Tuesday December 06, 2016
Latest Updates

നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; കേസെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍; തട്ടിപ്പെന്ന് വ്യക്തമായിട്ടും നോര്‍ക്കയ്ക്കും ആഭ്യന്തരവകുപ്പിനും നിസംഗത

നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; കേസെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍; തട്ടിപ്പെന്ന് വ്യക്തമായിട്ടും നോര്‍ക്കയ്ക്കും ആഭ്യന്തരവകുപ്പിനും നിസംഗത

കൊച്ചി: റിക്രൂട്ട്‌മെന്റ് നടത്തി നേഴ്‌സുമാരുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് വ്യക്തമായിട്ടും കേസില്‍ പ്രാഥമിക അന്വേഷണം പോലും നടത്താന്‍ വിസമ്മതിച്ച് സംസ്ഥാന സര്‍ക്കാര്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. 300 കോടി രൂപയിലേറെയാണ് ഇവര്‍ നേഴ്‌സുമാരില്‍നിന്ന് തട്ടിയെടുത്തത്. തട്ടിപ്പില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്‍സിന്റെ പങ്കാണ് സിബിഐ അന്വേഷിക്കുന്നത്. ഇങ്ങനെ പോയാല്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ട് പുറത്തു വരും. തട്ടിപ്പുകള്‍ തടസ്സമില്ലാതെ തുടരുകയും ചെയ്യും.

കൊച്ചിയിലെ അല്‍സറാഫ, പാലാരിവട്ടത്തുള്ള മാത്യു ഇന്റര്‍നാഷണല്‍ എന്നീ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ കുവൈറ്റ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന് സിബിഐ കണ്ടെത്തിയിരുന്നു. 1200 നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനായിരുന്നു ഇവര്‍ക്ക് കരാറുണ്ടായിരുന്നത്. എന്നാല്‍ അല്‍സറാഫയ്ക്ക് കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്‍സിന്റെ വഴിവിട്ട സഹായം ലഭിച്ചതോടെ ഇവര്‍ അനധികൃതമായി റിക്രൂട്ട്‌മെന്റുകള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. ഇക്കാര്യങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാല്‍ അല്‍സറാഫയെയും ഉടമ ഉതുപ്പ് വര്‍ഗീസിനെയും സിബിഐ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ മാത്യു ഇന്റര്‍നാഷണലിന് പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്‍സിന്റെ സഹായം ലഭിച്ചോ എന്നതിന് ഇതുവരെ തെളിവില്ല. അതുകൊണ്ട് തന്നെ ഇവരെ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല.

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെയാണ് സിബിഐയുടെ പ്രധാന അന്വേഷണം. അതുകൊണ്ട് തന്നെ തട്ടിപ്പ് നടത്തിയ ഏജന്‍സികള്‍ കടുത്ത നടപടിയില്‍നിന്ന് രക്ഷപ്പെട്ട് നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നിസ്സംഗത വാര്‍ത്താ പ്രാധാന്യം നേടുന്നത്. തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായിട്ടും സംസ്ഥാനസര്‍ക്കാര്‍ ഒരു നടപടിയുമെടുത്തിട്ടില്ല. റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോര്‍ക്ക ഏറ്റെടുത്തു. എന്നാല്‍ തട്ടിപ്പിനോട് മുഖം തിരിയ്ക്കുകയാണ്. പണം നല്‍കിയ ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കാത്തതിനാല്‍ പൊലീസിനും കേസെടുക്കാനാവില്ല. എന്നാല്‍ നോര്‍ക്കയ്ക്ക് പരാതി നല്‍കാന്‍ സാധിക്കുമെങ്കിലും അവരതിന് മുതിരുന്നില്ല. കാരണം ഉന്നത ഇടപെടലുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തരവകുപ്പിനും സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാം. പക്ഷേ രണ്ടായിരത്തോളം വിദ്യാര്‍ഥികളില്‍ നിന്ന് മുന്നൂറു കോടി രൂപ ഏജന്‍സികള്‍ തട്ടിയെടുത്തിട്ടും ആഭ്യന്തരവകുപ്പും അനങ്ങിയിട്ടില്ല.

സോളാര്‍ കേസ്, ബാര്‍ കോഴ, ഭൂമി തട്ടിപ്പ് തുടങ്ങി നിരവധി തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നെന്ന ആക്ഷേപമുള്ള കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന് മറ്റൊരു ചീത്തപ്പേര് കൂടി ചാര്‍ത്തി നല്‍കുന്നതാണ് നേഴ്‌സിംഗ് തട്ടിപ്പു കേസില്‍ സ്വീകരിക്കുന്ന നിസംഗത. തട്ടിപ്പു കേസുകളില്‍ കേസെടുക്കണമെന്നും മന്ത്രിമാരെ പുറത്താക്കണമെന്നും ആവശ്യപ്പെടുന്ന പ്രതിപക്ഷവും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഉതുപ്പ് വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരുടെ ഉന്നത ബന്ധമാണ് സര്‍ക്കാരിന്റെ നിസംഗതയ്ക്ക് പിന്നിലെന്നാണ് ആരോപണം.

Scroll To Top