Tuesday December 06, 2016
Latest Updates

സ്വവര്‍ഗാനുരാഗികളെ ചികിത്സിച്ചു ‘രോഗം’മാറ്റാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപിന്റെ ടീം,എങ്ങനെ ഗേയായെന്ന് പറയാമെന്ന് അയര്‍ലണ്ടിലെ മന്ത്രി

സ്വവര്‍ഗാനുരാഗികളെ ചികിത്സിച്ചു ‘രോഗം’മാറ്റാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപിന്റെ ടീം,എങ്ങനെ ഗേയായെന്ന് പറയാമെന്ന് അയര്‍ലണ്ടിലെ മന്ത്രി

ഡബ്ലിന്‍:സ്വവര്‍ഗാനുരാഗികളുടെ ലൈംഗിക ശീലം ‘ചികിത്സിച്ചു ഭേദമാക്കാന്‍’ സര്‍ക്കാര്‍ പണം ഉപയോഗപ്പെടുത്തുമെന്ന് നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വിജയിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ അതേ നിലപാടാണ് ഗേകളുടെ കാര്യത്തില്‍ പെന്‍സും സ്വീകരിച്ചിരിക്കുന്നത്. ഗേ എന്നാല്‍ ‘രോഗം’ പിടിപെട്ടവരാണെന്നും, ഇവരെ ചികിത്സിക്കുകയാണ് വേണ്ടതെന്നുമാണ് ഇരുവരുടെയും നിലപാട്.

കഴിഞ്ഞ ദിവസം പെന്‍സിനെ അയര്‍ലണ്ടിലേയ്ക്ക് ക്ഷണിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രി എന്‍ഡ കെന്നിക്ക് വലിയ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ഇതിനിടെയാണ് വിവാദ പരാമര്‍ശവുമായി പെന്‍സ് രംഗത്തെത്തിയത്.

പെന്‍സിന്റെ ഗേ വിവാദത്തിനെതിരെ വിമര്‍ശനവുമായി ഐറിഷ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ മിനിസ്റ്ററായ ലിയോ വരേദ്കറും രംഗത്തെത്തി. താന്‍ ഗേയാണെന്ന് തുറന്നു പറഞ്ഞ ആദ്യം ഐറിഷ് മന്ത്രിയാണ് ഇന്ത്യന്‍ വംശജനായ വരേദ്കര്‍. ട്രംപിന്റെയും പെന്‍സിന്റെയും നിലപാടുകളോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നു പറഞ്ഞ വരേദ്കര്‍, മറ്റുള്ളവരുടെ വിശ്വാസങ്ങളെയും മൂല്യങ്ങളെയും ബഹുമാനിക്കുകയാണ് വേണ്ടതെന്നും ഓര്‍മ്മപ്പെടുത്തി. പെന്‍സ് അയര്‍ലണ്ടില്‍ വരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ കഥ (എങ്ങനെ ഗേ ആയി എന്നത്) പെന്‍സിനോട് പറയാന്‍ ആഗ്രഹിക്കുന്നതായും വരേദ്കര്‍ പറഞ്ഞു. യാഥാസ്ഥിതികരായിരുന്ന ഐറിഷ് സമൂഹം ഇന്നു കാണുന്ന നിലയിലേയ്ക്ക് എങ്ങനെ പുരോഗമിച്ചു എന്നതിന്റെ കഥയും താന്‍ പെന്‍സിന് പറഞ്ഞുകൊടുക്കുമെന്ന് വരേദ്കര്‍ കൂട്ടിച്ചേര്‍ത്തു. പെന്‍സിന്റെ മുത്തച്ഛനായ റിച്ചാര്‍ഡ് കാവ്ളി ഐറിഷുകാരനായിരുന്നു. 1923ല്‍ അദ്ദേഹം അമേരിക്കയിലേയ്ക്ക് കുടിയേറുകയായിരുന്നു.

അമേരിക്കയിലെ പുതിയ ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും, എന്നാല്‍ നമ്മുടെ മൂല്യങ്ങളും സ്വാതന്ത്ര്യങ്ങളും കാത്തുസൂക്ഷിച്ചുകൊണ്ട് എങ്ങനെ പെന്‍സ്ും ട്രംപുമായി സഹകരിക്കാം എന്നാണ് ആലോചിക്കേണ്ടതെന്നും വരേദ്കര്‍ പറഞ്ഞു.

Scroll To Top