Saturday January 20, 2018
Latest Updates

ഇന്ത്യയ്ക്ക് ഇനി സ്വന്തം നാവിഗേഷന്‍,ജി പി എസ് സംവിധാനത്തിന് വിട

ഇന്ത്യയ്ക്ക് ഇനി സ്വന്തം നാവിഗേഷന്‍,ജി പി എസ് സംവിധാനത്തിന് വിട

നാവിഗേഷന്‍ സംവിധാനങ്ങളുടെ പ്രാധാന്യത്തേക്കുറിച്ച് അറിയാത്തവരുണ്ടാകുമെന്ന് തോന്നുന്നില്ല. കടലിലും കാട്ടിലുമെല്ലാം ഒറ്റപ്പെട്ടുപോയവരെ തിരയുന്നതിനും, അത്തരം ഇടങ്ങളിലൂടെയുള്ള യാത്രകള്‍ക്കും ഗതിനിര്‍ണയ സംവിധാനങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ വളരെ വലുതാണ്. കാറുകളിലും മൊബൈല്‍ ഫോണുകളിലും മറ്റും ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. സൈനികാവശ്യങ്ങള്‍ക്കു വേണ്ടിയും നാവിഗേഷന്‍ വിദ്യ ഉപയോഗിക്കുന്നുണ്ട്. ശത്രുസൈന്യത്തിന്റെ മിസൈല്‍ ആക്രമണങ്ങളെ മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിനും സൈനിക നീക്കം നേരത്തേ തന്നെ കണ്ടെത്തുന്നതിനും തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ കണ്ടെത്തുന്നതി നും നാവിഗേഷന്‍ വിദ്യ ഉപയോഗിക്കുന്നുണ്ട്.
നിലവില്‍ അമെരിക്കയുടെ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റമാണ് ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍ ഗതിനിര്‍ണയത്തിനുപയോഗിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യ ഈ പരിമിതി മറികടക്കുകയാണ് ഏഴ് കൃത്രിമ ഉപഗ്രാങ്ങള്‍ ചേര്‍ന്ന ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം എന്ന ഗതിനിര്‍ണയ ഉപഗ്രഹസംവിധാനം 2016 മാര്‍ച്ച് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ് ഐഎസ്ആര്‍ഒ സ്വന്തമായി വികസിപ്പിച്ചെടുത്ത ഈ ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖല, നാവിഗേഷന്‍ മേഖലയില്‍ ഇന്ത്യയ്ക്ക് സ്വയം പര്യാപ്തത നേടിക്കൊടുക്കുകയാണ്.
നാവിഗേഷനുവേണ്ടി ഇതുവരെ നാമുപയോഗിച്ചുകൊണ്ടിരുന്ന അമേരിക്കന്‍ ജി.പി.എസ്. സാറ്റലൈറ്റിന്റെ ഭാരിച്ച വാടക മാത്രമല്ല ഇത്തരമൊരു സംരംഭത്തിന് ഐഎസ്ആര്‍ഒയെ പ്രേരിപ്പിച്ചത്.
യുദ്ധം പോലെയുള്ള അടിയന്തരഘട്ടങ്ങളില്‍ വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നത് അത്ര സുരക്ഷിതമല്ല. കാര്‍ഗില്‍ യുദ്ധസമയത്ത് ഈ അപകടം നാം തിരിച്ചറിഞ്ഞതുമാണ്. ഈ പരിമിതികളെല്ലാം ഐഎസ്ആര്‍ഒ മറികടക്കുകയാണ്. പൊതുജനങ്ങള്‍ക്കും സൈനികാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ രണ്ടുതരത്തിലാണ് ഐആര്‍എന്‍എസ് എസിന്റെ സേവനങ്ങള്‍ ഇസ്രോ ക്രമീകരിച്ചിരിക്കുന്നത്. 15002000 കിലോമീറ്റര്‍ വ്യാസാര്‍ധമുള്ള മേഖലയിലാണ് ഈ ഉപഗ്രഹശൃംഖയുടെ സേവനം ലഭ്യമാവുക. ഇന്ത്യയുടെ കരഭാഗം ഒന്നാകെയും, സമുദ്രാതിര്‍ത്തിക്കുള്ളിലും ഈ ശൃംഖലയുടെ സേവനം ലഭ്യമാകും.
പത്തുവര്‍ഷമാണ് ഈ സംവിധാനത്തിന്റെ പ്രവര്‍ത്തന കാലാവധി ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഏഴ് ഉപഗ്രഹങ്ങളുടെ ഈ ശ്രേണിയിലുള്ള മൂന്ന് ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളിലായി ഭൂസ്ഥിര ഭ്രമണപഥത്തിലാണുണ്ടാവുക.
മറ്റു നാല് ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനുമുകളിലായി ജിയോസിങ്ക്രോണസ് ഭ്രമണപഥത്തിലായിരിക്കും ഉണ്ടാവുക. ശത്രു സൈന്യത്തിന്റെ മിസൈല്‍ ആക്രമണം പ്രതിരോധിക്കുകയാണ് ഈ സംവിധാനത്തിന്റെ പ്രധാന സൈനിക ലക്ഷ്യം. 1600 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഇതില്‍ 300 കോടി രൂപ ഗ്രൗണ്ട്‌സ്റ്റേഷനുകളുടെ നിര്‍മാണച്ചെലവാണ്. ഓരോ ഉപഗ്രഹത്തിനും 125 കോടി രൂപ ചെലവുണ്ട്. 2014 സെപ്തംബറില്‍ സിഗ്‌നല്‍ ടെസ്റ്റിംഗ് നടത്തിയിരുന്നു. പി.എസ്.എല്‍.വി റോക്കറ്റുപയോഗിച്ചാണ് എല്ലാ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നത്.
ഐആര്‍എന്‍എസ്എസിന്റെ സേവനങ്ങളെ രണ്ടു വിഭാഗങ്ങളില്‍ പെടുത്താന്‍ കഴിയും. ഇതില്‍ ആദ്യത്തേത് സ്റ്റാന്‍ഡേര്‍ഡ് പൊസിഷനിംഗ് സര്‍വീസ് എന്ന പേരില്‍ അറിയപ്പെടുന്ന, പൊതുജനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുന്ന ഗതിനിര്‍ണയ സംവിധാനമാണ്. കാറുകളിലും മൊബൈല്‍ ഫോണുകളിലുമെല്ലാം ഈ സേവനം ലഭ്യമാകും. രണ്ടാമത്തേത് നിയന്ത്രിത സേവനമാണ് .
സൈന്യം, പ്രതിരോധമന്ത്രാലയം, ആഭ്യന്തര സുരക്ഷ തുടങ്ങിയ വിഭാഗങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഗതിനിര്‍ണയ സംവിധാനമാണിത്. ദുരന്തനിവാരണ രംഗത്തും, കരവ്യോമനാവിക ഗതാഗത രംഗത്തും, മൊബൈല്‍ നെറ്റ്വര്‍ക്ക് മേഖലയിലും ദൃശ്യശ്രാവ്യ സന്ദേശങ്ങള്‍ നല്‍കാന്‍ ഐആര്‍എന്‍എസ്എസ്എസിനു കഴിയും. ഐആര്‍എന്‍എസ്എസ് പ്രവര്‍ത്തനക്ഷമാകുമ്പോള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജിപിഎസിനെക്കാള്‍ മികച്ച പ്രകടനമായിരിക്കും അത് കാഴ്ചവയ്ക്കുക.

Scroll To Top