Wednesday December 07, 2016
Latest Updates

ബംഗ്ലാദേശില്‍നിന്നുള്ള ഹിന്ദു കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ മോഡി സര്‍ക്കാര്‍

ബംഗ്ലാദേശില്‍നിന്നുള്ള ഹിന്ദു കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ മോഡി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റക്കാരെ തിരികെ അവരുടെ നാട്ടിലേക്ക് ഓടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്ര മോഡി സര്‍ക്കാര്‍ നിലപാട് മാറ്റി. ബംഗ്ലാദേശില്‍നിന്നുള്ള എല്ലാവരോടുമല്ല മറിച്ച് അവിടെനിന്നുള്ള ഹിന്ദുക്കള്‍ക്കാണ് ഇന്ത്യ അഭയം നല്‍കുന്നത്. ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉള്‍പ്പെടെ നല്‍കി സംരക്ഷിക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനമെടുത്തു. ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച ഡോക്കുമെന്റ് തയാറാക്കി കഴിഞ്ഞു. ഇത് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. ദ് ഹിന്ദു ദിനപത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

2012ല്‍ രണ്ട് എന്‍ജിഒകള്‍ സമര്‍പ്പിച്ച ഹര്‍ജിയിയുമായി ബന്ധപ്പെട്ടാണ് ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പപ്പിക്കുന്നത്. മതപരമായ കാരണങ്ങള്‍ കൊണ്ട് ബംഗ്ലാദേശില്‍നിന്ന് പാലായനം ചെയ്ത് ഇന്ത്യയില്‍ എത്തിയ ഹിന്ദുക്കളെ അനധികൃത കുടിയേറ്റക്കാര്‍ എന്ന ലേബലില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടാണ് എന്‍ജിഒകള്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഹിന്ദുക്കളോട് മൃതുസമീപനമുള്ള കേന്ദ്രസര്‍ക്കാര്‍ ഹിന്ദുക്കള്‍ക്ക് മാത്രം അഭയാര്‍ത്ഥി പദവി നല്‍കിയ ശേഷം പിന്നീട് പൗരത്വം നല്‍കുന്നതിനെ കുറിച്ചാണ് പദ്ധതി തയാറാക്കുന്നത്. അനധികൃത കുടിയേറ്റക്കാരെക്കൊണ്ട് ഏറ്റവും ബുദ്ധിമുട്ട് നേരിടുന്ന ആസാമില്‍നിന്നുള്ള പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ കുടിയേറ്റക്കാരെ വേര്‍തിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. മുസ്ലീം രാജ്യമായ ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന കൂടുതല്‍ മുസ്ലീംങ്ങളെ ഹിന്ദുക്കളാക്കാനുള്ള വര്‍ഗീയ ലക്ഷ്യവും സര്‍ക്കാര്‍ നീക്കത്തില്‍ കാണുന്നവരുണ്ട്.

എന്നാല്‍ കേന്ദ്രത്തിന്റെ പുതിയ നിലപാട് 1971ലെ അസം ഉടമ്പടിക്ക് വിരുദ്ധമാണ്. അസം ഉടമ്പടി പ്രകാരം 1971ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ എല്ലാ ബംഗഌദേശികളെയും പുറത്താക്കണമെന്നാണ് വ്യവസ്ഥ. അതോടൊപ്പം ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ ജനവികാരമാണ് അസമില്‍ ഉളളത്.

2013 ജൂലൈയില്‍ സുപ്രീംകോടതി വിഷയം ദേശീയ പ്രശ്‌നമാണെന്നും, അസമിന്റെ പരിധിയില്‍ ഒതുങ്ങുന്നതല്ലെന്നും വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിച്ച ബെഞ്ച് 18 സംസ്ഥാനങ്ങളെയും കേസില്‍ കക്ഷിചേര്‍ത്തിരുന്നു. എന്നാല്‍ യു.പി.എ സര്‍ക്കാര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതില്‍ കൃത്യമായി നിലപാട് എടുത്തിരുന്നില്ല. 2012ല്‍ ഫയല്‍ചെയ്ത കേസില്‍ യു.പി.എ സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണം സമര്‍പ്പിക്കുകയോ അഭിഭാഷകനെ നിയോഗിക്കുകയോ ചെയ്തിരുന്നില്ല.

Scroll To Top