Thursday January 19, 2017
Latest Updates

പണം അടയ്ക്കാതെ രക്ഷപ്പെടാമെന്ന് കരുതേണ്ട,വാട്ടര്‍ ചാര്‍ജ് ശമ്പളത്തില്‍ നിന്നും പിടിക്കുമെന്ന് ഐറിഷ് വാട്ടര്‍ 

പണം അടയ്ക്കാതെ രക്ഷപ്പെടാമെന്ന് കരുതേണ്ട,വാട്ടര്‍ ചാര്‍ജ് ശമ്പളത്തില്‍ നിന്നും പിടിക്കുമെന്ന് ഐറിഷ് വാട്ടര്‍ 

ഡബ്ലിന്‍:ജനകീയ സമരത്തെ വെല്ലുവിളിച്ചു ഐറിഷ് സര്‍ക്കാര്‍ രംഗത്ത്.അടുത്തമാസം മുതല്‍ വെള്ളക്കരമടയ്കാത്തവരുടെ ശമ്പളത്തില്‍ നിനിന്നോ വെല്‍ഫയര്‍ അലവന്‍സുകളില്‍ നിന്നോ ആയി തുക പിടിച്ചെടുക്കുമെന്ന് ഐറിഷ് വാട്ടറിന്റെ മുന്നറിയിപ്പ്. എന്നാല്‍ ഇത് അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും ഇത്തരം വിരട്ടലുകള്‍ വിലപോവില്ലെന്നും ആന്റി ഓസ്‌ട്രെറിറ്റി സഖ്യം നേതാവ് പോള്‍ മര്‍ഫി വ്യക്തമാക്കി.
വെള്ളക്കരം അടയ്ക്കാത്തവരില്‍ നിന്നും പണം പിടിച്ചെടുക്കാനുള്ള മാര്‍ഗങ്ങളടങ്ങിയ നിര്‍ദേശം പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി നല്‍കി കഴിഞ്ഞു.ഇനി ഇതിന് നിയമ നിര്‍മ്മാണ സഭയുടെ അനുമതി വേണം.പ്രോപ്പര്‍ട്ടി ടാക്‌സ് അടയ്ക്കാത്തവരില്‍ നിന്ന് പണം പിടിച്ചെടുക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ബില്ലടയ്ക്കാത്തവരുടെ ശമ്പളത്തില്‍ നിന്നും കുടിശ്ശിക ഈടാക്കണമെന്നാവശ്യപ്പെട്ട് ഐറിഷ് വാട്ടര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

റവന്യൂ വകുപ്പിനല്ലാതെ വ്യക്തികളുടെ ശമ്പളത്തില്‍ നിന്നും പണം ഈടാക്കാന്‍ അധികാരമില്ലെന്ന് മര്‍ഫി പറഞ്ഞു. ഇതിനായി റവന്യൂ വകുപ്പിന് പോലും കോടതിയുടെ അനുവാദം വേണമെന്നിരിക്കെയാണിത്.

വാട്ടര്‍ ബില്ലടക്കാന്‍ വിസ്സമ്മതിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി അലന്‍ കെല്ലി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആദ്യ വാട്ടര്‍ ബില്‍ മുതലുള്ള കുടിശ്ശികയെല്ലാം ശമ്പളത്തില്‍ നിന്നും ഓരോ മാസവും പിടിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വെള്ളക്കരത്തിനെതിരെ കഴിഞ്ഞ ദിവസം റൈറ്റ് ടു വാട്ടറിന്റെ കീഴില്‍ ഡബ്ലിനില്‍ വന്‍ പ്രക്ഷോഭമുണ്ടായിരുന്നു.

വിരട്ടിയും ഭീഷണിപ്പെടുത്തിയും ജനങ്ങളില്‍ ഭീതിയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പോള്‍ മര്‍ഫി ആരോപിച്ചു. വെള്ളക്കരത്തിനെതിരെ ആന്റി ഓസ്‌ടെറിറ്റി അംഗങ്ങള്‍ ഈയാഴ്ച്ച ഡെയിലില്‍ പ്രമേയം അവതരിപ്പിക്കുന്നുണ്ട്. വെള്ളക്കരം വെട്ടിക്കറുച്ചില്ലെങ്കില്‍ ബില്‍ അടയ്ക്കുന്നത് ജനങ്ങള്‍ കൂട്ടമായി ബഹിഷ്‌ക്കരിക്കുമെന്ന് ഇവര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഈ സാഹചര്യത്തിലാണ് ജനകീയ എതിര്‍പ്പുകളെ മറികടന്ന് ശമ്പളത്തില്‍ നിന്നോ ,വെല്‍ഫയര്‍ പെയ്‌മെന്റുകളില്‍ നിന്നോ ആയി വാട്ടര്‍ ചാര്‍ജ് പിടിച്ചെടുക്കുമെന്ന് ഐറിഷ് വാട്ടര്‍ മുന്നറിയിപ്പ് നല്കുന്നത്.

Scroll To Top