Friday December 02, 2016
Latest Updates

അയര്‍ലണ്ടിന് പിന്നാലെ അമേരിക്കയും:സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി 

അയര്‍ലണ്ടിന് പിന്നാലെ അമേരിക്കയും:സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി 

അയര്‍ലണ്ടിന് പിന്നാലെ അമേരിക്കയിലും സ്വവര്‍ഗ വിവാഹം നിയമവിധേയമായി.വര്‍ഷങ്ങള്‍ മുമ്പേ ചില അമേരിക്കന്‍ സംസ്ഥാനങ്ങള്‍ അംഗീകരിച്ചിരുന്നുവെങ്കിലും,സുപ്രീം കോടതിയുടെ അന്തിമ വിധിയ്ക്കായി കാത്തിരിക്കുകയായിരുന്നു മറ്റ് പല സംസ്ഥാനങ്ങളും.ഇന്ന് പുറപ്പെടുവിച്ച സുപ്രധാന വിധി ന്യായത്തിലൂടെ രാജ്യവ്യാപകമായി സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിക്കൊണ്ട് യുഎസ് സുപ്രിംകോടതി ഉത്തരവിട്ടു. അമേരിക്കന്‍ ഭരണഘടനയനുസരിച്ച് എല്ലാവര്‍ക്കും തുല്യ അവകാശമുണ്ടെന്നും സ്വവര്‍ഗാനുരാഗം നിരോധിക്കാനാകില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

ലോകത്തെമ്പാടുമുള്ള സ്വവര്‍ഗാനുരാഗികളുടെ അവകാശപ്പോരാട്ടങ്ങളില്‍ സുപ്രധാന നാഴികക്കല്ലാണ് യു.എസ് സുപ്രീംകോടതി വിധി. ജസ്റ്റിസ് ആന്റണി കെന്നഡിയാണ് വിധി പുറപ്പെടുവിച്ചത്. അമേരിക്കയിലെ 50 സ്റ്റേറ്റുകളില്‍ 14 എണ്ണത്തില്‍ സ്വവര്‍ഗ വിവാഹത്തിനുള്ള വിലക്ക് ഇതോടെ നീങ്ങും. സുപ്രിംകോടതി വിധിയെ ആഹ്ലാദാരവങ്ങളോടെയാണ് യു.എസിലെ സ്വവര്‍ഗാനുരാഗികള്‍ സ്വാഗതം ചെയ്തത്. 10 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് സുപ്രിംകോടതി വിധി വന്നത്. വിധിയെ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ സ്വാഗതം ചെയ്തു.

സമത്വത്തിലേക്കുള്ള ചുവടുവെയ്പാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിക്കൊണ്ടുള്ള ഉത്തരവെന്നും ഇത് അമേരിക്കയുടെ വിജയമാണെന്നും ഒബാമ പറഞ്ഞു. അതേസമയം ക്രിസ്ത്യന്‍ യാഥാസ്ഥികവാദികള്‍ സുപ്രിംകോടതി വിധിക്കെതിരെ രംഗത്തുവന്നു. ഭൂരിപക്ഷത്തിന്റെ ശബ്ദം കേള്‍ക്കാതെയുള്ള കോടതിവിധിയാണിതെന്ന് സ്വവര്‍ഗ വിരുദ്ധ സംഘത്തിന്റെ അഭിഭാഷകന്‍ കെല്ലീ ഫെഡറിക് പറഞ്ഞു.

Scroll To Top