Sunday December 04, 2016
Latest Updates

യൂറോപ്യന്‍ താത്പര്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഒരു സെന്റു പോലും സാമ്പത്തിക സഹായം നല്‍കില്ലെന്ന് ഗ്രീസിനോട് യൂറോസോണ്‍ ധനമന്ത്രിമാര്‍ 

യൂറോപ്യന്‍ താത്പര്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഒരു സെന്റു പോലും സാമ്പത്തിക സഹായം നല്‍കില്ലെന്ന് ഗ്രീസിനോട് യൂറോസോണ്‍ ധനമന്ത്രിമാര്‍ 

ബ്രസല്‍സ് :സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന ഗ്രീസിന് യൂറോസോണ്‍ ധനമന്ത്രിമാരുടെ അന്ത്യശാസന. അവര്‍ മുന്നോട്ടു വെയ്ക്കുന്ന സാമ്പത്തിക പരിഷ്‌കരണ പദ്ധതി പൂര്‍ണമായി അംഗീകരിക്കണമെന്നും അല്ലാത്ത പക്ഷം ഇനി മുന്നോട്ട് സാമ്പത്തിക സഹായമൊന്നും ലഭിക്കില്ലെന്നുമാണ് ധനമന്ത്രിമാരുടെ നിലപാട്.

ഗ്രീക്ക് ധനമന്ത്രി യാനിസ് വരോഫാക്കീസുമായി ചര്‍ച്ച നടത്തിയ യൂറോ ഗ്രൂപ്പ് ഓഫ് ഫിനാന്‍സ് മിനിസ്റ്റേഴ്‌സ് ചെയര്‍മാന്‍ ജിയോറന്‍
ഡിജ്‌സെല്‍ബ്ലോം, ഭാഗീകമായ പരിഷ്‌കാരങ്ങള്‍ എന്ന ഗ്രീസിന്റെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. ഭാഗീകമായ പരിഷ്‌കാരങ്ങള്‍ നടത്തി എത്രയും പെട്ടെന്ന് പണം ലഭ്യമാക്കാന്‍ സാധിക്കുമോ എന്നായിരുന്നു ഗ്രീക്ക് ധനമന്ത്രി യൂറോ സോണ്‍ ധനമന്ത്രിമാരുടെ കൗണ്‍സിലിനോട് ആവശ്യപ്പെട്ടത്.

ഗ്രീസിന് നല്‍കുന്നതിനായി മാറ്റി വെച്ചിരുന്ന 7.2 ബില്യണ്‍ പൗണ്ടിന്‍െ ധനസഹായം ജൂണിന് ശേഷം നല്‍കാനാവില്ലെന്നും കൗണ്‍സില്‍ ചെയര്‍മാന്‍ അറിയിച്ചു. ഈ തുക നേരത്തെ മരവിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു. ജൂണ്‍ മാസത്തോട് കൂടി ഈ തുക പൂര്‍ണമായും നഷ്ടപ്പെടും. യൂറോ സോണ്‍ കൗണ്‍സില്‍ മുന്നോട്ടു വെയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പാക്കാന്‍ ഗ്രീസില്‍ പുതുതായി അധികാരമേറ്റ ഇടതുപക്ഷ സര്‍ക്കാരിന് സാധിക്കാത്തതാണ് അനിശ്ചിതത്വങ്ങള്‍ക്ക് കാരണം.

മെയ് 12ന് ഗ്രീസ് ഇന്റര്‍നാഷ്ണല്‍ മോണിറ്ററി ഫണ്ടിന് 750 മില്യണ്‍ യൂറോ അടയ്ക്കണം. ഗ്രീസിന്റെ നിലവിലെ സാമ്പത്തികാവസ്ഥ പരിഗണിക്കുമ്പോള്‍ ഈ തുക ഐഎംഎഫിലേക്ക് അടയ്ക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ഗ്രീസുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ നിജസ്ഥിതി മെയ് 11ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് യൂറോ സോണ്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പറഞ്ഞു. അതേസമയം ഈ മാസം അവസാനത്തോടെ അനിശ്ചിതത്വങ്ങള്‍ പരിഹരിച്ച് കരാറില്‍ ഏര്‍പ്പെടാന്‍ സാധിക്കുമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സീസ് സീപ്രാസ് പ്രത്യാശ പ്രകടിപ്പിച്ചു. ബ്രസല്‍സില്‍ ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്ഞ്ചലാ മെര്‍ക്കലുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സീപ്രാസിന്റെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ ജിഡിപിയുടെ 13.6 ശതമാനം ബജറ്റ് കമ്മിയാണ് ഗ്രീസിനുണ്ടായിരുന്നത്. യൂറോപ്യന്‍ യൂണിയന്‍ വച്ചിരിക്കുന്ന പരിധി മൂന്നു ശതമാനവും. രാജ്യത്തിന്റെ കടം മൊത്തം ജിഡിപിയേക്കാള്‍ കൂടുതലും. ഇത് പരിഹരിക്കുന്നതിനായി ചെലവ് ചുരുക്കുകയും വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യണമെന്നാണ് യൂറോപ്യന്‍ യൂണിയനും ജര്‍മ്മന്‍ ചാന്‍സിലര്‍ ഉള്‍പ്പെടെയുള്ളവരും ആവശ്യപ്പെടുന്നത്. എന്നാല്‍ ഇവര്‍ മുന്നോട്ടു വെയ്ക്കുന്ന പല നിര്‍ദ്ദേശങ്ങളും ഇടതുപക്ഷ ചേരിയുടെ നയങ്ങള്‍ക്ക് വിരുദ്ധവുമാണ്.

Scroll To Top