Thursday May 24, 2018
Latest Updates

നിങ്ങള്‍ മഹാത്മാ ഗാന്ധിയെ പോലൊരു ദേശദ്രോഹിയോ ,അതോ ഗോഡ്‌സെയെ പോലൊരു ദേശ സ്‌നേഹിയോ ?

നിങ്ങള്‍ മഹാത്മാ ഗാന്ധിയെ പോലൊരു ദേശദ്രോഹിയോ ,അതോ ഗോഡ്‌സെയെ പോലൊരു ദേശ സ്‌നേഹിയോ ?

കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട് ഈ വരുന്ന മെയ് 26 നു രണ്ടു വര്‍ഷം തികയുകയാണ്. അധികാരത്തില്‍ വന്നത് മുതല്‍ വിവാദങ്ങളുടെ കുത്തൊഴുക്കാണ്. ബി ജെ പി നേതാക്കളും അനുഭാവികളും പറയുകയും പ്രവര്ത്തിക്കുകയും ചെയ്യൂന്ന കാര്യങ്ങള്‍ മറ്റു ജനങ്ങളില്‍ ആശങ്ക പരത്തുന്നതാണ് അതിനു കാരണം. എല്ലാത്തിനും മൌനാനുവാദം കൊടുക്കുന്ന സര്ക്കാര് നയവും ആശങ്ക ഉളവാക്കുന്നു.ഗാന്ധിജിയെ കൊന്നപോലെ വേണ്ടിവന്നാല്‍ കേജ്രവാളിനെയും കൊല്ലുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെയും കൊല്ലണമെന്ന് ആക്രോശിക്കുന്നു.അസഹിഷ്ണുത അനുഭവപടുന്നവര്‍ ഈ രാജ്യത്ത് നില്ക്കണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നില്ല.

ഇപ്പോഴിതാ ലോകശ്രദ്ധ പിടിച്ചു പറ്റി കൊണ്ട് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യുണീവേഴ്‌സിറ്റിയിലും ദേശീയതയുടെ പേരില്‍ മനുഷ്യാവകാശലംഘനങ്ങള്‍ അരങ്ങേറുന്നു.കുറ്റാരോപിതനെ കോടതിയിലേക്ക് കൊണ്ടുപോകും വഴി അഭിഭാഷകര്‍ തന്നെ ആക്രമിക്കുന്നു
.ഇന്ത്യന്‍ നീതിന്യായ വ്യവസ്ത്തയില്‍ അഭിഭാഷകര്‍ക്കുപോലും വിശ്വാസമില്ലേ ?നിയമ ലംഘനം നടത്തി അഭിഭാഷകര്‍ തന്നെ അഴിഞ്ഞാടുന്നു. നാളെ ജഡ്ജിമാര്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റു തെരുവിലിറങ്ങി കുറ്റാരോപിതരെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ എന്താവും അവസ്ഥ ?

ദേശ ദ്രോഹികളെന്നും ദേശ സ്‌നേഹികളെന്നും ഭാരത ജനതയെ രണ്ടായി വേര്‍തിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത് . രാഷ്ട്ര പിതാവായ മഹാത്മ ഗാന്ധിയെ വധിച്ച നാഥുറാം ഗൊഡ്‌സെ ഒരു രാജ്യസ്‌നേഹിയായിരുന്നു എന്നാണ് ബി ജെ പി യുടെ എം പി യായ സാക്ഷി മഹാരാജ് പറഞ്ഞത് . മഹാത്മാഗാന്ധി ചെയ്ത തെറ്റ് എന്തായിരുന്നു ? വളരെ ലളിതമായി പറഞ്ഞാല്‍ മുസ്ലിം സഹോദരങ്ങളെയും സ്‌നേഹിച്ചു എന്നതാണ് കുറ്റം . ഹിന്ദുവായ ഗാന്ധിയെ വധിക്കാന്‍ ആ കുറ്റം ധാരാളം മതിയായിരുന്നു.ഭാരതത്തില്‍ ജീവിക്കാന്‍ ഹിന്ദുവായാല്‍ മാത്രം പോര , മറ്റു മതസ്ഥരെ വെറുക്കുന്ന ഹിന്ദുവാകണം ഹൈന്ദവ ആചാര രീതികളെ പിന്‍തുടരുന്ന ഹിന്ദുവാകണം. കൃസ്ത്യാനികളും ,മുസ്ലിംകളും, കമ്മ്യൂണിസ്റ്റുകാരും രാജ്യ ദ്രോഹികളാകുന്നു ,കാരണം ‘രാജ്യ സ്‌നേഹം’ എന്ന വാക്കിന്റെ അര്‍ത്ഥം ‘ഹൈന്ദവ സ്‌നേഹം’ എന്ന് മാറ്റിയിരിക്കുന്നു!!!

ജനരോഷം ഭയന്ന് ബ്രിട്ടിഷുകാര്‍ പോലും കൊല്ലാന്‍ മടിച്ച ഗാന്ധിജിയെ ഒരു പൂ അറുക്കുന്ന ലാഘവത്തോടെയാണ് ഗോഡ്‌സെ കൊന്നുതള്ളിയത് ! ജനുവരി 30 രക്തസാക്ഷി ദിനമെന്നു പഠിച്ചു വളര്‍ന്ന നമുക്ക് , നമ്മുടെ കൊച്ചുമക്കളെ ഗോഡ് സെയുടെ ചരമദിനത്തെ രക്തസാക്ഷി ദിനമായി ഭാവിയില്‍ പഠിപ്പിക്കേണ്ടി വന്നേക്കാം!! എത്ര പെട്ടെന്നാണ് പാപികള്‍ വിശുദ്ധരാകുന്നതും, വിശുദ്ധര്‍ വിസ്മൃതിയിലേക്ക് ആണ്ടു പോകുന്നതും …… കലിയുഗത്തിലെ രാജ്യസ്‌നേഹികള്‍ ഭാരതാംബ യുടെ വിരിമാറില്‍ ചവിട്ടി നിന്ന് കരാള നൃത്തമാടുകയാണ് ….!!

യുഫ്രട്ടീസ് നദിയുടെ തീരത്തു മറ്റൊരു കൂട്ടര്‍ നരഹത്യ നടത്തി മുന്നേറി കൊണ്ടിരിക്കുകയാണ്. സിന്ധു നദീ തടങ്ങളിലും അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുകയായി. മനുഷ്യസംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങള്‍ ആയ ഈ നദീ തടങ്ങള്‍ മനുഷ്യ കുരുതികളും മനുഷ്യാവകാശ ലംഘ നങ്ങളും കണ്ടു കണ്ണീര്‍ വാര്‍ക്കുകയാണ്.കാലമിത്ര കടന്നുപോയിട്ടും ചില മനുഷ്യര്‍ മാത്രം ഏതോ ഘട്ടത്തില്‍ വച്ച് പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങി.

ഇതിനു മുന്‍പ് രണ്ടു തവണ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടുണ്ടെങ്കിലും,അന്നൊന്നും ഇല്ലാതിരുന്ന തരത്തിലാണ് ഭാരതത്തിലുടനീളം ഇന്ന് ഭയാശങ്ക വളരുന്നത് .രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ സംരക്ഷണം ഒരുക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ഒരു വിഭാഗത്തിന്റെ മാത്രം വക്താക്കള്‍ ആകുന്നതാണ് പ്രശ്‌നം.

ബാബറി മസ്ജിദ് പൊളിച്ചവര്‍, താജ്മഹലും കുത്തബ് മീനാരും എല്ലാം തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവരാണ്. ഇതിന്റെ പേര് ഭാരതത്തിന്റെ ‘ദേശീയത’ എന്നല്ല ‘ഫാസിസം’ എന്നാണ് .ദേശീയതയുടെ മുഖപടമണിഞ്ഞു അവര്‍ എത്തികഴിഞ്ഞു.

ഇതിനെല്ലാം ഇവര്ക്ക് ഊര്‍ജവും കരുത്തും പകരുന്ന ഒരു ഘടകം ഇന്ത്യയില്‍ ശക്തമായ പ്രതിപക്ഷമില്ല എന്നതാണ് .മോഡി സര്‍ക്കാര്‍ ഈ നിമിഷം അധികാരത്തില്‍ നിന്ന് പോയാല്‍ പകരം രാജ്യ ഭരണം ഏല്പിക്കാന്‍ പറ്റിയ പാര്‍ട്ടിയോ ശക്തനായ നേതാവോ ഇല്ല എന്നത് കപട ദേശീയ വാദികള്‍ക്ക് വളമാകുന്നു.ഇന്നത്തെ അവസ്ഥയില്‍ ഡല്‍ഹിയില്‍ മാത്രം ഒതുങ്ങിയ ആം ആദ്മി പാര്ട്ടിയോ ,രണ്ടോ മുന്നോ സംസ്ഥാനങ്ങളില്‍ ഒതുങ്ങിയ കമ്മുണിസ്റ്റു പാര്‍ട്ടികളോ,അഴിമതിയില്‍ മുങ്ങികുളിച്ച കോണ്ഗ്രസ് പാര്ട്ടിക്കോ പകരം വരാനാവില്ല.സ്വയം ക്ഷണിച്ചു വരുത്തിയ അന്ധകാരത്തിന് എല്ലാവരും ഉത്തരവാദികളാണ്.ചുരുങ്ങിയ കാലം കൊണ്ട് തന്നെ മറ്റു വിഭാഗം ജനങ്ങളില്‍ ഇത്രയും ആശങ്ക സൃഷ്ടി ച്ച ഈ സര്ക്കാര് ഇനി വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ എന്ത് ചെയ്യുമെന്ന് ഊഹിക്കാവുന്നതെയോള്ളൂ.

ഒരു വര്ഷം കൊണ്ട് ലോകപര്യടനം പൂര്‍ത്തിയാകിതിരിച്ചു വന്ന പ്രധാനമന്ത്രി എല്ലാം കണ്ടു കെട്ടും നിശബ്ദനായി ഡല്‍ഹിയില്‍ തന്നെ ഇരുപ്പുണ്ട് . മന്മോഹന്‍ സിങ്ങിന്റെ മൌനം നിരുപദ്രവകരമായിരുന്നെങ്കില്‍, മോദിയുടെ മൌനം അപകടകരമാണ്. ഈ മൌനം ഭേദിച്ചു ഒരു നാള്‍ ആ നേതാവ് പുറത്തു വരും ഒരു ജനതയെ അടക്കി ഭരിക്കാന്‍ ..അനുസരിക്കാത്തവരെ കല്‍ത്തുറങ്കിലടക്കാന്‍… തൂക്കുമരത്തിലേറ്റാ ന്‍… . കളികള്‍ തുടങ്ങിയിട്ടേ ഉള്ളു!

ശക്തമായ പ്രതിപക്ഷം ഇല്ലാത്ത രാജ്യത്ത് ശക്ത മായ ജനാധിപത്യം നിലനില്ക്കാനുള്ള സാധ്യത കുറവാണ്.അതാണ് ഇന്ത്യയില്‍ ഇന്ന് സംഭ വിച്ചുകൊണ്ടിരിക്കുന്നത് സര്ക്കാര് അനുഭാവികളില്‍ നിന്നു മുന്‍കാലങ്ങളില്‍ ഉണ്ടായ ആക്രോശങ്ങളും ഭീഷണികളും അക്രമത്തിലേക്ക് വഴിമാറി കഴിഞ്ഞു. ജെ എന്‍ യു വിലെ സംഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്.നാം ഇന്ന് അനുഭവിക്കുന്ന ആശയപരമായി ആരെയും എതിര്ക്കാനുള്ള സ്വാതന്ത്ര്യം ഇല്ലതായികൊണ്ടിരിക്കുന്നു.സര്ക്കരിനെതിരായി പറയുന്നതെന്തും നാളെ ദേശ ദ്രോഹമായി മാറും.അങ്ങനെ പതുക്കെ പതുക്കെ മഹത്തായ ഇന്ത്യന്‍ ജനാധിപത്യം ഫാസിസ്റ്റുകളുടെ നീരാളി കൈകളില്‍ കിടന്നു ശ്വാസം മുട്ടി മരിക്കും. സര്‍വ മതത്തിലും പെട്ടവര്‍ ചോരയും നീരും ജീവനും കൊടുത്തു മോചിപ്പിച്ച ഇന്ത്യയെ ഇന്ന് ഒരു കൂട്ടര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു . അവരുടേതായ നിയമാവലികള്‍ എല്ലാ വിഭാഗം ജനങ്ങളിലും അടിച്ചെല്‍പ്പിക്കാന്‍ ശ്രമിക്കുന്നു.എന്ത് കഴിക്കണമെന്നും എന്ത് പഠിക്കണമെന്നും അവര്‍ തീരുമാനിക്കും . എങ്ങനെ ചിന്തിക്കണ മെന്നും ഇനി അവര്‍ തീരുമാനിക്കും. അതിനു വിരുദ്ധമായി നീങ്ങുന്നവര്‍ ദേശ ദ്രോഹികളായി മുദ്രകുത്തപെടും ..seby s

നിങ്ങള്‍ക്ക് മഹാത്മാ ഗാന്ധിയെ പോലെ ഒരു രാജ്യ ദ്രോഹിയാകണോ, അതോ ഗോഡ്‌സെയെ പോലെ ഒരു രാജ്യ സ്‌നേഹിയാകണോ ?

സെബി സെബാസ്റ്റ്യന്‍ സെല്‍ബ്രിഡ്ജ്

Scroll To Top