Tuesday November 21, 2017
Latest Updates

സ്വതന്ത്രര്‍ പിടി മുറുക്കുന്നു, കെന്നിയ്ക്ക് ഇന്നും മന്ത്രിസഭയുണ്ടാക്കാനാവില്ലെന്ന് സൂചനകള്‍

സ്വതന്ത്രര്‍ പിടി മുറുക്കുന്നു, കെന്നിയ്ക്ക് ഇന്നും മന്ത്രിസഭയുണ്ടാക്കാനാവില്ലെന്ന് സൂചനകള്‍

ഡബ്ലിന്‍: സ്വതന്ത്രരുമായുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സ്ഥിതിക്ക് കാവല്‍ പ്രധാനമന്ത്രിയും ഫിനഗേല്‍ നേതാവുമായ എന്‍ഡ കെന്നിക്ക് ഇന്നു നടക്കുന്ന വോട്ടെടുപ്പിലും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ആവശ്യമായ പിന്തുണ ലഭിക്കില്ല എന്നു റിപ്പോര്‍ട്ട്. ഇനിയും ഒരുപിടി കാര്യങ്ങളില്‍ തീരുമാനമെടുക്കാനുണ്ടെന്നാണ് സ്വതന്ത്രര്‍ പറയുന്നത്.ധാരണകള്‍ മാത്രം പോര അത് കരാറിലാക്കി എഴുതപ്പെട്ടാല്‍ മാത്രമേ എന്‍ട കെന്നിയെ പിന്തുണയ്ക്കാനാവു എന്ന നിലപാട് ചില സ്വതന്ത്ര അംഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഡോള്‍ യോഗത്തില്‍ കെന്നി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടേക്കാം എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം ഫിനഗേലും സ്വതന്ത്രരുമായി പത്ത് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ആശുപത്രികളിലെ പ്രശ്‌നങ്ങള്‍, വിന്‍ഡ് ടര്‍ബൈന്‍സ്, പോസ്റ്റ് ഓഫീസുകള്‍ തുടങ്ങിയവ ചര്‍ച്ചാവിഷയമായി. ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടെന്നാണ് ഫിനഗേല്‍ വക്താവ് പറഞ്ഞത്.

അതേ സമയം ഭരണത്തിലെത്താതെ തന്നെ തങ്ങളുടെ പ്രകടനപത്രികയിലെ ആവശ്യങ്ങളില്‍ സിംഹഭാഗവും ഫിനഗേലിന്റെ നിര്‍ദിഷ്ട മൈനോരിറ്റി സര്‍ക്കാരിനെ കൊണ്ട് ചെയ്യിപ്പിക്കാവുന്നതിന്റെ ആഹ്ലാദത്തിലാണ് ഫിയനാഫാള്‍ പാര്‍ട്ടി.ട്രിനിറ്റി കോളജില്‍ നടത്തപ്പെട്ട ചര്‍ച്ചകളില്‍ ഫിയനാ ഫാള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും എന്‍ട കെന്നിയും പാര്‍ട്ടിയും അംഗീകരിച്ച ശേഷമാണ് മൈക്കില്‍ മാര്‍ട്ടിന്‍ പിന്തുണ നല്കിയത്.

സ്വതന്ത്രരും സമാനമായ രീതിയിലാണ് ഫിനഗേലിനെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നത്.കെന്നി മന്ത്രിസഭ രൂപീകരിച്ചാലും ആവശ്യത്തിന് പിന്തുണ ഇല്ലാത്തതിനാല്‍ മുള്‍മുനയിലൂടെയെ ഭരിക്കനാവുകയുള്ളൂ എന്നും ഉറപ്പാണ്.

Scroll To Top