Tuesday December 06, 2016
Latest Updates

ഗ്രീസിനെ യൂറോ സോണില്‍ നിന്നും പുറത്താക്കാന്‍ നീക്കം 

ഗ്രീസിനെ യൂറോ സോണില്‍ നിന്നും പുറത്താക്കാന്‍ നീക്കം 

ബ്രസല്‍സ്: യൂറോസോണിന്റെ കടാശ്വാസ പ്രകാരം സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടാകുന്നത് ഗ്രീസിനെ യൂറോസോണില്‍ നിന്നും പുറത്താക്കുന്നതിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്. പാപ്പരായ ഗ്രീസിന് താത്ക്കാലിക കടാശ്വാസമായി രണ്ട് ആന്ത്രാഷ്ട്ര കടാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗ്രീസിലെ പുതിയ ഇടതുപക്ഷ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതാണ് യൂറോസോണ്‍ നേതാക്കളെ ചൊടിപ്പിച്ചത്. അതിനിടെ ഗ്രീക്ക് ബാങ്കുകളില്‍ നിന്നും ആളുകള്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചു.

പ്രതിസന്ധി രൂക്ഷമായിരിക്കെ ഗ്രീസ് പ്രധാനമന്ത്രി അലക്‌സി സിപ്രാസ് ജര്‍മനി, ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളുടെ മേധാവികള്‍ എന്നിവരുമായി ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയില്‍ എന്തെങ്കിലും പരിഹാരത്തിനുള്ള സാധ്യത ജര്‍മന്‍ ചാന്‍സ്ലര്‍ ആംഗലാ മെര്‍ക്കല്‍ തള്ളിക്കളയുന്നു. യൂറോസോണ്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ഗ്രീസ് പ്രശ്‌നം ചര്‍ച്ച ചെയ്യാനായി യൂറോസോണ്‍ രാജ്യങ്ങളുടെ ബ്രസല്‍സ് സമ്മേളനം നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.

പാവങ്ങള്‍ക്കായി സിപ്രാസിന്റെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സോ ഹൊളാന്തെ കുറ്റപ്പെടുത്തി. സമ്പന്നരില്‍ നിന്നും നികുതി ഈടാക്കണമെന്നാണ് ഗ്രീസിനോട് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം ഗ്രീസിന് കടാശ്വാസത്തില്‍ നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. ഇക്കാലയളവില്‍ പുതിയ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഗ്രീസിന്റെ വാഗ്ദാനം. എന്നാല്‍ അതിപ്പോഴും നടപ്പായിട്ടില്ല.

Scroll To Top