Thursday September 21, 2017
Latest Updates

കേരളത്തിലേയ്ക്ക് സ്വര്‍ണ്ണം കടത്തിയ അയര്‍ലണ്ടുകാരനെ കസ്റ്റംസ് മര്‍ദ്ദിച്ചവശനാക്കി,ഒരു വര്‍ഷത്തേയ്ക്ക് ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിലടച്ചു 

കേരളത്തിലേയ്ക്ക് സ്വര്‍ണ്ണം കടത്തിയ അയര്‍ലണ്ടുകാരനെ കസ്റ്റംസ് മര്‍ദ്ദിച്ചവശനാക്കി,ഒരു വര്‍ഷത്തേയ്ക്ക് ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിലടച്ചു 

കൊച്ചി : നെടുമ്പാശേരി വിമാനത്താവളം വഴി 10 കിലോ സ്വര്‍ണം കടത്തുന്നതിനിടെ കസ്റ്റംസിന്റെ പിടിയിലായ അയര്‍ലണ്ടുകാരന്‍ ആന്‍ഡ്രൂ എഡ്വിന്‍ മിനിഹാനെ കേരളത്തിലെ കസ്റ്റംസ് മര്‍ദ്ദിച്ചവശനാക്കിയതായി പരാതി.വെക്‌സ്‌ഫോര്‍ഡിലെ ന്യൂ റോസിലുള്ള ധനിക കുടുംബത്തിലെ അംഗമായ ആന്‍ഡ്രൂവിനെ സത്യം പറയിക്കാന്‍ ശാരീരികമായും മാനസികമായും കസ്റ്റംസ് അധികൃതര്‍ ഉപദ്രവിച്ചുവെന്നാണ് ഇയാള്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണങ്ങള്‍ക്കുള്ള പ്രത്യേക കോടതിയെ അറിയിച്ചത്.

ഇതിനെതിരേ ഐറീഷ് മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കാന്‍ ബന്ധുക്കള്‍ നീക്കം നടത്തുന്നുണ്ട്.ഡബ്ലിനില്‍ എത്തി അഭിഭാഷകരുമായി ചര്‍ച്ച നടത്തിയതായി ആന്‍ഡ്രൂവിന്റെ ബന്ധുക്കള്‍ പറഞ്ഞു.ജൂണ്‍ 13നു പിടിയിലായ ഇയാളെ 24 മണിക്കൂര്‍ മാത്രമാണു കംസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്. എഡ്വിന്‍ ദുബായില്‍നിന്നു കേരളത്തിലേക്കു സ്വര്‍ണം കടത്തിയിരുന്നതു സോഫ്റ്റ്‌വേര്‍ ബിസിനസിന്റെ മറവിലായിരുന്നു. ദുബായിലെ നെക്‌സിജന്‍ എന്ന സോഫ്റ്റ്‌വേര്‍ കമ്പനിയുടെ പ്രതിനിധിയായാണ് ഇയാള്‍ കേരളത്തില്‍ എത്തിയിരുന്നത്.

മുമ്പ് പ്രതീക്ഷിച്ചിരുന്നത് പോലെ ആന്‍ഡ്രൂവിനെതിരെ ഇന്നലെ കോഫെപോസ ചുമത്തി. ഇതോടെ ഇയാളെ ഒരുവര്‍ഷം വരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാം. സ്വര്‍ണം കടത്തുന്നതില്‍ ഇയാളുടെ പങ്കാളിയായ അക്ബര്‍ മുഹമ്മദ് താരീഖിനെ പിടികൂടാനാണു കസ്റ്റംസ് കൊഫെപോസെ ചുമത്തിയതെന്നാണു സൂചന. 

ആന്‍ഡ്രൂ എഡ്വിന്‍ നികുതി വെട്ടിച്ച് 130 കിലോ സ്വര്‍ണം കേരളത്തിലേക്കു കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. രണ്ടു വര്‍ഷത്തിനിടെ 30 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള എഡ്വിന്‍ 25 തവണ കേരളത്തിലെത്തിയിട്ടുണ്ട്. നികുതിവെട്ടിച്ച് സ്വര്‍ണം കടത്തിയതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത്. 

സ്വര്‍ണക്കടത്തിനായി ബിസിനസ് വിസയും ഉപയോഗപ്പെടുത്തി. ബിസിനസ് വിസയില്‍ എത്തുന്നവരെ പലപ്പോഴും കര്‍ശനമായി പരിശോധിക്കാറില്ലെന്നു മനസിലാക്കിയാണു സ്വര്‍ണക്കടത്തുസംഘം ഇയാളെ കള്ളക്കടത്തിനായി ഉപയോഗിച്ചത്. കേരളത്തിലും മറ്റും പ്രവര്‍ത്തിക്കുന്ന വിവിധ ഐടി കമ്പനികളുടെ വിവരങ്ങള്‍ ഇയാളുടെ പക്കല്‍നിന്നു കണ്ടെടുത്തു. ആദ്യഘട്ടത്തില്‍ ദുബായില്‍നിന്നു ഡല്‍ഹിയിലെത്തിയ ശേഷം ആഭ്യന്തര സര്‍വീസുകളിലാണ് ഇയാള്‍ കൊച്ചിയിലെത്തിയിരുന്നത്. പിന്നീട് ഡല്‍ഹിയില്‍ പരിശോധന കര്‍ശനമാക്കിയതിനാലാണു ദുബായില്‍നിന്നു നേരിട്ട് കൊച്ചിയിലെത്തിത്തുടങ്ങിയത്.

റുമാനിയന്‍ സ്വദേശിനി അലീന കാര്‍മന്‍, ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപം താമസിക്കുന്ന അക്ബര്‍ മുഹമ്മദ് താരീഖ് എന്നിവര്‍ സ്വര്‍ണക്കടത്തില്‍ ഇയാളുടെ പങ്കാളികളായിരുന്നു. ഇവര്‍ ഒരുമിച്ച് വരികയോ, വിവിധ വിമാനത്താവളങ്ങളിലെത്തിയ ശേഷം കൊച്ചിയിലെ ഹോട്ടലുകളില്‍ ഒത്തുകൂടുകയോ ചെയ്യുകയായിരുന്നു. കൊച്ചിയിലെത്തിയശേഷം മൂവരുടെയും പെട്ടെന്നുള്ള മടക്ക യാത്രകളാണു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിനു കാരണമായത്. 

ഇതിനിടെ ആന്‍ഡ്രൂ എഡ്വിന്റെ സഹായിയായ എറണാകുളം കലൂര്‍ സ്വദേശി നിബു മാത്യു വര്‍ഗീസ് കോഴിക്കോട് ഒളിവില്‍ കഴിയുന്നതായി കസ്റ്റംസിനു വിവരംലഭിച്ചെന്നു സൂചനയുണ്ട്. ഇയാളെ മലബാറിലെ പ്രമുഖ ജുവലറി ഉടമയാണു സംരക്ഷിക്കുന്നതെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.എഡ്വിന്‍ കസ്റ്റംസിന്റെ പിടിയിലായ അന്നു രാത്രിതന്നെ നിബു മാത്യു സ്വന്തം കാറില്‍ ബംഗളുരുവിലേക്കു കടന്നിരുന്നു. കസ്റ്റംസ് ഒളിത്താവളം കണ്ടെത്തിയപ്പോഴേക്കും ഇയാള്‍ ഇവിടെനിന്നു മുങ്ങി.

പിന്നീട് ഒളിത്താവളം മൈസൂരുവിലേക്കു മാറ്റിയ ഇയാള്‍ രക്തചന്ദനക്കേസില്‍ പ്രതിയായ ഒരാള്‍ക്കൊപ്പം കര്‍ണാടക ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. എന്നാല്‍, കസ്റ്റംസ് മൈസൂരുവിലെത്തിയപ്പോഴേക്കും ഇയാള്‍ മോചിതനായിരുന്നു. നിബുവിനു ബംഗളുരുവിലും മൈസൂരുവിലും താവളമൊരുക്കിയ മലയാളി വനിതയുള്‍പ്പെടെ ഏതാനും പേരെ കസ്റ്റഡിയിലെടുത്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.

കാക്കനാട് സബ് ജെയിലില്‍ കഴിയുന്ന ആന്‍ഡ്രൂ എഡ്വിനെ ഇന്നു തന്നെ തിരുവനന്തപുരം പൂജപ്പുര ജയിലിലേക്കു മാറ്റും എന്നാണ് സൂചനകള്‍.

Scroll To Top