Friday December 09, 2016
Latest Updates

കൊളോണില്‍ കുടിയേറ്റക്കാര്‍ക്കെതിരെ റാലി,മറ്റു യൂറോപ്യന്‍ നഗരങ്ങളിലും സ്ത്രീകള്‍ക്കെതിരെ അതിക്രമം നടന്നെന്ന് വെളിപ്പെടുത്തല്‍ 

കൊളോണില്‍ കുടിയേറ്റക്കാര്‍ക്കെതിരെ റാലി,മറ്റു യൂറോപ്യന്‍ നഗരങ്ങളിലും സ്ത്രീകള്‍ക്കെതിരെ അതിക്രമം നടന്നെന്ന് വെളിപ്പെടുത്തല്‍ 

കൊളോണ്‍:പുതുവര്‍ഷത്തലേന്ന് കൊളോണില്‍ ഡസന്‍ കണക്കിന് സ്ത്രീകളെ അറുനൂറോളം പേര്‍ ചേര്‍ന്ന കൂട്ടമായി മാനഭംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് പേര്‍ കൊളോണ്‍ തെരുവുകളില്‍ പ്രതിഷേധപ്രകടനം നടത്തി.ജര്‍മ്മിനിയുടെ സമാധാനത്തിനും വളര്‍ച്ചയ്ക്കും കുടിയേറ്റക്കാരെ ആവശ്യമില്ലെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രകടനം. മുസ്‌ളീംങ്ങള്‍ക്കെതിരെ രൂപപ്പെട്ട സംഘടനയില്‍ പെട്ട 1700 പേരും പ്രകടനത്തില്‍ പങ്കെടുത്തു.അതേ സമയം കുടിയേറ്റക്കാരെ പിന്തുണച്ചു കൊണ്ട് ആയിരത്തോളം പേരും നഗരത്തില്‍ തമ്പടിച്ചിട്ടുണ്ട് 

പുതുവര്‍ഷ തലേന്നത്തെ സംഭവത്തോട് നിരുത്തരവാദിത്വമായി പ്രതീകരിച്ചു എന്ന ആരോപണത്തിനു വിധേയനായ നഗരത്തിലെ പോലീസ് മേധാവി സ്ഥാനം ഒഴിയേണ്ടി വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പൊതുജനങ്ങള്‍ക്ക് പോലീസിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനാണ് നടപടിയെന്ന് മേലധികാരികളുടെ വിശദീകരണം. സിറ്റി പോലീസ് ചീഫ് വോള്‍ഫ്ഗാങ് ആല്‍ബേഴ്‌സിന് ടെമ്പററി റിട്ടയര്‍മെന്റില്‍ വച്ചിരിക്കുകയാണെന്ന് സ്‌റേററ്റ് ആഭ്യന്തര മന്ത്രി അറിയിച്ചു.

അക്രമ സംഭവങ്ങള്‍ക്കു കാരണം പോലീസിന്റെ വീഴ്ചയാണെന്നും, സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ പോലീസ് ശ്രമിച്ചു എന്നും ആരോപണമുയര്‍ന്നിരുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരം നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്ന് മേയറും ആരോപിച്ചിരുന്നു.

ഇതിനിടെ, കൊളോണ്‍ അതിക്രമത്തില്‍ പ്രതിഷേധിക്കാന്‍ മിലോ മോയര്‍ എന്ന കലാകാരി നഗ്‌നയായി തെരുവിലിറങ്ങിയതും കൗതുകമായി. നാലു ഡിഗ്രി തണുപ്പത്താണ് മിലോ നൂല്‍ബന്ധമില്ലാതെ കൊളോണ്‍ കത്തീഡ്രലിനു മുന്നില്‍ പ്രകടനം നടത്തിയത്. ഒരു സാഹചര്യത്തിലും സ്ത്രീകള്‍ക്കെതിരേ അതിക്രമം പാടില്ല എന്ന സന്ദേശമാണത്രെ അവര്‍ നല്‍കാന്‍ ശ്രമിച്ചത്.

ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് രണ്ടു പേരെ മാത്രമാണ് ഇതിനകം അറസ്‌ററ് ചെയ്തിരിക്കുന്നത്. അക്രമികള്‍ സ്ത്രീകള്‍ക്കു നല്‍കിയ ചില കുറിപ്പുകളും കണ്ടെടുത്തു. സ്ത്രീകളുടെ ശരീരഭാഗങ്ങളെ വര്‍ണിക്കുന്നതും, ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങളാണ് ഇവയില്‍. 12 പ്രതികളെ കൂടി പോലീസ് അന്വേഷിക്കുന്നു.

കൊളോണിലെ സംഭവത്തിന്റെ അലയൊലികള്‍ യൂറോപ്പില്‍ ആകമാനം പ്രതിഫലിക്കുന്നതായും റിപ്പോര്‍ട്ട്. പലയിടങ്ങളിലും സ്ത്രീകള്‍ ഒറ്റയ്ക്ക് രാത്രി പുറത്തിറങ്ങരുതെന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്നു. സ്വീഡന്‍, ഫിന്‍ലന്‍ഡ്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലും പുതുവര്‍ഷത്തലേന്ന് കൊളോണിലേതിനു സമാനമായ സംഭവങ്ങള്‍ അരങ്ങേറിയതായി സൂചനയുണ്ട്.

സ്വീഡനില്‍ പതിനഞ്ച് സ്ത്രീകള്‍ അതിക്രമത്തെപ്പറ്റി പരാതി നല്‍കിയിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ മൂടിവച്ചു എന്ന ആരോപണം ഓസ്ട്രിയന്‍ പോലീസിനെതിരേയും ഉയരുന്നു. അക്രമണം ആസൂത്രിതമായിരുന്നു എന്നതിന് തെളിവുണ്ടെന്ന് ഫിന്നിഷ് പോലീസ് പറയുന്നു.

Scroll To Top