Sunday September 24, 2017
Latest Updates

ഡബ്ലിന്‍ നഗരത്തില്‍ ആരും പട്ടിണി കിടക്കില്ല….ഇത് ദൈവത്തിന്റെ ഭക്ഷണമേശയുള്ള നഗരം

ഡബ്ലിന്‍ നഗരത്തില്‍ ആരും പട്ടിണി കിടക്കില്ല….ഇത് ദൈവത്തിന്റെ ഭക്ഷണമേശയുള്ള നഗരം

ഡബ്ലിന്‍:’ഒരു വശത്ത് പുരോഗതിയുടെ മേനി നടിക്കുമ്പോഴും അയര്‍ലണ്ടില്‍ ദാരിദ്ര്യം കൊടികുത്തി വാഴുന്നുവെന്നതിന് തെളിവ് കാണാന്‍ ഡബ്ലിന്‍ സിറ്റിയിലെ കപ്പൂച്ചിന്‍ സെന്ററിലേയ്ക്ക് ചെന്നാല്‍ മതി. ക്രിസ്തുമസിന് മുന്നോടിയായി ഡബ്ലിനിലെ കപ്പൂച്ചിന്‍ സെന്ററില്‍ വിതരണം ചെയ്ത ഭക്ഷണ കിറ്റ് വാങ്ങാന്‍ ഈയാഴ്ച്ചയും നൂറുകണക്കിന് പേരാണ് കൊടുംതണുപ്പത്ത് ക്യൂ നിന്നത്’.കഴിഞ്ഞ ദിവസം ചില പത്രങ്ങളില്‍ വന്ന വാര്‍ത്തയാണിത്.

ദാരിദ്ര്യത്തിന് ഡബ്ലിനില്‍ ഇത്തരമൊരു മുഖമുണ്ടെന്ന് വിളിച്ചു പറയാന്‍ ഐറിഷ് മാധ്യമങ്ങള്‍ എപ്പോഴുംകൂട്ടു പിടിയ്ക്കുന്നത് കപ്പൂച്ചിന്‍ സെന്ററിലെ ഈ ക്യൂവാണ്.എല്ലാ ബുധനാഴ്ച്ചകളിലും ഡബ്ലിന്‍ നഗരം ഈ കാഴ്ച്ച കാണുന്നതാണ്.

40 വര്‍ഷം മുമ്പ് കപ്പൂച്ചിന്‍ സെന്റര്‍ തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് ഇത്രയധികം ആളുകള്‍ ഭക്ഷണ പൊതിക്കായി ക്യൂ നില്‍ക്കുന്നതെന്ന് കപ്പൂച്ചിന്‍ സെന്റര്‍ പ്രവര്‍ത്തകര്‍ പറയുന്നത്.കപ്പൂച്ചിന്‍ സെന്ററില്‍ നിന്ന് ഭക്ഷണ പൊതി വാങ്ങുന്നതിന് 2,000ലധികം പേരാണ്കഴിഞ്ഞ ബുധനാഴ്ച എത്തിയത്.അന്ന് ബ്രേക്ക് ഫാസ്റ്റിനായി 780 ല്‍ അധികം പേര്‍ എത്തിയിരുന്നു.

ഭക്ഷണശാല

ഭക്ഷണശാല

ഡബ്ലിന്‍ നഗരത്തില്‍ ഭക്ഷണം ഇല്ലാത്ത ഏതൊരാളും കപ്പൂച്ചീന്‍ ഡേ സെന്ററില്‍ ചെന്നാല്‍ ബ്രേക്ക് ഫാസ്റ്റും,ഡിന്നറും എല്ലാ ദിവസവും സൗജന്യമാണ്.വയറു നിറയും വരെയാണ് ഭക്ഷണം വിളമ്പുന്നത്.യാതൊരു വിധ തിരിച്ചറിയല്‍ കാര്‍ഡും ചോദിക്കാറില്ല.സ്വന്തം വീട്ടിലെ ഊട്ടുമുറിയില്‍ കയറും പോലെയുള്ള അനുഭവം.നിരീക്ഷണത്തിന് പോലും ആളില്ല!ഏതൊരു പാവപ്പെട്ടവന്റെയും അന്തസ് ഒരിക്കലും ചോദ്യപ്പെടാത്ത സ്വാതന്ത്ര്യം.

സാധാരണ ദിവസങ്ങളില്‍ 250 പേര്‍ വരെ രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഇവിടെയെത്തും.9 മണിയ്ക്ക് സെന്റര്‍ തുറക്കുമ്പോള്‍ അന്‍പത് പേരെങ്കിലും കാത്തിരിപ്പുണ്ടാവും.11.30 വരെയാണ് ബ്രേക്ക് ഫാസ്റ്റ്.ഉച്ചയ്ക്ക് 1 മുതല്‍ 3 വരെ ഡിന്നര്‍ വിളമ്പും.പ്രതി ദിനം അഞ്ഞൂറ് പേരെങ്കിലും ഈ ഊട്ടുശാലയില്‍ നിന്നും ഡിന്നര്‍ കഴിയ്ക്കാന്‍ എത്താറുണ്ട്.ഭവന രഹിതര്‍ മാത്രമല്ല,യാത്രികര്‍,നഗരത്തില്‍ എത്തുന്ന പരദേശികള്‍,സാമ്പത്തിക ശേഷി കുറഞ്ഞ വിദ്യാര്‍ഥികള്‍ ഇവര്‍ക്കൊക്കെ കപ്പൂച്ചിന്‍ സെന്റര്‍ സ്വന്തം വീടാണ്‍.ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നവരും വിളമ്പി കൊടുക്കുന്നവരും ഒക്കെ സന്നദ്ധഭടന്മാരാണ്.വര്‍ഷത്തിന്റെ ചില സമയങ്ങളില്‍ സെന്റര്‍ ഒരു വര്‍ഷത്തേയ്ക്ക് വേണ്ട വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കാറുണ്ട്. 

ഐസ് ക്രീമും പുഡ്ഡിംഗും ഉള്‍പ്പെടെയാണ് ഡിന്നര്‍

ഐസ് ക്രീമും പുഡ്ഡിംഗും ഉള്‍പ്പെടെയാണ് ഡിന്നര്‍

ബുധനാഴ്ച്ചകളില്‍ അതിരാവിലെ തന്നെ സെന്ററിന്റെ മിറ്റത്തു ദൂരദേശങ്ങളില്‍ നിന്ന് പോലുമുള്ളവര്‍ എത്തും.ഒരാഴ്ച്ചത്തെയ്ക്കുള്ള അത്യാവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ദിവസമാണ് അന്ന്.അതും സൌജന്യമാണ്.വരുന്ന ഓരോരുത്തര്‍ക്കും ഓരോ സഞ്ചി നിറയെ സാധനങ്ങളാണ് കൊടുക്കുക.ഗോതമ്പ് പൊടി,അരി,ബിസ്‌ക്കറ്റ്കള്‍,സൂപ്പ് ,എന്നിവയൊക്കെ അതില്‍പ്പെടും.ക്രിസ്തുമസിനും ന്യൂ ഇയറിനും മറ്റു വിശേഷാവസരങ്ങളിലും സെന്ററില്‍ എത്തുന്നവര്‍ക്ക് വിശേഷാല്‍ ഭക്ഷണമാണ് ഒരുക്കുന്നത്.

ദരിദ്രര്‍ക്കും ആവശ്യക്കാര്‍ക്കും അത്യാവശ്യമായ മെഡിക്കല്‍ സഹായവും ഇവിടെ ഒരുക്കിയിട്ടുണ്ട്.ഡോക്റ്ററും നഴ്‌സും ഒപ്റ്റിഷ്യനും മാത്രമല്ല,ദന്ത നഖ സംരക്ഷണത്തിനുള്ള സ്‌പെഷ്യലിസ്റ്റുകള്‍ വരെ.നഗരത്തില്‍ അവശതയനുഭവിക്കുന്നവര്‍ നിരാശപ്പെടാതിരിക്കണം.യാതൊരു കാരണവശാലും ഭക്ഷണം ഇല്ലാതെ ആരും ഡബ്ലിന്‍ നഗരത്തില്‍ ഉണ്ടാവാതെയിരിക്കരുത് !ഒരിക്കലും കപ്പൂച്ചിന്‍ സെന്ററിലെ കലവറ കാലിയാവാറില്ല !.ആവശ്യത്തിനുള്ളതൊക്കെ ദൈവം എത്തിച്ചു നല്കും ! കപ്പൂച്ചിന്‍ സെന്റര്‍ സി.ഇ.ഒ ബ്രദര്‍ .കെവിന്‍ പറയുന്നു.സീ ഇ ഓ ആണെങ്കിലും ബ്രദറിന്റെ ശമ്പളം സീറോ യൂറോയാണ് !

യഥാര്‍ഥത്തില്‍ ഡബ്ലിന്‍ നഗരത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരുന്നില്ല എന്നതാണ് സത്യം.ആവശ്യക്കാരനുള്ള ഭക്ഷണം ഒരുക്കി സ്മിത്ത് ഫീല്‍ഡിലെ ബോ സ്ട്രീറ്റിലുള്ള വിശുദ്ധ ഫ്രാന്‍സ്സീസ് അസീസിയുടെ സഹോദരന്മാര്‍ കാത്തിരിക്കുന്നുണ്ട്.ആരെങ്കിലും പട്ടിണി കിടക്കേണ്ടി വരുന്നുവെങ്കില്‍ കപ്പൂച്ചിന്‍ സെന്ററിനെ കുറിച്ച് അറിയാത്തവര്‍ മാത്രം.!നിറയെ ചുരത്തുന്ന ഉദാരമനസ്‌കത അയര്‍ലണ്ടിനെ തീറ്റി പോറ്റുന്നു.

(സീ ഇ ഓ ബ്രദര്‍ കെവിന്‍ പോര്‍ട്ട് ലീസിലെ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ നടത്തിയ പ്രഭാഷണം താഴെ കേള്‍ക്കാം) 

ഈ വര്‍ഷം ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നു കപ്പൂച്ചിന്‍ സെന്റര്‍ പ്രവര്‍ത്തകര്‍ പറയുന്നു.ഇതിന് മുമ്പ് 2012 ലാണ് ക്രിസ്തുമസിന് മുന്നോടിയായി ഏറ്റവുമധികം ഭക്ഷണ പൊതികള്‍ വിതരണം ചെയ്തിട്ടുള്ളത്. അന്ന് 2700 ല്‍ അധികം ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്. ഭക്ഷണ പൊതിയ്ക്കായി ക്യൂ നില്‍ക്കുന്ന ഭൂരിപക്ഷം പേരുംഒറ്റയ്ക്ക് താമസിക്കുന്നവരും,ആശ്രിതര്‍ ഇല്ലാത്തവരുമാണ് .കപ്പൂച്ചിന്‍ സെന്ററിന്റെ പ്രതിവര്‍ഷ പ്രവര്‍ത്തന ചെലവ് 2.2 മില്യന്‍ യൂറോയാകും.എന്നാല്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് 450,000 യൂറോയാണ് ലഭിക്കുന്നത്.ബാക്കി മുഴുവന്‍ തുകയും സംഭാവനയായി പൊതുജനങ്ങള്‍ തന്നെ നല്‍കുന്നതാണ്.

rcjഡബ്ലിന്‍ നഗരത്തില്‍ ആരും വിശന്നിരിക്കേണ്ടി വരില്ല.കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തെ പാഠമുള്‍ക്കൊണ്ട് ഭക്ഷണ രീതിയില്‍ പോലും എത്തിച്ചേരുന്ന ‘അഥിതികളുടെ’അഭിരുചിയനുസരിച്ച് മാറ്റം വരുത്തി വിളമ്പുന്ന ഈ ഭക്ഷണ മേശയില്‍ നിറയെ വിഭവങ്ങളാണ്.വിശക്കുന്നവന്റെ മുന്‍പില്‍ ദൈവം വരുന്നത് ഭക്ഷണത്തിന്റെ രൂപത്തിലാണ് എന്ന് മഹാത്മാഗാന്ധി പറഞ്ഞത്എത്രയോ ശരി!

റെജി സി ജേക്കബ് 

Scroll To Top