Monday December 05, 2016
Latest Updates

ഗൂഗിളിന് പുതിയ മുഖം 

ഗൂഗിളിന് പുതിയ മുഖം 

കാലിഫോര്‍ണിയ: പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ തങ്ങളുടെ ലോഗോ പരിഷ്‌കരിച്ചു. ഗൂഗിളിന്റെ ഹോം പേജില്‍ ആനിമേഷന്‍ രൂപത്തിലാണ് പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുന്നത്. ലോഗോക്കുപുറമെ ഐക്കണും ഗൂഗിള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഗൂഗിള്‍ ഈ മാറ്റം ലോകത്തെ അറിയിച്ചത്.

പഴയ ലോഗോ മായ്ച്ചു കളഞ്ഞുകൊണ്ട് പുതിയ ലോഗോ എഴുതുന്ന രീതിയില്‍ ആനിമേഷന്‍ രൂപത്തിലാണ് ഗൂഗിളില്‍ ഹോം പേജില്‍ ലോഗോ അവതരിപ്പിച്ചത്. ചെറിയക്ഷര ജിയില്‍ നിന്നും നീല, പച്ച, മഞ്ഞ, ചുവപ്പ് എന്നീ നാലു നിറങ്ങളിലുള്ള വലിയ ജി ആണ് പുതിയ ഗൂഗിള്‍ ഐക്കണ്‍.

തങ്ങളുടെ പ്രോഡക്ടിന്റെ രൂപവും അനുഭവവും പുതിയ കാലത്തിനനുസരിച്ചാക്കുന്നതിന്റെ ഭാഗമായിട്ടാണ് വീണ്ടും ഒരു മാറ്റമെന്ന് കമ്പനി ബ്ലോഗില്‍ കുറിച്ചു. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഗൂഗിളില്‍ പ്രവേശിക്കുന്നവരെ ഉദ്ദേശിച്ചാണ് മാറ്റം. ഡെസ്‌ക് ടോപ്പുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ പേര്‍ മൊബൈല്‍ വഴിയാണ് ഗൂഗിളില്‍ പ്രവേശിക്കുന്നത്. ഈ ഉപഭോക്താക്കളെക്കൂടി പരിഗണിച്ചാണ് പുതിയ മാറ്റമെന്ന് കമ്പനി പറഞ്ഞു.

ആല്‍ഫബെറ്റ് എന്ന മാതൃകമ്പനിക്ക് കീഴിലേക്ക് ഗൂഗിള്‍ മാറിയതിനു ശേഷമുള്ള പ്രധാനമാറ്റമാണിത്. 1999ലാണ് ഗൂഗിള്‍ അവസാനമായി ലോഗോയില്‍ വലിയ മാറ്റം വരുത്തിയത്. 2013 സെപ്തംബറില്‍ ഗൂഗിള്‍ ലോഗോയില്‍ ചില പരിഷ്‌കരണങ്ങള്‍ വരുത്തിയിരുന്നു.

പതിനേഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗൂഗിള്‍ കെട്ടിലും മട്ടിലും ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇക്കാര്യം വിശദീകരിക്കുന്ന യൂട്യൂബ് വീഡിയോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

Scroll To Top