Thursday December 08, 2016
Latest Updates

രണ്ടു വര്‍ഷത്തേയ്ക്ക് വാട്ടര്‍ ചാര്‍ജ്ജ് അടയ്‌ക്കേണ്ടതില്ല, ഫിയനാഫാള്‍ പിന്തുണയ്ക്ക് ഉപാധി; പ്രശ്‌നം ഇന്ന് പാര്‍ലമെന്റ് ചര്‍ച്ച ചെയ്‌തേക്കും

രണ്ടു വര്‍ഷത്തേയ്ക്ക് വാട്ടര്‍ ചാര്‍ജ്ജ് അടയ്‌ക്കേണ്ടതില്ല, ഫിയനാഫാള്‍ പിന്തുണയ്ക്ക് ഉപാധി; പ്രശ്‌നം ഇന്ന് പാര്‍ലമെന്റ് ചര്‍ച്ച ചെയ്‌തേക്കും

ഡബ്ലിന്‍: വാട്ടര്‍ ചാര്‍ജ്ജ് പ്രശ്‌നത്തില്‍ മൂന്നു ഘട്ട കരാറുമായി ഫിയനാഫാളും ഫിനഗേലും. എന്‍ഡ കെന്നി ഒപ്പുവയ്ക്കാനിരിക്കുന്ന കരാര്‍ പ്രകാരം വാട്ടര്‍ ചാര്‍ജ്ജ് രണ്ടു വര്‍ഷത്തേയ്ക്ക് നിര്‍ത്തിവയ്ക്കും. ഒപ്പം വാട്ടര്‍ ചാര്‍ജ്ജ് പുനഃപരിശോധിക്കാനായി കമ്മീഷനെ നിയോഗിക്കുകയും ചെയ്യും.
ഐറിഷ് വാട്ടറിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍, ഫണ്ടിങ് തുടങ്ങിയവയാണ് കമ്മീഷന്‍ പരിശോധിക്കുകയെങ്കിലും, വാട്ടര്‍ ചാര്‍ജ്ജ് നിലനിര്‍ത്തേണ്ടതുണ്ടോ എന്നതും പരിശോധനാവിഷയമാകും. കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം പാര്‍ലമെന്റില്‍ രൂപീകരിക്കുന്ന കമ്മിറ്റി തീരുമാനമെടുക്കും. ഈ തീരുമാനം എന്തു തന്നെയായാലും ഫിനഗേലും ഫിയനാഫാളും അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ് എന്നാണ് കരാര്‍.

ഇന്നലെ രാത്രിയോടെ താല്‍ക്കാലികമായി അവസാനിച്ച ഫിയനാഫാള്‍ഫിനഗേല്‍ ചര്‍ച്ച ഇരുപാര്‍ട്ടികള്‍ക്കും ശുഭപ്രതീക്ഷകള്‍ നല്‍കിയാണ് പിരിഞ്ഞത്. ചര്‍ച്ച ഇന്നും തുടരുമെന്ന് കാര്‍ഷിക മന്ത്രി സൈമണ്‍ കൊവേനി പറഞ്ഞു.

അതേസമയം വാടകവര്‍ദ്ധനവ്,മോര്‍ട്ട്‌ഗേജ് തുടങ്ങിയ രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇനിയും ഐക്യത്തിലെത്തേണ്ടതുണ്ടെന്നാണ് ഫിയനാഫാള്‍ ഡെപ്യൂട്ടി ജിം ഒ കാല്ലഗന്‍ പറഞ്ഞത്. ചര്‍ച്ചകള്‍ക്ക് ചെറിയ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാട്ടര്‍ ചാര്‍ജ്ജ് പ്രശ്‌നം ഇന്ന് പാര്‍ലമെന്റ് ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം അടുത്തതായി അധികാരമേല്‍ക്കുന്ന സര്‍ക്കാരിന് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയായിരിക്കും കടന്നുപോകേണ്ടിവരികയെന്ന് ധനകാര്യ വകുപ്പ് മുന്നറിയിപ്പു നല്‍കി. 2017 വരെ വളര്‍ച്ചയുണ്ടാകാമെങ്കിലും, ശേഷം കടുത്ത മാന്ദ്യമാണ് കാത്തിരിക്കുന്നത്.

ഈ വര്‍ഷം ഇതുവരെയുള്ള ഇന്‍കം ടാക്‌സ്, വാറ്റ് തുടങ്ങിയവയിലൂടെ ഖജനാവിലെത്തിയ തുക വളരെ കുറവാണെന്നും വകുപ്പ് പറയുന്നു.വാട്ടര്‍ ചാര്‍ജ് കൂടി വേണ്ടെന്നു വെയ്ക്കുമ്പോള്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ ഗണ്യമായ കുറവ് വരുമെന്നാണു അവരുടെ വാദം.

Scroll To Top