Thursday December 08, 2016
Latest Updates

ഫ്രാന്‍സിലെ വിമാനാപകടം:പൈലറ്റ് കോക്ക് പിറ്റില്‍ ഇല്ലായിരുന്നുവെന്ന് അനുമാനം 

ഫ്രാന്‍സിലെ വിമാനാപകടം:പൈലറ്റ് കോക്ക് പിറ്റില്‍ ഇല്ലായിരുന്നുവെന്ന് അനുമാനം 

പാരീസ്: ഫ്രാന്‍സില്‍ തകര്‍ന്നു വീണ ജര്‍മന്‍ വിങ്‌സ് വിമാനത്തിന്റെ ബ്ലാക് ബോക്‌സില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ഫ്രഞ്ച് അന്വേഷണ സംഘം. പക്ഷെ 150 പേരുടെ ജീവന്‍ കവര്‍ന്ന ദുരന്തത്തിന്‍രെ കാരണം ഇപ്പോഴും വ്യക്തമല്ല. വിമാനത്തില്‍ സ്‌ഫോടനം നടന്നതിന് തെളിവുകളൊന്നുമില്ല.
സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്നും ജര്‍മനിയിലെ ഡുസള്‍ഡോഫിലേക്ക് പുറപ്പെട്ട ജര്‍മന്‍ വിങ്‌സ് വിമാനമാണ് തെക്കന്‍ ഫ്രാന്‍സിലെ ആല്‍പ്‌സ് മലനിരകളില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ 144 യാത്രക്കാരും 6 വിമാന ജീവനക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. വിമാനം അതിവേഗതയില്‍ കുത്തനെ ഇടിച്ചിറങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

വിമാനത്തിന്റെ ബ്ലാക് ബോക്‌സില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അപകട കാരണം വിലയിരുത്താന്‍ ദിവസങ്ങള്‍ വരുമെന്നും ഫ്രഞ്ച് ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഡയറക്ടര്‍ റെമി ജോട്ടി പറഞ്ഞു. പൈലറ്റ് കോക്പിറ്റ് വിട്ടതാണ് അപകടത്തിനടയാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്.കോക്പിറ്റ് വോയിസ് റെക്കോര്‍ഡറില്‍ നിന്നു ലഭിച്ച ശബ്ദങ്ങള്‍ വിശകലനം ചെയ്യവേയാണ് ഈ സംശയം ബലപ്പെട്ടിരിക്കുന്നത്.

വിമാനം 38000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു പൈലറ്റുമാരില്‍ ഒരാള്‍ കോക്പിറ്റ് വിട്ടത്. കുറച്ചുകഴിഞ്ഞ് വിമാനം താഴേക്കു വരാന്‍ തുടങ്ങി. വിമാനം 6000 അടി ഉയരത്തിലെത്തിയപ്പോള്‍ പുറത്തു പോയ പൈലറ്റ് കോക്പിറ്റ് ഡോറില്‍ മുട്ടുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. പിന്നീട് ഡോറില്‍ ഇടി ശക്തമാകുന്നു. അതു കഴിഞ്ഞ് കതക് തകര്‍ക്കാന്‍ ശ്രമിക്കുന്ന ശബ്ദവും കേള്‍ക്കാം. ഈ സമയത്ത് അകത്തു നിന്ന് മറുപടിയൊന്നും കിട്ടുന്നില്ല. കുറച്ചു കഴിയുമ്പോള്‍ വിമാനം ഫ്രഞ്ച് ആല്പ് പര്‍വത പ്രദേശത്ത് തകര്‍ന്നു വീഴുകയും ചെയ്യുന്നു.

ബാര്‍സിലോനയില്‍ നിന്നു ഡുസല്‍ഡോര്‍ഫിലേക്കു പറന്ന വിമാനത്തിന്റെ ആദ്യസമയങ്ങളിലെ പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണം വളരെ ലളിതമായതായിരുന്നുവെന്ന് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്നുള്ള സംഭാഷണങ്ങളില്‍ നിന്നാണ് ഒരു പൈലറ്റ് കോക്പിറ്റിനു പുറത്തായിരുന്നുവെന്ന സംശയമുയര്‍ന്നത്. അകത്തുണ്ടായിരുന്നു പൈലറ്റിന്റെ അവസ്ഥയെപ്പറ്റി
ഈ സംഭാഷണങ്ങളില്‍ നിന്നു വ്യക്തമല്ല.

പൈലറ്റ് എന്തിനാണ് പുറത്തുപോയതെന്നു മനസ്സിലാക്കാനായിട്ടില്ല. അകത്തുണ്ടായിരുന്ന പൈലറ്റിന് എന്തു സംഭവിച്ചുവെന്നും വ്യക്തമല്ല.

വിമാനം നിയന്ത്രണം വിട്ടതോടെ തിരിച്ചുകയാറാന്‍ ശ്രമിച്ചെങ്കിലും ദുരന്തം സംഭവിക്കുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 144 യാത്രക്കാരില്‍ 72 പേര്‍ ജര്‍മന്‍ സ്വദേശികളാണ്.

Scroll To Top