Thursday February 22, 2018
Latest Updates

കോര്‍ക്കില്‍ നിന്നെത്തിയ വില്‍ട്ടന്‍ ബോയ്‌സ് വടംവലിയില്‍ ചാമ്പ്യന്മാര്‍ ,കെ സി സി യ്ക്ക് ക്രിക്കറ്റില്‍ കിരീടം,ജനസഹസ്രങ്ങള്‍ ഒഴുകിയെത്തിയ കേരളാ ഹൌസ് കാര്‍ണിവന് നിറപകിട്ടാര്‍ന്ന സമാപനം

കോര്‍ക്കില്‍ നിന്നെത്തിയ വില്‍ട്ടന്‍ ബോയ്‌സ് വടംവലിയില്‍ ചാമ്പ്യന്മാര്‍ ,കെ സി സി യ്ക്ക് ക്രിക്കറ്റില്‍ കിരീടം,ജനസഹസ്രങ്ങള്‍ ഒഴുകിയെത്തിയ കേരളാ ഹൌസ് കാര്‍ണിവന് നിറപകിട്ടാര്‍ന്ന സമാപനം

ഡബ്ലിന്‍: അയര്‍ലണ്ടിലെ മലയാളികളുടെ ജനകീയ മേളയ്ക്ക് വര്‍ണ്ണാഭമായ സമാപനം.സ്ലൈഗോ മുതല്‍ കോര്‍ക്ക് വരെയുള്ള അയര്‍ലണ്ടിലെ എല്ലാ കൌണ്ടികളില്‍ നിന്നുമുള്ള നൂറുകണക്കിന് സുമനസുകളുടെ കൂടിച്ചേരലിന് സാക്ഷ്യം വഹിച്ച് ലൂക്കന്‍ കാര്‍ണിവല്‍ വില്ലേജില്‍ ഒരുമയും കരുത്തും,കലാവിരുതും ഒരുമിച്ചണിയിച്ചൊരുക്കി മനസ്സില്‍ ആഹ്ലാദവര്‍ഷം പെയ്തിറക്കി പിരിയുമ്പോള്‍ ഏവരും വീണ്ടും പറഞ്ഞിരിക്കും’ഇനിയും വരും, ഇവിടെ അടുത്ത വര്‍ഷവുമെന്ന് …

ഡബ്ലിനിലെ മലയാളികളുടെ വാര്‍ഷികോത്സവത്തില്‍ പങ്കെടുക്കാന്‍ ഒരേ മനസോടെ ജാതി മത വ്യത്യാസമോ,സംഘടനാ വേര്‍തിരിവുകളോയില്ലാതെ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ നിന്നുമുള്ള മലയാളമക്കള്‍ പോലും അണിചേരാനെത്തി. മേയോയില്‍ നിന്നും,ടിപ്പററിയില്‍ നിന്നും,കാവനില്‍ നിന്നുമുള്ളവര്‍ പോലും ഈ കാര്‍ണിവല്‍ ഐറിഷ് മലയാളികളുടെ ഉത്സവമാണെന്ന് പ്രഖ്യാപിച്ച് കാര്‍ണിവലിന് പിന്തുണയുമായി എത്തിയവര്‍ സംഘാടകരെ പോലും ഞെട്ടിച്ച് കളഞ്ഞു!

മെറ്റ് എറാന്റെ പ്രവചനം ശരിയാക്കി മഴ ചതിച്ചില്ലെങ്കിലും രാവിലെ മുതല്‍ മേഘാവൃതമായ ആകാശം കാര്‍ണിവല്‍ വേദിയെ മൂടി നിന്നെങ്കിലും ആവേശം ഒട്ടും കുറയ്ക്കാതെ ആയിരങ്ങള്‍ ഒഴുകിയെത്തി.രണ്ടു മണിയോടെ തന്നെ മൈതാനത്തെ അഞ്ഞൂറോളം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം നിറഞ്ഞതോടെ ലൂക്കന്‍ വില്ലേജ് വരെ ട്രാഫിക്ക് നീണ്ടു.ഉച്ചയോടെ തന്നെ വന്‍ജനാവലിയാണ് കാര്‍ണിവലിനായി എത്തിച്ചേര്‍ന്നത്.ഉത്സവസമാനമായ അന്തരീക്ഷത്തില്‍ കാര്‍ണിവല്‍ ഗ്രൌണ്ടിന്റെ വിവിധ കോര്‍ണറുകളില്‍ വൈവിധ്യമാര്‍ന്ന മത്സര പരിപാടികള്‍ അരങ്ങേറി.

അതിരാവിലെ മുതല്‍ നിരവധി ടീമുകള്‍ പങ്കെടുത്ത ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നു.വൈകിട്ട് 6 മണിയ്ക്ക് ആരംഭിച്ച ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ കെ സി സി യുടെ യുവതാരങ്ങള്‍ കഴിഞ്ഞ തവണത്തെ വിജയികളായ കരുത്തരായ ലൂക്കന്‍ ക്രിക്കറ്റ് ക്ലബ്ബിനെ തോല്പ്പിച്ചു ,ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി പോള്‍ വര്‍ഗീസും(ലൂക്കന്‍ ക്രിക്കറ്റ് ക്ലബ് )മാന്‍ ഓഫ് ദി സിരിസ് ആയി ബെസ്സി പി വി(ലൂക്കന്‍ ക്രിക്കറ്റ് ക്ലബ് )യും തിരഞ്ഞെടുക്കപ്പെട്ടു.

ഉച്ചകഴിഞ്ഞ് നടന്ന ആവേശകരമായ വടംവലി മത്സരത്തിന്റെ ഫൈനലില്‍ കൗണ്ടി കോര്‍ക്കില്‍ നിന്നെത്തിയ വില്‍ട്ടന്‍ ബോയ്‌സിന്റെ വിജയം ഏറെ ശ്രദ്ധിക്കപ്പെട്ടു.കരുത്തിലും ഒരുമയിലും കളിക്കളത്തില്‍ നിറഞ്ഞു നിന്ന വില്‍ട്ടന്‍ ബോയ്‌സ് പരാജയപ്പെടുത്തിയത് ശക്തന്മാരായ ടീം ഫിസ് ബറോയെയാണ്.

ഏറെ പേര്‍ പങ്കെടുത്ത വാശിയേറിയ ചാമ്പ്യന്‍ ഷെഫ് മത്സരത്തില്‍ സ്‌പെഷ്യല്‍ വട എന്ന അതിവിശിഷ്ട ഇനവുമായി എത്തിയ ഷീബാ പീറ്റര്‍ (സ്‌പൈസസ് ഗേള്‍സ്)ഒന്നാം സ്ഥാനം നേടി ചാമ്പ്യനായി.സ്‌പെഷ്യല്‍ കപ്പ ബിരിയാണിയുമായി എത്തിയ രേഷ്മ ടോം വാണിയപ്പുരയ്ക്കലിനാണ് രണ്ടാം സ്ഥാനം

കാര്‍ണിവല്‍ വേദിയില്‍ ഒരുക്കിയ ചിത്രപ്രദര്‍ശനം കാണാനും നിരവധി പേര്‍ താത്പര്യപൂര്‍വ്വം എത്തി.ആര്‍ട്‌സ് കോര്‍ണറിനോട് അനുബന്ധിച്ച് നടത്തപ്പെട്ട ഡ്രോയിംഗ് മത്സരത്തില്‍ പങ്കെടുക്കാന്‍ കുരുന്നുകള്‍ വാശിയോടെയെത്തി.

രാവിലെ മുതല്‍ ആരംഭിച്ച ചെസ് മത്സരങ്ങളും ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്.ഡ്രോയിംഗ് ,ചെസ് മത്സരങ്ങളുടെ വിജയികള്‍ക്ക് വേദിയില്‍ തന്നെ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ബൗന്‍സിംഗ് കാസിലിലും,കുതിര സവാരിക്കും തിരക്കുകാരണം കുട്ടികള്‍ ക്യൂവിലായിരുന്നു.സ്റ്റാളുകളാല്‍ സമൃദ്ധമായിരുന്നു കാര്‍ണിവല്‍ ഗ്രൌണ്ട്.മേളയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് മികവുറ്റ നാടന്‍ വിഭവങ്ങള്‍ ഒരുക്കിയ ഫുഡ് സ്റ്റാളുകള്‍ ഒന്നിനൊന്നു മികച്ചു നിന്നു.കനത്ത ജനതിരക്ക് കാരണം അഞ്ചു മണിയോടെ തന്നെ മിക്ക സ്റ്റാളുകളിലെയും വിശിഷ്ട വിഭവങ്ങളുടെ സ്റ്റോക്ക് തീര്‍ന്നിരുന്നു!

കാര്‍ണിവല്‍ വേളയെ അനുസ്മരണീയമാക്കാന്‍ മണിഗ്രാം ഒരുക്കിയ ഫോട്ടോ സെഷനുകളിലേയ്ക്ക് കുടുംബങ്ങള്‍ ഒഴുകിയെത്തി.ഫാമിലി ഗയിംസുകളും,സുബ ഡാന്‍സിന്റെ പരിശീലന പ്രദര്‍ശനവും കാണികളുടെ ശ്രദ്ധ നേടി.

ഐറിഷ് മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരിയായ ഉപപ്രധാനമന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ്ജറാള്‍ഡ് മലയാളി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയത് നിറഞ്ഞ മനസോടെയാണ്.ജനതിരക്ക് കണ്ട ഫ്രാന്‍സീസ് ഫിറ്റ്‌സ്ജറാള്‍ഡ് ,കാര്‍ണിവല്‍ വേദി കൂടുതല്‍ സൌകര്യപ്രദമായ സ്ഥലത്തേയ്ക്ക് അടുത്ത വര്‍ഷം മുതല്‍ മാറ്റുകയാണെങ്കില്‍ അതിനെല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണി വരെ നിശ്ചയിച്ചിരുന്നതായിരുന്നെങ്കിലും പരിപാടികളുടെ ബാഹുല്യം മൂലം ,ഏറെ വൈകി പത്തു മണിയോടെയാണ് സമാപന സമ്മേളനം നടത്തപ്പെട്ടത്.പോള്‍സണ്‍ ജോസഫ്,മംഗള രാജേഷ്,ഷീബ എന്നിവര്‍ നയിച്ച ഗാനമേളയോടെ ഐറിഷ് മലയാളികള്‍ക്ക് മനസ് നിറയെ ആഹ്ലാദം സമ്മാനിച്ചുകൊണ്ടാണ് കാര്‍ണിവല്‍ സമാപിച്ചത്.

റെജി സി ജേക്കബ്-
മറ്റു കാര്‍ണിവല്‍ വാര്‍ത്തകള്‍ പിന്നീട് അപ് ഡേറ്റ് ചെയ്യുന്നതാണ്.wiltonCC CHESSCCSAIMG-20160619-WA0001CC 28CC23CC1CC29CC56CC PICC CHESSIMG-20160619-WA0003HRIMG-20160619-WA0000

Scroll To Top