Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ വാഹനങ്ങളില്‍ ജിപിഎസ് സംവിധാനത്തിനും ടച്ച് സ്‌ക്രീന്‍ റേഡിയോയ്ക്കും നിരോധനം വരുന്നു

അയര്‍ലണ്ടിലെ വാഹനങ്ങളില്‍ ജിപിഎസ് സംവിധാനത്തിനും ടച്ച് സ്‌ക്രീന്‍ റേഡിയോയ്ക്കും നിരോധനം വരുന്നു

ഡബ്ലിന്‍ :വാഹനങ്ങളില്‍ ജിപിഎസ് സംവിധാനത്തിനും ടച്ച് സ്‌ക്രീന്‍ റേഡിയോയ്ക്കും നിരോധനം വരുന്നു. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള സമാനമായ വിലക്കാണ് ഇതിനും ഏര്‍പ്പെടുത്തുന്നത്. വാഹനമോടിക്കുമ്പോള്‍ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന ആധുനിക സംവിധാനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടിലാണ് ജിപിഎസ് എന്റര്‍ടെയിന്‍മെന്റ് സംവിധാനത്തിനും ടച്ച് സക്രീന്‍ റേഡിയോയ്ക്കും വിലക്ക് ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുള്ളത്.ഈ വര്‍ഷാവസാനത്തില്‍ കൊണ്ടുവരുന്ന ട്രാഫിക് നിയമ പരിഷ്‌ക്കരണത്തില്‍ ഈ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തും.

സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം നിരവധി വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. കാല്‍നട യാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവര്‍ നിരത്തുകളില്‍ പാലിക്കുന്ന ശൈലിയും പഠനവിധേയമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയനില്‍ പൊതുവെ വാഹനാപകടങ്ങളില്‍ കുറവുണ്ടായപ്പോള്‍ അയര്‍ലണ്ട് അടക്കമുള്ള ചില രാഷ്ട്രങ്ങളില്‍ വാഹനാപകടങ്ങള്‍ കൂടുകയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം 43 പേരുടെ ജീവനാണ് നിരത്തുകളില്‍ പൊലിഞ്ഞത്. വാഹനമോടിക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗമാണ് അപകടങ്ങള്‍ കൂടുതല്‍ വരുത്തിവെക്കുന്നതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളില്‍ വാഹനാപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ച് ശതമാനമായി കുറഞ്ഞിട്ടുണ്ട്. വാഹനാപകടങ്ങളില്‍ അകപ്പെടുന്ന 65 വയസ്സിന് മുകളില്‍ പ്രായമായവരില്‍ ഏറെയും വഴിയാത്രക്കാരും സൈക്കിള്‍ ഓടിക്കുന്നവരുമാണ്. ഇത്തരത്തിലുള്ള അപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ നിരത്തുകള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളെക്കാള്‍ സുരക്ഷിതമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അമിത വേഗക്കാരെ കുടുക്കാന്‍ ക്യാമറകള്‍ സ്ഥാപിച്ചതും റോഡുകള്‍ നവീകരിച്ചതും ഇതിന് സഹായകമായി. ഇയു രാഷ്ട്രങ്ങളില്‍ ബാക് സീറ്റില്‍ ഇരിക്കുന്നവര്‍ പോലും സീറ്റ് ബെല്‍റ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. ഡ്രൈവിങ് ടെസ്റ്റ് പാസ്സാകുന്നതോടെ ഇവിടെ ഫുള്‍ ലൈസന്‍സ് നല്‍കാറില്ല. ഡ്രൈവിങിലെ മുന്‍ പരിചയം പരിശോധിച്ച ശേഷം മാത്രമെ ഫുള്‍ ലൈസന്‍സ് അനുവദിക്കുന്നുള്ളൂ.

Scroll To Top