Thursday December 08, 2016
Latest Updates

ജീവനക്കാരുടെ വെട്ടിച്ചുരുക്കിയ ശമ്പളം പുനസ്ഥാപിക്കല്‍ :മുന്‍ വാഗ്ദാനം സര്‍ക്കാര്‍ പിന്‍വലിക്കുന്നു

ജീവനക്കാരുടെ വെട്ടിച്ചുരുക്കിയ ശമ്പളം പുനസ്ഥാപിക്കല്‍ :മുന്‍ വാഗ്ദാനം സര്‍ക്കാര്‍ പിന്‍വലിക്കുന്നു

ഡബ്ലിന്‍ :പൊതുമേഖലാ ജീവനക്കാരോടുള്ള മുന്‍ വാഗ്ദാനങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചനകള്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വെട്ടിക്കുറച്ച ശമ്പളം മുമ്പ് പ്രഖ്യാപിച്ചിരുന്ന പ്രകാരം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ 2009 മുതലുള്ള വെട്ടിക്കുറച്ച ശമ്പളം 3.6 ബില്യണ്‍ യൂറോയോളം വരും. ഇത് പുനസ്ഥാപിക്കാന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ സുസ്ഥിരത കൈവരിക്കേണ്ടതിനാല്‍ വര്‍ഷങ്ങളോളം സമയമെടുക്കുമെന്ന് പബ്ലിക് എക്‌സ്പന്‍ഡീച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ജനറല്‍ റോബര്‍ട്ട് വാട്ട് അറിയിച്ചു.

തൊഴിലാളികളുടെ വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് വര്‍ഷാവസാനത്തോടെ തീരുമാനമെടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ അറിയിപ്പ് സര്‍ക്കാരും പൊതു മേഖല സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ സംഘടനകളും തമ്മിലുള്ള പോരാട്ടത്തിന് വഴിയൊരുക്കും. പബ്ലിക് എക്‌സ്‌പെന്‍ഡീച്ചര്‍ ആന്‍ഡ് റിഫോം മന്ത്രി ബ്രണ്ടണ്‍ ഹൗളിന്‍ തൊഴിലാളി യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും റോബര്‍ട്ട് വാട്ട് അറിയിച്ചു. പബ്ലിക് സര്‍വ്വീസ് റിഫോം സംബന്ധിച്ച സര്‍ക്കാരിന്റെ പുതിയ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി സംസാരിക്കുകയായിരുന്നു വാട്ട്. 

2008ലേതിനെക്കാള്‍ പൊതു മേഖലയിലെ തൊഴിലാളികളുടെ എണ്ണം 10 ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ച്ചവെക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നീക്കുന്നത് വലിയ വെല്ലുവിളിയാണ്.സ്വകാര്യ മേഖലയിലേത് പോലെ തൊഴിലാളികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 2009 മുതല്‍ ഇത്തരത്തില്‍ 12,000ത്തോളം ഉദ്യോഗസ്ഥരെ പുനര്‍ വിന്യസിച്ചിട്ടുണ്ടെന്നും വാട്ട് കൂട്ടിച്ചേര്‍ത്തു. 

പബ്ലിക് സര്‍വീസ് പരിഷ്‌ക്കാരങ്ങള്‍ അയര്‍ലണ്ടിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് അനിവാര്യമാണെന്ന് പബ്ലിക് എക്‌സ്‌പെന്‍ഡീച്ചര്‍ ആന്‍ഡ് റിഫോം മന്ത്രി ബ്രണ്ടണ്‍ ഹൗളിനും പറഞ്ഞു.

Scroll To Top