Friday September 22, 2017
Latest Updates

മതപരിവര്‍ത്തനം-ദൈവം ചിരിക്കുന്ന മനുഷ്യവികൃതികള്‍!! (സെബി സെബാസ്റ്റ്യന്‍)

മതപരിവര്‍ത്തനം-ദൈവം ചിരിക്കുന്ന മനുഷ്യവികൃതികള്‍!! (സെബി സെബാസ്റ്റ്യന്‍)

ണ്ടൊരിക്കല്‍ ഒരു ഗുരുവിനോട് ഒരാള്‍ ചോദിച്ചു: ദൈവം എപ്പോഴെങ്കിലും ചിരിക്കാറുണ്ടാകുമോ ? അല്പം ആലോചിച്ചിട്ട് ഗുരു മറുപടി പറഞ്ഞു :രണ്ട് സന്ദര്‍ഭങ്ങളില്‍ ദൈവം ചിരിക്കാറുണ്ടാകാം.

ഒന്ന് ,ദൈവം സൃഷ്ടിച്ച ഈ പ്രപഞ്ചവും ഭൂമിയും മനുഷ്യര്‍ പങ്കിട്ടെടുത്തു അതിര്‍ത്തികള്‍ കെട്ടിത്തിരിക്കുന്നത് കാണുമ്പോള്‍ ദൈവം ചിരിക്കുന്നുണ്ടാകും .

രണ്ട്, ജീവന്‍ എടുക്കാന്‍ ദൈവം തീരുമാനിച്ച ഒരു രോഗിയോട് ഡോക്ടര്‍’ ഞാന്‍ നിങ്ങളെ രക്ഷിക്കാം’ എന്ന് പറയുമ്പോഴും ദൈവം ചിരിക്കുന്നുണ്ടാകും.

എന്നാല്‍ ഇപ്പോള്‍ ദൈവത്തെ ചിരിപ്പിക്കാന്‍ മനുഷ്യന്‍ മറ്റൊരു വികൃതികൂടി ചെയ്തുകൊണ്ടിരിക്കുന്നു.മതപരിവര്‍ത്തനങ്ങളും പുന മതപരിവര്‍ത്തനങ്ങളുമാണത്!! 

എല്ലാ മതങ്ങളും’ ദൈവം’ എന്ന ഒറ്റ ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള വിവിധതരം മാര്‍ഗങ്ങളാണ് എന്നാണ് ആചാര്യന്മാര്‍ നമ്മെ പഠിപ്പിക്കുന്നത്. എല്ലാ മതങ്ങളും മനുഷ്യ നന്മയും മനുഷ്യ സ്‌നേഹവും ലക്ഷ്യമാക്കുന്നു.അപ്പോള്‍ പിന്നെ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയുന്നത് എന്തിനാണ് ?വ്യക്തികള്‍ക്കല്ലേ പരിവര്‍ത്തനങ്ങള്‍ വേണ്ടത്?.ഒരുവന്‍ മതങ്ങള്‍ മാറിമാറി സ്വീകരിച്ചാലും സ്വയം പരിവര്‍ത്തനം ചെയുന്നില്ലെങ്കില്‍ എന്ത് പ്രയോജനം ?അങ്ങനെ ചിന്തിക്കുമ്പോള്‍ ഈ മത പരിവര്‍ത്തനങ്ങളുടെയും പുനര്‍ മതപരിവര്‍ത്തനങ്ങളുടെയും ലക്ഷ്യം ദൈവത്തില്‍ എത്തിച്ചേരാന്‍ മനുഷ്യനെ സഹായിക്കല്‍ അല്ല എന്ന് വ്യക്തമാണ്.അപ്പോള്‍ പിന്നെ ഭൗതീകമായ നേട്ടങ്ങള്‍ക്ക് വേണ്ടി ഉള്ളതാണ് ഈ വിക്രിയകള്‍.ആ ഭൗതീക നേട്ടങ്ങള്‍ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കും അത് സഘടിപ്പിക്കുന്നവര്‍ക്കും ഒരുപോലെ ഉണ്ടാകാനാണ് സാധ്യത.

ചുരുക്കി പറഞ്ഞാല്‍ ദൈവത്തെ ഉപയോഗിച്ചുള്ള ഒരു കളി.കുട്ടികള്‍ പന്ത് തട്ടി കളിക്കുന്ന പോലെ ദൈവത്തെ തട്ടി കളിച്ചു കൊണ്ടിരിക്കുന്നു.ഇതെല്ലം കണ്ടു ദൈവം ചിരിക്കുന്നുണ്ടാകും.gandhi64 

ജലത്താലും ആത്മാവിനാലും സ്‌നാനം സ്വീകരിക്കണമെന്നാണ് ബൈബിളില്‍ പറയുന്നത്.പത്താം ക്ലാസ്സില്‍ വേദപാഠം പഠി ച്ചു കൊണ്ടിരുന്നപ്പോള്‍ ,’ഹിന്ദുവായ ഗാന്ധിജി സ്വര്‍ഗത്തില്‍ പോകുമോ’ എന്ന് ക്ലാസെടുത്തുകൊണ്ടിരുന്ന വൈദീകനോടു ചോദിച്ചു .’പോകു’മെന്നാണ് ഉത്തരം ലഭിച്ചത് ( ‘പോകില്ല’ എന്ന് ഉത്തരം ലഭിച്ചാല്‍ തന്നെ ഞങ്ങളാരും അത് വിശ്വസിക്കില്ലായിരുന്നു എന്നത് വേറെ കാര്യം!! )

അങ്ങനെയെങ്കില്‍ എല്ലാ മത പരിവര്‍ത്തനങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല മറുപടിയാണ് ഗാന്ധിജിയുടെ ജീവിതം.എല്ലാ മതങ്ങളിലെയും നന്മകള്‍ ഉള്‍ക്കൊണ്ട് സ്വയം പരിവര്‍ത്തനം ചെയ്ത ഗാന്ധിജി. ഇതല്ലേ യഥാര്‍ഥത്തില്‍ വേണ്ടത് ?sms-3838

ഇന്ത്യയില്‍ തന്നെ എത്രയോ ഉദാഹരണങ്ങള്‍ വേറെയുണ്ട്.‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന് പറഞ്ഞ ശ്രീനാരായണഗുരു .ഓരോ മനുഷ്യനിലും കുടികൊള്ളുന്ന ദൈവീക ചൈതന്യത്തെ കണ്ടെത്താനും, അതിനെ ഉജ്ജ്വലിപ്പിക്കാനും നമ്മെ പഠിപ്പിച്ച ശ്രീരാമകൃഷ്ണ പരമഹംസരും ,സ്വാമി വിവേകാനന്ദനും . ഇവര്‍ക്കൊന്നും മതം ഒരു പരിമിതിയോ, പ്രതിബന്ധമോ ആയിരുന്നില്ല. യഥാര്‍ഥ നന്മ മനസ്സില്‍ സൂക്ഷിക്കുന്ന ആര്‍ക്കും ‘മതം’ ഒരു പരിമിതിയോ, പ്രതിബന്ധമോ അല്ല എന്ന് ഈയുള്ളവനും വിശ്വസിക്കുന്നു .ഒരു മതത്തിലും തളയ്ക്കപെടാനുള്ളതല്ല ,മനുഷ്യജന്മം. അങ്ങനെ ആരെങ്കിലും ചിന്തിച്ചാല്‍ എല്ലാ മത തീവ്രവാദികളെയും നാം ആദരിക്കേ ണ്ടാതായി വരും. കാരണം, അവരാണല്ലോ സ്വന്തം മതമാണ് ഏറ്റവും ശ്രേഷ്ടമെന്നും സ്വന്തം മതത്തിന് വേണ്ടി എന്തും ചെയ്യുമെന്നും ചിന്തിച്ചുനടക്കുന്നവര്‍ .

എന്റെ മതമാണ് ഏറ്റവും ശ്രഷ്ടമെന്നും ,മറ്റെല്ലാ മതങ്ങളും എന്റെ മതത്തിന് കീഴിലെ വരൂ എന്നും മനസ്സില്‍ കരുതുന്ന ഏതൊരാളും ഒരു മത തീവ്ര വാദിയാണ് .അവരുടെ ആതമാവിനെ ബാധിച്ചിരിക്കുന്ന അന്ധത മാറിയാലേ മറ്റു മതസ്ഥരെ സ്‌നേഹിക്കാന്‍ കഴിയു.അംഗബലം കൂട്ടി ശക്തി തെളിയിക്കാന്‍ മതങ്ങള്‍ എന്താ രാഷ്ട്രീയ പാര്‍ട്ടികള്‍ ആണോ ?ആത്മീയ ചൈതന്യത്തില്‍ നിന്ന് നമ്മുടെ മതങ്ങള്‍ എത്ര അകന്നു പോയിരിക്കുന്നു എന്നോര്‍ക്കുമ്പോള്‍ ദു ഖം തോന്നുന്നു. അംഗങ്ങളെ കൂട്ടി ശക്തി തെളിയിച്ചു എവിടെയ്ക്കാണ് ഈ പോക്ക് ? ദൈവത്തിലേക്കോ ?

താന്‍ വിശ്വസിക്കുന്ന മതം മോശമാണെന്ന് കരുതി മറ്റൊരു മതത്തിലേക്ക് പോകുന്നു. പിന്നിട് അത് മോശമാണെന്ന് അറിഞ്ഞു തിരിച്ചു പഴയ മതത്തിലെക്കുതന്നെ വരുന്നു . അങ്ങനെ അവര്‍ സ്വയം അപഹാസ്യരായി തീരുന്നു ..കൂടു മാറി കൂടു മാറി ദൈവത്തെ തേടി അലഞ്ഞു അവസാനം ഒരിക്കലും ദൈവത്തെ കണ്ടെത്താന്‍ കഴിയാത്ത കുഞ്ഞാറ്റകിളികളുടെ ജന്മങ്ങള്‍..!! മടക്കയാത്രകള്‍ വേണ്ടത് വീടുകളിലേക്കല്ല.., അവനവനിലെക്കുതന്നെയാണ് ..വീടുകളിലേക്കുള്ള ഈ മടക്കയാത്രകള്‍ പലതിന്റെയും ആപത് സൂചനകളാണ്..!!! 

സിബി സെബാസ്റ്റ്യന്‍ സെല്‍ബ്രിഡ്ജ് 

പംക്തികളിലുള്ളതു ലേഖകരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ഐറിഷ് മലയാളിയുടെ നയങ്ങളുമായി ലേഖനങ്ങളിലെ അഭിപ്രായങ്ങള്‍ക്കു ബന്ധമില്ല.


Scroll To Top