Friday September 22, 2017
Latest Updates

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റിന് സര്‍ക്കാര്‍ സംവിധാനം നാളെ മുതല്‍; സ്വകാര്യ ഏജന്‍സികള്‍ക്ക് ഇന്ന് താഴ് വീഴും

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റിന് സര്‍ക്കാര്‍ സംവിധാനം നാളെ മുതല്‍; സ്വകാര്യ ഏജന്‍സികള്‍ക്ക് ഇന്ന് താഴ് വീഴും

 

ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ ഇന്ന് അടച്ചുപൂട്ടപ്പെടും . പകരമുള്ള സര്‍ക്കാര്‍ സംവിധാനം നാളെ നിലവില്‍ വരും. നോര്‍ക്ക റൂട്‌സിനും സംസ്ഥാന തീഴില്‍വകുപ്പിന്റെ കീഴിലുള്ള ഓവര്‍സീസ് ഡവലപ്‌മെന്റ് ആന്‍ഡ് എമ്പ്‌ളോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്‌സിനും (ഒഡിഇപിസി) മാത്രമേ ഇനിമുതല്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള അധികാരം ഉണ്ടാവൂ.

വിദേശത്തേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റില്‍ വന്‍ തട്ടിപ്പുകളും ക്രമക്കേടുകളും ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടലുകളുമായി രംഗത്തെത്തുന്നത്. ഏപ്രില്‍ മുപ്പതിന് ശേഷം പതിനെട്ട് ജിസിസി രാജ്യങ്ങളിലേക്ക് നഴ്‌സുമാരുടെ ജോലിക്ക് അയക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിമാത്രമേ പാടുള്ളൂവെന്ന് വിദേശകാര്യമന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പറയുന്നു. കേരളത്തിലെ റിക്രൂട്ട്‌മെന്റ് ചുമതലയുള്ള ഏജന്‍സികളില്‍ മതിയായ സംവിധാനങ്ങള്‍ ഇതുവരെ ഒരുങ്ങിയിട്ടില്ല.

എന്നാല്‍ ഇതോടെ വിദേശജോലി സ്വപ്നം കണ്ടു കഴിയുന്ന നിരവധി നഴ്‌സുമാരുടെ ഭാവി അവതാളത്തിലാകുമെന്നും സൂചയുണ്ട്. എമിഗ്രന്‍സി ചെക്ക് നോട്ട് റിക്വയേര്‍ഡ് (ഇസിഎന്‍ആര്‍) എന്ന വ്യവസ്ഥയിലാണ് രാജ്യത്തെ നഴ്‌സുമാര്‍ വിദേശരാജ്യങ്ങളിലേക്കു പോയിരുന്നത്. ഇതുപ്രകാരം സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നല്‍കുന്ന തൊഴില്‍ കരാര്‍ ഉള്ള നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ പരിശോധനകള്‍ ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി വിദേശത്തേക്ക് ജോലിക്ക് പോകണമെങ്കില്‍ നഴ്‌സുമാര്‍ എമിഗ്രന്‍സി ചെക്ക് റിക്വയേര്‍ഡ് (ഇസിആര്‍) എന്ന സ്റ്റാറ്റസിലായിരിക്കും പോകേണ്ടിവരിക. ഇന്ത്യയും വിദേശരാജ്യങ്ങളിലെ ഹൈക്കമ്മിഷനുകള്‍ വഴി അതത് രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി കരാറുകള്‍ നിലവിലുണ്ടെങ്കില്‍ മാത്രമേ ഇസിആര്‍ നടപ്പാകൂ.

കുവൈത്തിലേക്കടക്കം വിസയ്ക്കായി നഴ്‌സുമാരില്‍ നിന്നും ഈടാക്കിയിരുന്നത് 22 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ്. കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ തന്നെ കേന്ദ്രസര്‍ക്കാരിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിദേശ നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് മേഖലയില്‍ കടുത്ത നിലപാടുകളെടുത്തത്.

 

Scroll To Top