Sunday January 21, 2018
Latest Updates

കോട്ടയം പുഷ്പനാഥും പി വി തമ്പിയും കോര്‍ക്കില്‍ ചുറ്റിക്കറങ്ങുന്നു ? 

കോട്ടയം പുഷ്പനാഥും  പി വി തമ്പിയും കോര്‍ക്കില്‍ ചുറ്റിക്കറങ്ങുന്നു ? 

കോട്ടയം വാരികളിലെ സ്ഥിരം എഴുത്തുകാരായ കോട്ടയം പുഷ്പനാഥിനേയോ,പി വി   തമ്പിയേയോ ആരെങ്കിലും അയര്‍ലണ്ടില്‍ വെച്ച് അടുത്തിടെ കണ്ടിരുന്നോ? സംശയിക്കേണ്ട അവര്‍ വരുന്നത് കോര്‍ക്കിലേക്കാണ്‍.നിങ്ങളില്‍ പലരെയും തങ്ങളുടെ ഭീകര മാന്ത്രിക നോവലുകളിലെ രംഗങ്ങള്‍ ഓര്‍ത്ത് ആകാംഷ കൊള്ളിച്ച ഈ നോവല്‍ ഭീകരന്മാരുടെ കഥാപാത്രങ്ങളായ നായകന്മാരും നായികമാരുമായ കൊടും പ്രേതങ്ങളുടെ ലോക സമ്മേളനം കോര്‍ക്കില്‍ നടക്കുന്നു. 

അതേ സംശയം വേണ്ട എല്ലാ സമ്മേളനങ്ങള്‍ക്കും ഒപ്പം പ്രേതസമ്മേളനവും ഉണ്ട്. 15 മത് ലോക പ്രേത സമ്മേളനത്തിനാണ് കോര്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. അവിടുത്തെ താമസക്കാര്‍ ഇടയ്ക്കിടെ കാണാറുള്ള , സ്ഥിരവാസികളായ പ്രേതങ്ങള്‍ പാര്‍ക്കുന്ന,19 ാം നൂറ്റാണ്ടിലെ കോര്‍ക്ക് സിറ്റി ജയിലിനെപ്പോലെ ഇതിന് പറ്റിയ സ്ഥലം വേറെ എവിടെയാണ് ഉള്ളത്?

എന്നു വെച്ച് ഇനി ഈ പരിസരത്ത് കൂടി നൈറ്റ് ഡ്യൂട്ടിക്കു പോകാന്‍ മുട്ടിടിക്കേണ്ട കാര്യമില്ല. 
ഇവിടുത്തെ വേദിയിലും സദസ്സിലും വന്നിരിക്കാന്‍ പോകുന്നത് മനോരമയുടെയും മംഗളത്തിന്റെയും പേജുകളിലൂടെ വെള്ള സാരി ഉടുത്ത്, തേക്കാത്ത തേറ്റപ്പല്ലുകള്‍ കാട്ടി, പാട്ടു പാടി രക്തം ഊറ്റിക്കുടിച്ചു നടക്കുന്ന പ്രേതങ്ങളാണ് എന്ന് നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. പ്രേതത്തെക്കണ്ട് പേടിച്ചിട്ടും മറ്റുള്ളവര്‍ അത് കാര്യമായി എടുക്കാന്‍ തയ്യാറല്ലാത്തതില്‍ പ്രതിഷേധിക്കുന്ന പാവം ‘പ്രേത ദര്‍ശികളാണ്’ ഇത്തരം ഒരു സമ്മേളനം നടത്തുന്നത്.

ഇവരുടെ ആവശ്യം മറ്റൊന്നുമല്ല തങ്ങള്‍ കണ്ണ് കൊണ്ട് കണ്ടത് മറ്റുള്ളവര്‍ അംഗീകരിക്കാന്‍ തയ്യാറാവണം. ഇതിനെക്കുറിച്ച് സമൂഹത്തില്‍ ബോധവത്ക്കരണം നടത്താനും ഇവര്‍ തയ്യാര്‍. ഒരാള്‍ ഒറ്റക്ക് പ്രേതത്തെക്കണ്ടു എന്ന് പറഞ്ഞാല്‍ അല്ലേ കളിയാക്കൂ. ഒരുപാട് പേര്‍ പറഞ്ഞാലോ, കളിയാക്കുന്നവരും പേടിച്ചു വിറയ്ക്കും. വിവിധ മേഖലകളിലെ വിദഗ്ധര്‍ ചേര്‍ന്ന് തങ്ങള്‍ക്കുണ്ടായ അതീന്ദ്രീയ അനുഭവങ്ങളെക്കുറിച്ച് നടത്തുന്ന ശില്പ്പശാലയും ഇവിടെയുണ്ട്. 

മരിച്ചു പോയ യജമാനന്മാരുടെ പ്രേതങ്ങളുമായി സംവദിക്കാനുള്ള ആറാം ഇന്ദ്രിയം വളര്‍ത്തു നായക്കള്‍ക്കും പൂച്ചകള്‍ക്കും ഉണ്ടോ എ്ന്ന വിഷയത്തില്‍ ഇവിടെ പ്രസംഗിക്കാന്‍ പോകുന്നത് മറ്റാരുമല്ല കോര്‍ക്ക് യൂണിവേഴസിറ്റിയിലെ ഫോക് ലോര്‍ ആന്‍ഡ് എത്ത്‌നോളജി ഡിപ്പാര്‍ട്ട് മെന്റിലെ ഡോക്ടര്‍ മാര്‍ഗരറ്റ് ഹംഫ്രേ ആണ്. സംഗതി അയര്‍ലണ്ടില്‍ ആയത് ഭാഗ്യം, നമ്മുടെ കേരള നാട്ടിലെങ്ങാനും ആയിരുന്നെങ്കില്‍, ഇനി കൊല്ലപ്പെട്ടെന്നു കരുതപ്പെടുന്ന പ്രമുഖരുടെ പൂ്ച്ചയേയും പട്ടിയേയും ഒക്കെ നുണ പരിശോധന നടത്തണം എന്ന തലക്കെട്ടുകള്‍ കൂടി വായിക്കേണ്ട ഗതികേടിലായേനേ മലയാളി. 

എന്തായാലും കുട്ടികള്‍ ചോറുണ്ണാത്തപ്പോള്‍ പേടിപ്പിക്കുന്ന അമ്മമാര്‍ക്ക് ഇനി കൂട്ടില്ലാതെ ഭയക്കേണ്ട കാര്യമില്ല, സമ്മേളനത്തിന്റെ വീഡിയോ ഡൗണ്‍ലോഡ് ചെയ്തു കുട്ടുകളെ കാട്ടിയാല്‍ മതി എന്നു സാരം. 

ഒക്ടോബര്‍ 30 നാണ് ലോക പ്രേത സമ്മേളനം തുടങ്ങുന്നത്.പറ്റിയ ദിവസം തന്നെ പിറ്റേന്നാള്‍ അയര്‍ലണ്ടിലെ പ്രേതങ്ങളില്‍ കുറെ പേരെങ്കിലും അവിടെയെത്തും.ഇത്തവണ ഹാലോവിന്‍ ആഘോഷിക്കേണ്ടവര്‍ക്കും കോര്‍ക്കില്‍ എത്താം.ഏതെങ്കിലും കഥാപാത്രങ്ങളെ കൂടി കൂട്ടിയാല്‍ നന്ന് !

Scroll To Top