Thursday December 08, 2016
Latest Updates

റഫറണ്ടം :നിശബ്ദ വോട്ടര്‍മാര്‍ ചതിച്ചേക്കുമെന്ന് സൂചന,ഭയാശങ്കകളോടെ സര്‍ക്കാര്‍ പക്ഷം

റഫറണ്ടം :നിശബ്ദ വോട്ടര്‍മാര്‍ ചതിച്ചേക്കുമെന്ന് സൂചന,ഭയാശങ്കകളോടെ സര്‍ക്കാര്‍ പക്ഷം

ഡബ്ലിന്‍:സ്വവര്‍ഗാനുരാഗികള്‍ ആദ്യഘട്ടത്തില്‍ നടത്തിയ ശക്തമായ മുന്നേറ്റത്തിന് തടയിട്ട് സ്വവര്‍ഗ വിവാഹ റഫറണ്ടത്തില്‍ നോ വിഭാഗം പ്രവര്‍ത്തനം സജീവമാക്കിയതായി റിപ്പോര്‍ട്ടുകള്‍.ഒരു മാസം ബാക്കി നില്‍ക്കേ വരും ദിവസങ്ങളില്‍ രാജ്യത്ത് ഭരണഘടനാ ഭേദഗതിയ്ക്കായുള്ള ജനഹിത പരിശോധനയെ തള്ളിക്കളയാം എന്ന അഭിപ്രായത്തിന് മേല്‍ക്കൈ ലഭിച്ചേക്കാം എന്നാണ് സൂചനകള്‍. 

അയര്‍ലണ്ടിലെ സഖ്യ ഗവണ്‍മെന്റ് ‘നോ’ വിഭാഗത്തെ ഭയപ്പെടാന്‍ തുടങ്ങിയിരിക്കുന്നുവെന്നതാണ് മറ്റൊരു വസ്തുത.നിഷ്പക്ഷ വോട്ടുകള്‍ കത്തോലിക്കാ സഭയ്ക്കു കീഴില്‍ കേന്ദ്രീകരിക്കപ്പെട്ടേക്കാം എന്ന ഭയം സര്‍ക്കാര്‍ പ്രധിനിധികള്‍ക്കിടയില്‍ ശക്തമാണ്.പ്രത്യേകിച്ചും അയര്‍ലണ്ട് പോലെ കത്തോലിക്കാ വിശ്വാസത്തില്‍ അടിയുറച്ച പാരമ്പര്യമുള്ള മധ്യവയസ് കഴിഞ്ഞ തലമുറയില്‍ ബഹു ഭൂരിപക്ഷവും നോ വോട്ടു ചെയ്യുമെന്ന സൂചന ഇപ്പോള്‍ സര്‍ക്കാരിന് ഭീഷണിയായിരിക്കുകയാണ്.

ഭരണപക്ഷത്തെ ചില റ്റി ഡി മാര്‍ അടക്കമുള്ള നേതാക്കള്‍ തങ്ങള്‍ ‘നോ’ വോട്ട് ചെയ്യുമെന്നറിയിച്ച് തന്നെ വന്നു കണ്ടതായി, നിഷേധവോട്ടിന്റെ ശക്തമായ പ്രചാരകരില്‍ ഒരാളായ അയോണ ഇന്‍സ്റ്റിറ്റ്യൂട്ട് രക്ഷാധികാര ബ്രേഡ ഒബ്രിയാന്‍ പറഞ്ഞതൊടെയാണ് സര്‍ക്കാറിനിടയില്‍ ആശങ്ക ശക്തമായത്. തങ്ങള്‍ ഹിതപരിശോധനയില്‍ എതിര്‍പ്പുള്ളവരാണെങ്കിലും പൊതു ജനമധ്യത്തില്‍ ഇത് തുറന്നു പറയാനാവില്ല, അതിനാല്‍ തന്നെ രഹസ്യ വോട്ടിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുമെന്നും ഇവര്‍ അറിയിച്ചതായി ബ്രേഡ പറയുന്നു.

തങ്ങള്‍ സിന്‍ഫിന്നില്‍ നിന്നും വ്യത്യസ്ഥമായി അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന പാര്‍ട്ടിയാണെന്നും, പാര്‍ട്ടി പ്രധിനിധികള്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവകാശമുണ്ടെന്നും കാര്‍ഷിക വകുപ്പ് മന്ത്രിയും, മാര്യേജ് ഈക്വാളിറ്റിയുടെ മുഖ്യ പ്രചാരകനുമായ സൈമണ്‍ കോണ്‍വേ പ്രതികരിച്ചു.
രാജ്യത്ത് ഈയിടെ നടന്ന ഗര്‍ഭഛിദ്ര വിവാദവും ഹിതപരിശോധനയെ ബാധിച്ചേക്കുമെന്ന ആശങ്ക സര്‍ക്കാറിനിടയില്‍ ശക്തമാണ്. ഹിതപരിശോധനയില്‍ കൃത്യമായ നിലപാട് എടുത്തിട്ടില്ലാത്തവര്‍ക്ക് വിവാദം ഒരു അപായസൂചനയായി മാറിയെന്നും, ഇവര്‍ കത്തോലിക്കാ സഭയക്കു കീഴില്‍ നിഷേധവോട്ടിനായി ഒരുമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നുംസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പൊതുവെ, ഹിതപരിശോധനയില്‍ അനുകൂല നിലപാടുള്ള ജിം ഡാലിയെ പോലുള്ള ഭരണപക്ഷത്തെ പ്രമുഖര്‍ പോലും ഹിതപരിശോധന പരാജയപ്പെട്ടേക്കും എന്ന് പരസ്യമായി അഭിപ്രായപ്രകടനം നടത്തിക്കഴിഞ്ഞു.
അതേ സമയം നൂറു കണക്കിന് പരസ്യമാധ്യമ അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് യെസ് പക്ഷം മുന്നേറുന്നത്.സാധാരണ ഹിതപരിശോധനയില്‍ നിഷ് പക്ഷത പാലിക്കുന്നതിനു പകരം .മാധ്യമങ്ങളിലെ ഒരു വിഭാഗം മാത്രമല്ല സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ യെസ് പക്ഷത്തിന് അനുകൂലമാകുന്ന കാഴ്ച്ചയാണ് എങ്ങും.

Scroll To Top