Tuesday December 06, 2016
Latest Updates

ശമ്പളവര്‍ദ്ധനവ് വന്‍ ദുരന്തത്തിന് വഴി തെളിക്കുമെന്ന് ഫിസ്‌കല്‍ കൗണ്‍സില്‍,യൂണിയനുകളെ  സര്‍ക്കാര്‍  ചര്‍ച്ചയ്ക്ക് വിളിച്ചു

ശമ്പളവര്‍ദ്ധനവ് വന്‍ ദുരന്തത്തിന് വഴി തെളിക്കുമെന്ന് ഫിസ്‌കല്‍ കൗണ്‍സില്‍,യൂണിയനുകളെ  സര്‍ക്കാര്‍  ചര്‍ച്ചയ്ക്ക് വിളിച്ചു

ഡബ്ലിന്‍ :ശമ്പളവര്‍ദ്ധനവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പൊതുജീവനക്കാരുടെ യൂണിയനുകള്‍ക്ക് സര്‍ക്കാരിന്റെ ക്ഷണം. ലാന്‍ഡ്സ്ഡൗണ്‍ കരാറിനു വിരുദ്ധമായി ഗാര്‍ഡയ്ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് തങ്ങള്‍ക്കും ശമ്പളവര്‍ദ്ധനവ് വേണമെന്ന് പൊതുജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രി പാസ്ചല്‍ ഡോണ്‍ഹോയാണ് യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്ന കാര്യം അറിയിച്ചത്.

അതേസമയം 2018 സെപ്റ്റംബര്‍ വരെ ലാന്‍ഡ്സ്ഡൗണ്‍ കരാര്‍ നിര്‍ത്തലാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. കരാറും ശമ്പളവര്‍ദ്ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും യൂണിയനുകളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ ജനുവരി അവസാനത്തോടെ മാത്രമേ തീരൂ എന്നാണ് കണക്കുകൂട്ടുന്നത്.

ചര്‍ച്ചയ്ക്ക് വിളിച്ച സര്‍ക്കാര്‍ നീക്കത്തെ ഐസിടിയു പബ്ലിക് സര്‍വീസ് കമ്മിറ്റി (പിഎസ് സി) സ്വാഗതം ചെയ്തു. ലാന്‍ഡ്സ്ഡൗണ്‍ കരാറിന്റെ നിബന്ധനകളില്‍ ഗുണപരമായ മാറ്റങ്ങള്‍ (പൊതുജീവനക്കാര്‍ക്ക്) ഉണ്ടാക്കാന്‍ ചര്‍ച്ച വഴിവയ്ക്കുമെന്നാണ് കരുതുന്നതെന്നും പിഎസ് സി പ്രസ്താവിച്ചു.

അതേസമയം 2017ല്‍ പൊതുജീവനക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കില്‍, ഇതിന് ആനുപാതികമായി ടാക്സ് വര്‍ദ്ധിപ്പിക്കുകയോ, മറ്റ് ചെലവുകള്‍ വെട്ടിച്ചുരുക്കുകയോ ചെയ്യണമെന്ന് ഫിസ്‌കല്‍ അഡൈ്വസറി കൗണ്‍സില്‍. അല്ലാത്തപക്ഷം അത് സാമ്പത്തിക ദുരന്തത്തിലേയ്ക്കാകും രാജ്യത്തെ കൊണ്ടെത്തിക്കുക. ഇപ്പോള്‍ത്തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ താളം തെറ്റിത്തുടങ്ങിയതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കൗണ്‍സില്‍ പറഞ്ഞു. 2018ല്‍ ചെലവഴിക്കാനായും, ടാക്സ് കട്ടിനായും മാറ്റിവച്ച തുക ഒക്ടോബര്‍ ബജറ്റ് പ്രകാരം ഇപ്പോള്‍ത്തന്നെ ഉപയോഗിച്ചു തീര്‍ന്നിട്ടുണ്ടെന്നും കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പറയുന്നു.

അടുത്ത വര്‍ഷം ചെലവിനും ടാക്സ് കട്ടിനുമായി 600 മില്ല്യണ്‍ യൂറോയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ പക്കലുള്ളത്. നിലവിലെ ചിലവ് തുടര്‍ന്നാല്‍ ഏറെ വൈകാതെ തന്നെ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാകും.

Scroll To Top