Wednesday December 07, 2016
Latest Updates

വിലപേശല്‍ തുടരുന്നു,സര്‍ക്കാര്‍ ഈ ആഴ്ച്ച ഉണ്ടാവുമെന്നു പ്രതീക്ഷിക്കരുതെന്ന് സ്വതന്ത്ര ടി ഡി മാര്‍

വിലപേശല്‍ തുടരുന്നു,സര്‍ക്കാര്‍ ഈ ആഴ്ച്ച ഉണ്ടാവുമെന്നു പ്രതീക്ഷിക്കരുതെന്ന് സ്വതന്ത്ര ടി ഡി മാര്‍

ഡബ്ലിന്‍:സര്‍ക്കാര്‍ രൂപീകരിക്കാനായി ഫിനഗേല്‍ പാര്‍ട്ടി അയര്‍ലണ്ടിലെ സ്വതന്ത്ര ടി ഡി മാരുടെ പിടിവാശികള്‍ക്കും കീഴടങ്ങുന്നു.ആഴ്ചകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഫിയനാഫാളിന്റെ പിന്തുണ ഉറപ്പു വരുത്തിയ ശേഷവും വീണ്ടും ആവശ്യമായ 6 ടി ഡി മാരുടെ പിന്തുണയ്ക്കായാണ് സ്വതന്ത്രരുടെ മുമ്പില്‍ കീഴടങ്ങി പിന്തുണ നേടാന്‍ ഫിനഗേല്‍ നേതാക്കള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

ഫിനഗേലും ,ഓരോ ടി ഡിയുമായും,ടി ഡി മാരുടെ സഖ്യവുമായും സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്നലെയും ചര്‍ച്ചകള്‍ നടന്നു.മുന്‍ സഖ്യകക്ഷിയായ ലേബര്‍ കയ്യൊഴിഞ്ഞതോടെ എന്‍ഡ കെന്നിയെ പ്രധാനമന്ത്രിയായി വിജയിപ്പിക്കണമെങ്കില്‍ ഫിനഗേലിന് ആറ് സ്വതന്ത്രരുടെ പിന്തുണകൂടി വേണം. അതേസമയം സര്‍ക്കാര്‍ രൂപീകരണം ഈയാഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുതെന്ന് സ്വതന്ത്ര ടി.ഡി മൈക്കല്‍ ഫിറ്റ്‌സ്മൗറിസ് ഇന്നലെ മാധ്യമങ്ങളിലൂടെ സൂചന നല്കി.

പല കാര്യങ്ങളും ചര്‍ച്ച ചെയ്യാനുണ്ടെന്നും അത്രയും സമയം സര്‍ക്കാര്‍ രൂപീകരിക്കാനെടുക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഫിയനാഫാളുമായി രണ്ടാഴ്ചയോളം നീണ്ട ചര്‍ച്ചയില്‍ 31 പോളിസികളാണ് ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പ്രതിരോധമന്ത്രി സിമോണ്‍ കൊവേനിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ ആരോഗ്യമന്ത്രി ലിയോ വരേദ്കറും സ്വതന്ത്ര ടി.ഡി ജോണ്‍ ഹല്ലിഗനും തമ്മില്‍ വോട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു. ഹോസ്പിറ്റലിന്റെ വികസന കാര്യങ്ങളില്‍ ഉറപ്പു ലഭിക്കാത്തപക്ഷം താന്‍ ഫിനഗേലിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാരിനെ പിന്തുണയ്ക്കില്ലെന്ന് ഹല്ലിഗന്‍ വ്യക്തമാക്കിയിരുന്നു.മിക്ക ടി ഡി മാരും ഇത്തരത്തിലുള്ള ഓരോ ആവശ്യമെങ്കിലും മന്ത്രിസഭയ്ക്കുള്ള പിന്തുണയ്ക്ക് പകരമായി ചോദിച്ചു വാങ്ങാനുള്ള തിരക്കിലാണ്

Scroll To Top