Friday December 09, 2016
Latest Updates

കെന്നിയുടെ നേതൃത്വത്തില്‍ ഇന്ന് മൈനോറിറ്റി സര്‍ക്കാര്‍ രൂപീകരിച്ചേക്കും,സ്വതന്ത്രരുമായും കരാര്‍

കെന്നിയുടെ നേതൃത്വത്തില്‍ ഇന്ന് മൈനോറിറ്റി സര്‍ക്കാര്‍ രൂപീകരിച്ചേക്കും,സ്വതന്ത്രരുമായും കരാര്‍

ബ്ലിന്‍: എഴുപതു ദിവസങ്ങളിലെ അനിശ്ചിതത്വത്തിനവസാനം കുറിച്ച് കൊണ്ട് എന്‍ഡ കെന്നിയുടെ നേതൃത്വത്തില്‍ അയര്‍ലണ്ടില്‍ മൈനോറിറ്റി സര്‍ക്കാര്‍ നിലവില്‍ വന്നേക്കും.ഇന്ന് ചേരുന്ന ഡോള്‍ യോഗത്തില്‍ കെന്നി പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് 12 മണി മുതലാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള സമ്മേളനം ആരംഭിക്കുക.നാല് മണിയോടെ വോട്ടെടുപ്പ് നടക്കും.

മൂന്നു സീനിയര്‍ മന്ത്രിസ്ഥാനങ്ങളും, മൂന്ന് ജൂനിയര്‍ മന്ത്രിസ്ഥാനങ്ങളും സ്വതന്ത്ര ടി.ഡിമാര്‍ക്ക് നല്‍കാനും ധാരണയായിട്ടുണ്ട്. ചര്‍ച്ചകള്‍ ഇന്നലെ രാത്രി വൈകി അവസാനഘട്ടത്തിലായിരുന്നു. ഇന്നലെ നടന്ന യോഗത്തിനു ശേഷം 10 സ്വതന്ത്ര ടി.ഡിമാര്‍ കെന്നിയെ പിന്തുണയ്ക്കുമെന്നാണ് വാര്‍ത്താവൃത്തങ്ങള്‍ നല്‍കിയ സൂചന.ഫിയനാഫാള്‍ സ്വീകരിച്ചത് പോലെ ഒരു കരാര്‍ സ്വതന്ത്രരുമായും ഫിനഗേല്‍ ഒപ്പ് വെയ്‌ക്കേണ്ടി വന്നു.

സ്വതന്ത്രരുടെ സമ്മര്‍ദത്തീന്റെ ഭാഗമായി ചില ഏതാനും റൂറല്‍ ഗാര്‍ഡ സ്റ്റേഷനുകള്‍ വീണ്ടും തുറക്കാന്‍ ധാരണയായിട്ടുണ്ട്.ആറ് റൂറല്‍ ഗാര്‍ഡ സ്റ്റേഷനുകള്‍ വീണ്ടും തുറക്കാനാണ് ഇന്നലെ സ്വതന്ത്രരും ഫിനഗേലും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായത്. ഇവ ഏതെല്ലാമാണെന്ന് ഗാര്‍ഡ ഇന്‍സ്പക്ടറേറ്റിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം അറിയിക്കും.

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ പുനഃപരിശോധിക്കാനായി സമിതിയെ നിയമിക്കണമെന്ന ക്യംപെയ്‌നറായ ഡേവിഡ് ഹാളിന്റെ നിര്‍ദ്ദേശവും പരിഗണിക്കപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര ടി.ഡി ജോണ്‍ ഹല്ലിഗന്റെ നിര്‍ദ്ദേശപ്രകാരം വാട്ടര്‍ഫോര്‍ഡ് ഹോസ്പിറ്റലിലെ കാര്‍ഡിയാക് വിഭാഗം സൗകര്യങ്ങള്‍ പരിശോധിക്കാനും ധാരണയായി. ഇതോടെ സ്വതന്ത്ര ടി.ഡമാരായ ഡെനിസ് നോട്ടന്‍, മൈക്കല്‍ ഹാര്‍ട്ടി, നോയല്‍ ഗ്രീലിഷ്, മാറ്റീ മക്ഗ്രാത്ത് എന്നിവരും മറ്റ് ആറു സ്വതന്ത്രര്‍ ചേര്‍ന്ന് രൂപീകരിച്ച സഖ്യവും കെന്നിയെ പിന്തുണയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

Scroll To Top