Wednesday November 22, 2017
Latest Updates

അയര്‍ലണ്ടിലെ സ്വവര്‍ഗ വിവാഹ രഫറണ്ടം: പ്രചരണം തുടങ്ങി, ഇന്ത്യന്‍  വംശജരുടെ  വോട്ടും നിര്‍ണ്ണായകം

അയര്‍ലണ്ടിലെ സ്വവര്‍ഗ വിവാഹ രഫറണ്ടം: പ്രചരണം തുടങ്ങി, ഇന്ത്യന്‍  വംശജരുടെ  വോട്ടും നിര്‍ണ്ണായകം

ഡബ്ലിന്‍:അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ക്ക് കുറെയൊക്കെ അന്യമായ ഒരു വിഷയത്തെക്കുറിച്ചു പരസ്യമായ പ്രചാരണ കോലാഹലത്തിന് തുടക്കമായി.സ്വവര്‍ഗ ലൈംഗീകതയെ പൗരാണിക കാലം മുതല്‍ ജീവിതഭാഗമാക്കിയ പൈതൃകം ഇന്ത്യന്‍ സംസ്‌കാരത്തിനുണ്ട്.തികച്ചും രഹസ്യമായ രീതിയില്‍ സ്വവര്‍ഗ ലൈംഗീക ബന്ധങ്ങളും ഇന്ത്യക്കാര്‍ക്കിടയില്‍ സജീവമാണ്.എങ്കിലും സ്വവര്‍ഗ വിവാഹത്തെ അയര്‍ലണ്ടിലെ ഇന്ത്യാക്കാരില്‍ ബഹു ഭൂരിപക്ഷവും ആശങ്കയോടെയാണ് കാണുന്നത്.

ലിയോ വരേദ്കര്‍ എന്ന ഇന്ത്യക്കാരന്‍ ‘സുന്ദരന്‍ പയ്യന്‍’ ഗേ ആണെന്ന് സ്വയം പ്രഖ്യാപിച്ചപ്പോള്‍ ഐറിഷ്‌കാരെക്കാള്‍ ഞെട്ടിയത് അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ ആയിരുന്നു തങ്ങളുടെ സ്വന്തം മന്ത്രി എന്ന നിലയിലായിരുന്നു ഇത് വരെ വരെദ്കര്‍. ഇദ്ദേഹം ഒരു പക്ഷെ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി വരെ ആയേക്കുമെന്ന് ഐറിഷ് മാധ്യമങ്ങള്‍ക്കൊപ്പം വിചാരിച്ചിരുന്ന ഇന്ത്യാക്കാര്‍ക്ക് വരേദ്കറുടെ പ്രഖ്യാപനം ഇരുട്ടടിയായി.

പക്ഷെ ഇന്ത്യയില്‍ നിന്നുള്ളവര്‍ അടക്കം ഐറിഷ് യൂണിവേഴ്‌സിറ്റികളിലെ ഒരു വിവാഹം വിദ്യാര്‍ഥികള്‍ വരേദ്കറുടെ വെളിപ്പെടുത്തലിനെ ആഘോഷമാക്കി.പരസ്പരം ‘കൈകോര്‍ത്തു’ നടന്നു നീങ്ങുന്ന യുവജനങ്ങളെ ഇപ്പോള്‍ ഡബ്ലിന്‍ നഗരത്തില്‍ കൂടുതലായി കാണാം.

സ്‌കൂള്‍ തലത്തില്‍ പോലും ഗേ മാര്യേജ് ചര്‍ച്ചയ്ക്ക് വിഷയമായി കഴിഞ്ഞു.മക്കള്‍ക്കിടയില്‍ ഇതേ കുറിച്ചുള്ള കൃത്യമായ വിശദീകരണം നല്‍കാനും നയം വ്യക്തമാക്കാനും മലയാളികള്‍ അടക്കമുള്ള രക്ഷിതാക്കള്‍ പ്രയത്‌നിക്കേണ്ടി വരും.സാമുദായികപരവും സംഘടനാപരവുമായ ഇടപെടലുകളിലൂടെ ഗേ മാര്യേജ് അടക്കമുള്ള സമകാലിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ബോധവത്കരണം മലയാളികള്‍ക്കിടയില്‍ ആവശ്യമായ ഘട്ടമാണ് ഇതെന്നും അഭിപ്രായമുയരുന്നുണ്ട്.ഇന്ത്യാക്കാരായ ചില യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയാകളിലൂടെ ഗേയാണെന്ന് വെളിപ്പെടുത്തി ഇതിനകം തന്നെ രംഗത്തെത്തികഴിഞ്ഞു.

സാമൂഹികമായ ഒരു പ്രശ്‌നമാണ് ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം സ്വവര്‍ഗ ലൈംഗീകത ഉയര്‍ത്തുന്നത്.കുടുംബത്തിന്റെ കെട്ടുറപ്പിന് ഒന്നാം സ്ഥാനം കൊടുക്കുന്ന ഒരു സമൂഹം എന്ന നിലയില്‍ പണ്ടേ ‘കെട്ടഴിച്ചുവിട്ട കോലം കെട്ടുന്ന ‘ഐറിഷ്‌കാര്‍ ചെയ്യുന്നത് അതേപടി അനുകരിക്കണമോ എന്ന് രണ്ടു വട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു.

അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള ജനഹിത പരിശോധനയ്ക്ക് മുന്നോടിയായി ഇരു വിഭാഗവും പ്രചരണം ശക്തമാക്കിയിരിക്കുകയാണ്.സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന വിവിധ ക്യാംപെയ്ന്‍ ഗ്രൂപ്പുകളിലും രാഷ്ട്രീയ പാര്‍ട്ടികളിലും ചര്‍ച്ചകളും പ്രചരണങ്ങളും സജീവമാണ്. 

ജനഹിത പരിശോധനയ്ക്ക് നാല് മാസം കൂടി അവശേഷിക്കെ യെസ് വോട്ടിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇപ്‌സോസ്/എംആര്‍ബിഐ സര്‍വേ അനുസരിച്ച് 71 ശതമാനം പേര്‍ യെസ് വോട്ടിന് അനുകൂലമാണ്. 17 ശതമാനം പേര്‍ മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളത്. 9 ശതമാനം പേര്‍ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. ജനഹിത പരിശോധന അടുത്ത് വരുമ്പോള്‍ കൂടുതല്‍ പേര്‍ യെസ് വോട്ടിന് അനുകൂലമാകുമെന്നാണ് സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന ക്യാംപെയ്ന്‍ ഗ്രൂപ്പുകളുടെ പ്രതീക്ഷ. 

എന്നാല്‍ 2012 ല്‍ നടന്ന ചില്‍ഡ്രന്‍സ് റഫറണ്ടത്തിന് സമാനമായി വോട്ടെടുപ്പ് ദിവസം യെസ് വോട്ടിനുള്ള പിന്തുണ കുറഞ്ഞു വരുമെന്നാണ് നോ ക്യാംപെയ്ന്‍ ഗ്രൂപ്പുകളുടെ പ്രതീക്ഷ. 2012 ലെ നടന്ന ചില്‍ഡ്രന്‍സ് റഫറണ്ടത്തില്‍ പ്രീ പോള്‍ സര്‍വേ പ്രകാരം 80 ശതമാനം പേര്‍ യെസ് വോട്ടിന് അനുകൂലമായിരുന്നു. എന്നാല്‍ പോളിംഗ് ദിവസം 58 ശതമാനം പേര്‍ മാത്രമാണ് യെസ് വോട്ട് ചെയ്തത്. യെസ് ഇക്വാളിറ്റി എന്ന ഗ്രൂപ്പിന് കീഴില്‍ മൂന്ന് സംഘടനകളുടെ നേതൃത്വത്തിലാണ് യെസ് വോട്ടിനായി പ്രചരണം നടത്തുന്നത്. ഫിനഗേല്‍, ഫിനാഫാള്‍, ലേബര്‍ സിന്‍ ഫിന്‍ എന്നീ പ്രമുഖ പാര്‍ട്ടികളുടെ പിന്തുണയും ഈ ഗ്രൂപ്പിനുണ്ട്.കത്തോലിക്കാ സഭ പരസ്യമായി നോ വോട്ടിന് വേണ്ടി രംഗത്തുണ്ടെങ്കിലും ചില വൈദീകരടക്കം യെസ് വോട്ടിന് ആഹ്വാനം നല്കിയത് വിശ്വാസികളെ ആശയക്കുഴപ്പത്തിലാഴ്ത്തിയിട്ടുണ്ട്.

ഗണ്യമായ തോതിലല്ലെങ്കിലും ഇന്ത്യന്‍ സാന്നിധ്യം വോട്ടവകാശം ഉള്ളവര്‍ക്കിടയിലുണ്ട്.അഭിപ്രായ പ്രകടനങ്ങളിലൂടെ അനുകൂലമായോ പ്രതികൂലമായോ ജനങ്ങളെ സ്വാധീനിക്കാന്‍ വരേദ്കരെ പോലെ ശക്തിയുള്ള ഒട്ടേറെ സംഘടനകളും വ്യക്തികളും അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്കിടയിലുണ്ട്.അവരുടെ നിലപാടുകള്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ നിന്നെന്ന പോല്‍ കാത്തിരിക്കുകയാണ് സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നവരും അനുകൂലിയ്ക്കുന്നവരും.മെയ് മാസത്തിലാണ് റഫറണ്ടം നടക്കുന്നത്.ഇതിന് മുന്‍പായി നടന്ന ചില്‍ഡ്രന്‍സ് റഫരണ്ടത്തില്‍ യെസ് വോട്ട് വിജയിച്ചെങ്കിലും പരാജിതരുമായുള്ള അവരുടെ വ്യത്യാസം 160.000 വോട്ടുകള്‍ മാത്രമായിരുന്നു.അത് കൊണ്ട് തന്നെ വോട്ടവകാശമുള്ള അയ്യായിരത്തിലധികം പി ഐ ഓ കാര്‍ഡ് ഉടമകളും ഏകദേശം 8000 ത്തില്‍ അധികം വരുന്ന പുതിയതായി പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരും അടക്കമുള്ള വോട്ടര്‍മാര്‍ റഫറണ്ടത്തിലും നിര്‍ണ്ണായക ഘടകം തന്നെയാണ്.

Scroll To Top