Monday December 05, 2016
Latest Updates

മുസ്ലീം എതിര്‍പ്പ് ഫലം കണ്ടു; സ്‌കൂളുകളില്‍നിന്ന് സൂര്യനമസ്‌ക്കാരം ഒഴിവാക്കി

മുസ്ലീം എതിര്‍പ്പ് ഫലം കണ്ടു; സ്‌കൂളുകളില്‍നിന്ന് സൂര്യനമസ്‌ക്കാരം ഒഴിവാക്കി

രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി സൂര്യനമസ്‌കാരം പരിശീലിപ്പിക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. സൂര്യനമസ്‌കാരം ഇസ്‌ലാം വിരുദ്ധമാണെന്ന് കാട്ടി മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് പ്രമേയം പാസാക്കുകയും ഇത് ഒഴിവാക്കുന്നതിനായി സര്‍ക്കാരിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതിന്റെ തത്ഫലമായിട്ടാണ് മാനവവിഭവശേഷി മന്ത്രാലയം ഉത്തരവ് പുതുക്കി ഇറക്കിയത്. സ്‌കൂളുകളില്‍ ഹൈന്ദവ ആചാരങ്ങള്‍ തിരുകി കയറ്റാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു. യോഗയ്‌ക്കെതിരെയും സൂര്യനമസ്‌ക്കാരത്തിനെതിരെയും പ്രതിഷേധം ഉയര്‍ത്തുമെന്ന് ഇന്നലെ മുസ്ലീം ലീഗും പറഞ്ഞിരുന്നു.

സൂര്യനമസ്‌ക്കാരം ഇസ്ലാം വിരുദ്ധമായ ആചാരമാണ്. മുസ്ലീംഗങ്ങള്‍ അള്ളാഹുവിന് മുന്നില്‍ മാത്രമെ നമസ്‌ക്കരിക്കുകയുള്ളു. സൂര്യനെ വണങ്ങുന്നത് ഏകദൈവ സിദ്ധാന്തത്തിന് എതിരാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി മുസ്ലീം സംഘടനകള്‍ വാദിക്കുന്നുണ്ട്. അതേസമയം യോഗാ പരിശീലനത്തില്‍ മാറ്റമില്ല. അമിതാഭ് ബച്ചന്‍, വിരാട് കൊഹ്‌ലി തുടങ്ങിയ സെലിബ്രിറ്റികളെ കൂടി ഉള്‍പ്പെടുത്തി അന്താരാഷ്ട്ര യോഗാ ദിനം പ്രൗഡഗംഭീരമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. സെലിബ്രിറ്റികളെയും യോഗാ പരിപാടികളില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്.

അതേസമയം യോഗയെയും സൂര്യനമസ്‌കാരത്തെയും എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംപി യോഗി ആദിത്യനാഥ് രംഗത്ത് എത്തി. മുന്‍പും വിവാദമായ പല പ്രസ്താവനകളും നടത്തി ബിജെപി സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. സൂര്യ നമസ്‌കാരം യോഗയുടെ അവിഭാജ്യ ഘടകമാണ്. അത് ഒഴിവാക്കാനാകില്ല. യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകുകയാണ് വേണ്ടത്. യോഗ ദിനാചരണത്തില്‍നിന്നും സൂര്യനമസ്‌ക്കാരം ഒഴിവാക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരെയാണ് ആദിത്യനാഥിന്റെ പ്രതികരണം. ഗോരഖ്പുരില്‍നിന്നുള്ള ബിജെപി എംപിയാണ് യോഗി ആദിത്യനാഥ്.

Scroll To Top