Saturday December 10, 2016
Latest Updates

ഗ്രീസ് വീണ്ടും സാമ്പത്തിക ചുഴിയില്‍,ഐ എം എഫും സഹായം പിന്‍വലിയ്ക്കുന്നു 

ഗ്രീസ് വീണ്ടും സാമ്പത്തിക ചുഴിയില്‍,ഐ എം എഫും സഹായം പിന്‍വലിയ്ക്കുന്നു 

ഏഥന്‍സ്:സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ഗ്രീസിന് നിര്‍ണ്ണായകമായ അന്താരാഷ്ട്ര നാണയനിധിയുടെ പിന്തുണയും നഷ്ടമായേക്കുമെന്ന് സൂചന. മാനദണ്‍ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ 7.2 ബില്ല്യണ്‍ യൂറോയുടെ സാമ്പത്തിക സഹായം അന്താരാഷ്ട്ര നാണയനിധി പിന്‍വലിച്ചേക്കുമെന്ന് ഐഎംഎഫ് യൂറോപ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ പോള്‍ തോംസണ്‍ യൂറോ സോണ്‍ ധനവകുപ്പിനെ അറിയിച്ചു.
ഗ്രീസ് ഈ വര്‍ഷം മൂന്നു ശതമാനത്തിന്റെ മിച്ച ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും , മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 1.5 ശതമാനത്തിന്റെ ബഡ്ജറ്റ് കമ്മിയാവും നേരിടുകയെന്നാണ് സൂചന.
സാമ്പത്തിക രംഗം തകര്‍ച്ച മുന്നില്‍ കാണുമ്പോഴും ഗ്രീസിലെ ഇടതുപക്ഷ സര്‍ക്കാരും അന്താരാഷ്ട്ര ദാതാക്കളും തമ്മില്‍ തൊഴിലാളി ക്ഷേമമടക്കമുള്ള നിര്‍ണായകവിഷയങ്ങളിലെ വിയോജിപ്പു മൂലം കൂടിയാലോചനകള്‍ എവിടെയുമെത്താതെ പോകുന്നത് വിഷയം കൂടുതല്‍ വഷളാക്കുന്നു.
സര്‍ക്കാര്‍ വക്താവ് ഗബ്രിയേല്‍ സാകെല്ലാറിഡിസ് പ്രശ്‌നത്തെ കുറിച്ച് തിങ്കളാഴ്ച ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മെയ് മാസം അവസാനം ഐഎംഎഫിനു നല്‍കേണ്ട ഒരു ബില്ല്യണ്‍ ഡോളറടക്കം മാസം അവസാനിക്കുന്നതിനു മുന്‍പായി ഭാരിച്ച തുക രാജ്യം കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണുന്നതിനായി ഉപപ്രധാനമന്ത്രി യാനിസ് ദ്രാഗസാകിസ് ചൊവാഴ്ച്ച ഫ്രാങ്ക്ഫര്‍ട്ടിലെത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് മരിയോ ദ്രാഗിയുമായി കൂടിയാലോചന നടത്തും. 
അന്തരാഷ്ട്ര ബാങ്കുകള്‍ സാമ്പത്തിക സഹായം പിന്‍വലിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് താല്‍കാലിക പരിഹാരം കണുന്നതിനായി ബാങ്കുകള്‍ക്ക് കൂടുതല്‍ ഹ്രസ്വകാല ട്രഷറിബില്ലുകള്‍ സ്വീകരിക്കാന്‍ ഇസിബിയുടെ അനുമതി തേടുക എന്നതാണ് ലക്ഷ്യം.

Scroll To Top