടും ജനവിധി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് പ്രകോപിസ് പാവ്‌ലോപൗലോസിന് അദ്ദേഹം രാജിക്കത്ത് കൈമാറി.

ഗ്രീസിനെ പാപ്പരാക്കിയ കടാശ്വാസ പദ്ധതികള്‍ക്കെതിരെയും യൂറോസോണിനെതിരെയും ശക്തമായ നിലപാടുകളുമായാണ് സിപ്രാസ് അധികാരത്തിലേറിയത്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സിപ്രാസിന് ഇതില്‍ മൃദു സമീപനം സ്വീകരിക്കേണ്ടി വന്നു. മൂന്നാം കടാശ്വാസ പദ്ധതിയും അംഗീകരിച്ചതോടെ നികുതി ഉയര്‍ത്തുക, ചെലവ് ചുരുക്കുക തുടങ്ങിയ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ട അവസ്ഥയായി. സൈറിസയിലെ തന്നെ തീവ്ര ഇടതുപക്ഷ ചിന്താഗതി പുലര്‍ത്തുന്ന അംഗങ്ങള്‍ ഇതിനെ എതിര്‍ത്തിരുന്നു. കടാശ്വാസ പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനായി ഗ്രീക്ക് പാര്‍ലമെന്റില്‍ നടന്ന വോട്ടൊടുപ്പില്‍ 149 സൈറിസ എംപിമാരില്‍ 43 പേര്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ വിമത നീക്കമാണ് സിപ്രാസിന്റെ രാജിയില്‍ കലാശിച്ചത്.

Scroll To Top