Friday December 02, 2016
Latest Updates

പ്രവാസി മലയാളി സംഘടനകള്‍ക്ക് മാതൃകയായി ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി

പ്രവാസി മലയാളി സംഘടനകള്‍ക്ക് മാതൃകയായി ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി

ഫോട്ടോ :ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ശേഖരിച്ച ജീവകാരുണ്യ നിധി കോട്ടയം നവജീവന്റെ ഭാരവാഹികള്‍ക്ക് കൈമാറുന്നു

ഗോള്‍വേ:സേവനമേഖലയില്‍ പങ്കുവെയ്പ്പിന്റെ കാരുണ്യസ്പര്‍ശമുയര്‍ത്തി ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി പ്രവാസി സംഘടനകള്‍ക്ക് മാതൃകയാവുന്നു.ആഘോഷങ്ങളും അനുഷ്ട്ടാനങ്ങളും മാത്രം കൊണ്ട് സംഘടനാ പ്രവര്‍ത്തനം പൂര്‍ണ്ണമാവില്ലെന്ന തിരിച്ചറിവില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്വം വഹിച്ചു കൊണ്ടാണ് ജി ഐ സി സി പുതിയ കാല്‍വെയ്പ്പ് നടത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.സംഘടനയുടെ പ്രവര്‍ത്തനത്തില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക ലാഭം,പാവപ്പെട്ടവരും അവശതയനുഭവിക്കുന്നവര്‍ക്കുമായി പങ്കുവെച്ചു കൊണ്ടാണ് ഈ സംഘടന മറ്റുള്ളവര്‍ക്ക് മാര്‍ഗദര്‍ശകമാവുന്നത്.

ഏതൊരു പ്രവാസി സമൂഹത്തിനും, തലമുറകളിലേക്ക് അവരുടെ സംസ്‌കാരം പകരുന്നതിന് ഒരു സംഘടനയുടെ ആവശ്യമുണ്ട്. ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ഈ കാര്യത്തില്‍ വളരെ മനോഹരമായി അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നു.

കഴിഞ്ഞ വര്‍ഷം ഓണം, ക്രിസ്തുമസ് ആഘോഷങ്ങള്‍ ഹാലോവിന്‍ ദിനം എന്നിവ ഗോള്‍വേയിലെ എല്ലാ വിഭാഗം മലയാളികളെയും ഒന്നിച്ചു ചേര്‍ത്ത് ആഘോഷിച്ചു കൊണ്ട് ജി ഐ സി സി ആ കാര്യങ്ങള്‍ അടിവരയിട്ടുറപ്പിച്ചു.

ഇത്തരം ആഘോഷങ്ങളില്‍ മാത്രമൊതുങ്ങാതെ കഴിഞ്ഞവര്‍ഷം മലയാളത്തില്‍ റിലീസായ ദൃശ്യം,ബാംഗ്ലൂര്‍ ഡെയ്‌സ് , റിംഗ് മാസ്റ്റര്‍, വെള്ളീമൂങ്ങ തുടങ്ങിയ ചിത്രങ്ങള്‍ ജി ഐ സി സി ഇവിടെ പ്രദര്‍ശനത്തിനെത്തിക്കുകയും, മലയാളികളുടെ തിരക്കുപിടിച്ച ദിവസങ്ങള്‍ പൊട്ടിച്ചിരിയുടേയും, സന്തോഷത്തിന്റേയും ദിവസങ്ങളാക്കി മാറ്റുകയും ചെയ്തു. 

കുട്ടികള്‍ക്കായുള്ള ഡാന്‍സ് സ്‌കൂള്‍ ആരംഭിക്കുകയും, ഹാലോവീന്‍ ദിനത്തില്‍ കുട്ടികള്‍ക്കായുള്ള സായാഹ്നം ഒരുക്കുകയും ചെയ്യുക വഴി പുതിയ തലമുറയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജി ഐ സി സി തുടക്കമിട്ടു. 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം ഒരു പ്രത്യേക പരിപാടി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞുവെ ന്നാതാണ് ജി ഐ സി സി പ്രവര്‍ത്തകര്‍ ഏറ്റവും അഭിമാനിക്കുന്ന കഴിഞ്ഞ വര്‍ഷത്തെ നേട്ടം. വെള്ളിമൂങ്ങയെന്ന ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ നിന്ന് പിരിഞ്ഞുകിട്ടിയ ചിലവ് കഴിഞ്ഞുള്ള തുക കോട്ടയത്തുള്ള നവജീവന്റെ പ്രവര്‍ത്തനങ്ങള്‍ക്കായ് നല്‍കുകയുണ്ടായി.തുടര്‍ന്നും ഇത്തരം സംരംഭങ്ങള്‍ക്ക് ജി ഐ സി സി നേതൃത്വം നല്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

2015 ലെ ഗോള്‍വേ ഓണം ആഘോഷങ്ങള്‍ക്ക് തിയതി നിശ്ചയിച്ചു കഴിഞ്ഞു. ഓഗസ്റ്റ് 29 നായിരിക്കും ഓണാഘോഷം.കലാ കായിക മേഖലയിലും,ജീവകാരുണ്യ രംഗത്തും സജീവമായ നേതൃത്വം വഹിക്കുന്ന ജി ഐ സി സി യ്ക്ക് എല്ലാ വിധ പിന്തുണയും സഹകരണവുംപ്രവാസി മലയാളികള്‍ നല്‍കുമെന്ന പ്രത്യാശയിലാണ് ജി ഐ സി സി.

Scroll To Top