Wednesday August 23, 2017
Latest Updates

അയര്‍ലണ്ടിലെ സ്വവര്‍ഗവിവാഹം:ഒരു കേരളീയ ക്രൈസ്തവ കാഴ്ച്ചപ്പാട് 

അയര്‍ലണ്ടിലെ സ്വവര്‍ഗവിവാഹം:ഒരു കേരളീയ ക്രൈസ്തവ കാഴ്ച്ചപ്പാട് 

സ്വവര്‍ഗവിവാഹത്തിന് നിയമസാധുത കൊടുക്കണമോ എന്ന ഹിതപരിശോധനയോട് കത്തോലിക്കാരാജ്യമെന്ന് അവകാശപ്പെടുന്ന അയര്‍ലണ്ട് നടത്തിയ പ്രതികരണമുയര്‍ത്തുന്ന നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. ലിംഗവിവേചനമില്ലാതെ രണ്ട് വ്യക്തികള്‍ക്ക് നിയമപരമായി വിവാഹ ഉടമ്പടിയില്‍ ഏര്‍പ്പെടാം എന്ന പ്രമേയത്തോട് 62%പേര്‍ അനുകൂലിച്ചപ്പോള്‍ പ്രതികൂലിച്ചത് 38%പേര്‍മാത്രമാണ്. സ്വവര്‍ഗലൈംഗികത പാപമാണെന്ന് പഠിപ്പിക്കുന്ന കത്തോലിക്കര്‍ ബഹുഭൂരിപക്ഷമായ രാജ്യത്ത് ഇതെങ്ങനെ സംഭവിച്ചു? 62% പേര്‍ പ്രമേയത്തിന് അനുകൂലമായി ‘യേസ്’ എന്ന് രേഖ പ്പെടുത്തിയപ്പോള്‍ 34^ാമത്തെ ഭരണഘടനാഭേദഗതിയിലൂടെ ‘മാര്യേജ് ഇക്വാളിറ്റി’ ബില്‍ പ്രാബല്യത്തിലായി.

ഉറച്ച കത്തോലിക്കാരാജ്യമെന്നാണ് അയര്‍ലന്‍ഡിനെ പലരും കരുതിയിരുന്നത്. അയര്‍ലന്‍ഡ് എത്രയോ മിഷനറിമാരെ മറ്റു രാജ്യങ്ങളിലേക്ക് അയച്ചിരിക്കുന്നു. അമേരിക്കയില്‍ ആദ്യകാലത്ത് ഐറിഷ് മിഷനറിമാരായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. ഒരു കാലത്ത് ഇന്ത്യയിലും ഐറിഷ് മിഷനറിമാരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. 1970വരെ അയര്‍ലന്‍ഡില്‍ കത്തോലിക്കാ അന്തരീക്ഷമാണുണ്ടായിരുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം സഭകള്‍ കൂടുതല്‍ ഉന്‍മേഷത്തോടെ മുന്നോട്ടുപോകുമെന്നായിരുന്ന കണക്കുകൂട്ടല്‍. പക്ഷേ, അതിന് വിരുദ്ധമായ അനുഭവങ്ങളായിരുന്നു ഒട്ടുമിക്ക പാശ്ചാത്യരാജ്യങ്ങളിലും.

തകിടം മറിഞ്ഞ പാശ്ചാത്യസംസ്‌കാരം^ ആപേക്ഷികതാ വാദവും മതവിരുദ്ധ സെക്കുലറിസവും^ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് ഉചിതമായ പ്രതികരണം നല്‍കാന്‍ പല രാജ്യങ്ങള്‍ക്കും കഴിഞ്ഞില്ല. വൈദികശുശ്രൂഷയില്‍നിന്നും അനേകര്‍ കൊഴിഞ്ഞു പോയി. സെമിനാരികളിലും സന്യാസപരിശീലന വേദികളിലും കടന്നുവരുന്നവര്‍ തീര്‍ത്തും ചുരുങ്ങി. ഈ തകര്‍ച്ച അയര്‍ലന്‍ഡിനെയും കുഴപ്പത്തിലാക്കിയെന്നുവേണം കരുതാന്‍.
ഹിതപരിശോധനാ വിലയിരുത്തലില്‍
മുപ്പത്തെട്ട് ശതമാനംപേര്‍ (ഏകദേശം 7,34,0000 ജനങ്ങള്‍) മാത്രമാണ് സര്‍ക്കാര്‍ ഉന്നയിച്ച ചേദ്യത്തിനെതിരായി വേട്ടുചെയ്തത്. അയര്‍ലന്‍ഡില്‍ ഏകദേശം 10 ലക്ഷം കത്തോലിക്കര്‍ ആഴ്ചതോറും ദിവ്യബലിയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് കണക്ക്. പക്ഷേ അവരില്‍ നല്ലൊരു ഭാഗം പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു എന്നുവേണം കരുതാന്‍. ഇതു മെത്രാന്‍സംഘത്തിന്റെ കൃത്യമായ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായിരുന്നു എന്നോര്‍ക്കണം. ആ 10 ലക്ഷംപേരെങ്കിലും പ്രമേയത്തിനെതിരെ വോട്ടുചെയ്തിരുന്നെങ്കില്‍ പ്രമേയം പരാജയപ്പെടുമായിരുന്നു. യുവജനങ്ങള്‍ ഏറെപ്പേര്‍ അനുകൂലിച്ചു വോട്ടുചെയ്തിട്ടുണ്ടാകാം എന്നാണ് മറ്റൊരു നിഗമനം. ഇതു ആത്മാര്‍ത്ഥമായ വിലയിരുത്തലിനു വിധേയമാക്കണം എന്നാണ് പല ബിഷപ്പുമാരുടെയും അഭിപ്രായം.

ഒരു കാര്യം ശരിയാണ്, ‘അറ്റ്‌ലാന്റിക് ഫിലാട്രോപീസ്’ പോലുളള ഗ്രൂപ്പുകള്‍ എല്‍.ജി.ബി.ടി (ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍) സംഘടനയ്ക്ക് ഉപദേശം നല്‍കുകയും അവര്‍ക്കായി ധാരാളം പണമൊഴുക്കുകയും ചെയ്തിട്ടുണ്ട്. വളരെ വിദഗ്ധരായ പ്രചാരകരെയും അവര്‍ എല്‍.ജി.ബി.ടി സംഘടനകള്‍ക്ക് ലഭ്യമാക്കി. അവര്‍ സ്വവര്‍ഗ വിവാഹത്തിന് എതിരുനിന്നവരെ മയപ്പെടുത്താന്‍ നിരന്തരം പല തന്ത്രങ്ങളും പ്രയോഗിച്ചു. ഏതാനും വര്‍ഷങ്ങളായി ഈ പ്രസ്ഥാനത്തിനുവേണ്ടി അവരെല്ലാം സംഘടിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു. സ്വവര്‍ഗ വിവാഹത്തിനുവേണ്ടി പ്രവര്‍ത്തിച്ച ‘യേസ് ഇക്വാളിറ്റി’ ഗ്രൂപ്പുതന്നെ ഏകദേശം ഒന്നേമുക്കാല്‍കോടി ഡോളര്‍ എല്‍.ജി.ബി.ടി സംഘടനകള്‍ക്ക് നല്‍കി എന്നാണ് വാര്‍ത്ത.
മാധ്യമങ്ങളും ഇവരുടെ സ്വാധീനത്തിലായിരുന്നു എന്നതും ശ്രദ്ധിക്കണം. ചില റേഡിയോകളും ടി.വി ചാനലുകളുംമാത്രമാണ് കുറച്ചെങ്കിലും നിഷ്പക്ഷത പാലിച്ചത്. പത്രങ്ങളിലെ ലേഖനങ്ങളുടെ മൂന്നില്‍ രണ്ടുഭാഗവും സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായിരുന്നു. (മിക്ക രാജ്യങ്ങളിലും സഭയ്‌ക്കെതിരായിട്ടാണല്ലോ മാധ്യമങ്ങള്‍ നിലകൊളളുക!) ‘യേസ്’ എന്ന ഉത്തരമെഴുതാന്‍ പ്രേരിപ്പിക്കുന്ന ഗ്രൂപ്പുകള്‍ക്ക് ലഭിച്ച വമ്പിച്ച സാമ്പത്തികസഹായം കാണാന്‍ അയര്‍ലന്‍ഡിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അന്ന് കണ്ണില്ലായിരുന്നു എന്നതും ശ്രദ്ധിക്കണം. പ്രമേയത്തെ എതിര്‍ക്കാന്‍ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ ആരും രംഗത്തില്ലായിരുന്നെന്ന് മാത്രമല്ല, എണ്ണപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളും ഭേദഗതിയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
കത്തോലിക്കസഭയിലെ ബിഷപ്പുമാര്‍ ഹിതപരിശോധനാഘട്ടത്തില്‍ അവരുടെ ചുമതല നിറവേറ്റാന്‍ ശ്രമിച്ചു. മിക്കവരും ഇതുസംബന്ധിച്ച് ഇടയലേഖനം എഴുതി. ചിലര്‍ ടി.വി ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും അഭിമുഖം നല്‍കി പ്രശ്‌നത്തിന്റെ ഗൗരവം ഓര്‍മിപ്പിച്ചു. വൈദികരില്‍ ചിലരെങ്കിലും ഇക്കാര്യത്തില്‍ ശ്രദ്ധിച്ചില്ല എന്ന ആരോപണവുമുണ്ട്. മാത്രമല്ല, ചില വൈദികരും സന്യാസിനികളും ‘യേസ്’ രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സഭയുടെ നിലപാടിനുവേണ്ടി പ്രചാരണം നടത്താന്‍ ഇറങ്ങിയത് ഒന്നുരണ്ടു യുവജനപ്രസ്ഥാനങ്ങള്‍ മാത്രമാണ്.
പുതുതലമുറയെ ശക്തരാക്കാം
ഇങ്ങനെയുളള പ്രശ്‌നങ്ങള്‍ കേരളത്തിലും നാം നേരിടേണ്ടി വരുമെന്നതില്‍ സംശയമില്ല. എല്‍.ജി.ബി.ടി ഗ്രൂപ്പുകള്‍ ഇപ്പോള്‍ത്തന്നെ വമ്പിച്ച ധനസഹായത്തോടെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പല രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും ഇത്തരം നീക്കങ്ങളെ അനുകൂലിക്കാനോ നിഷ്പക്ഷത പാലിക്കാനോ ആയിരിക്കും ശ്രമിക്കുക. ഗര്‍ഭച്ഛിദ്രത്തിനും മറ്റും കൂടുതല്‍ സഹായമായ നിയമനിര്‍മാണത്തിന് ഇന്ത്യയിലും ആലോചന നടക്കുന്നുണ്ടെന്നത് വാസ്തവമാണ്. കോടതിവിധികള്‍ എങ്ങനെ ആകുമെന്ന് നമുക്കറിയില്ലെങ്കിലും അടുത്തകാലത്തുണ്ടായ ചില വിധികള്‍ അപ്രതീക്ഷിതമെന്ന് പറയേണ്ടിയിരിക്കുന്നു.
ഭാരതത്തില്‍ മതവിശ്വാസങ്ങള്‍ ഇന്നും പ്രബലമാണെന്ന അനുകൂല ഘടകം നമുക്കുണ്ട്. പക്ഷേ, ഇങ്ങനെയുളള ധാര്‍മികപ്രശ്‌നങ്ങളില്‍ മറ്റു മതസ്ഥര്‍ എന്തു നിലപാടാണ് എടുക്കുക എന്നത് കൃത്യമായി നിശ്ചയമില്ല. വിശിഷ്യാ, മതനിഷേധത്തിന്റെ താത്വിക നിലപാടുളള സംഘടനകളും മറ്റും ശക്തമാകുന്ന പശ്ചാത്തലത്തില്‍. ഇതുകൊണ്ടെല്ലാം പുതുതലമുറ എന്ത് നിലപാടു സ്വീകരിക്കുമെന്ന് പറയാനാവില്ല. നിലവില്‍ വരുന്ന സാംസ്‌കാരിക സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയോ അനുരൂപപ്പെടുകയോ ആണ് പൊതുവേ കാണുന്ന പ്രവണത.

അയര്‍ലന്‍ഡിലെ യുവജനങ്ങളില്‍ ഒരു നല്ല വിഭാഗവും സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്തു എന്ന വസ്തുത നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. നാം പലപ്പോഴും നമ്മുടെ വിശ്വാസപാരമ്പര്യത്തെക്കുറിച്ച് പൊങ്ങച്ചം പറയുമെങ്കിലും ആ വിശ്വാസം ഫലപ്രദമായി പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. മിശ്രവിവാഹം, അവിവാഹിതരുടെ സഹവാസം, സ്വവര്‍ഗവിവാഹം തുടങ്ങിയ കാര്യങ്ങളില്‍ നമ്മുടെ യുവജനങ്ങളുടെ ചിന്തകള്‍ എങ്ങനെ പോകുന്നു എന്നത് വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടേണ്ടതാണ്.

അയര്‍ലന്‍ഡിലെ ഹിതപരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ അവിടുത്തെ ആര്‍ച്ച്ബിഷപ്പ് ഡി യാര്‍മുട് മാര്‍ട്ടിന്‍ പറഞ്ഞത് അവിടുത്തെ സഭയ്ക്ക് ഇങ്ങനെയൊരു ‘റിയാലിറ്റി ചെക്ക്’ ആവശ്യമാണെന്നാണ്. അനുഭവത്തില്‍നിന്ന് പാഠങ്ങള്‍ പഠിച്ച് മുമ്പോട്ടുപോകണമെന്നാണല്ലോ അദ്ദേഹം സൂചിപ്പിച്ചത്. അയര്‍ലന്‍ഡിലെ അനുഭവം ഉണ്ടാകാതിരിക്കാന്‍ നാം കൂടുതല്‍ ജാഗരൂകരാകണമെന്ന് സാരം.

വിവാഹത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും സഭയുടെ പ്രബോധനം ഫലപ്രദമായി നല്‍കേണ്ടത് ഇന്നത്തെ അടിയന്തരാവശ്യമാണ്. വിശ്വാസത്തിന്റെ വെളിച്ചത്തിലാവണം ക്രൈസ്തവകുടുംബങ്ങള്‍ രൂപവല്‍കൃതമാകേണ്ടത്. ചുറ്റുമുളള സംസ്‌കാരത്തിന്റെ നിലപാടുകള്‍ പലപ്പോഴും വിശ്വാസത്തിന്റെ ബോധ്യങ്ങള്‍ക്ക് വിരുദ്ധമായെന്നുവരാം. അപ്പോഴും ക്രൈസ്തവജീവിതത്തിന്റെ മൂല്യങ്ങള്‍ മുറുകെപിടിച്ച് ക്രൈസ്തവ കുടുംബജീവിതത്തിന്റെ ഉന്നതസാക്ഷ്യം നല്‍കാന്‍ യുവജനങ്ങള്‍ക്ക് സാധിക്കണം. ഭൗതികനേട്ടങ്ങള്‍ക്കുപരി വിശ്വാസത്തിന്റെ നിബന്ധനകള്‍ക്ക് ജീവിതത്തില്‍ പ്രാധാന്യം കൊടുക്കാന്‍ കഴിയണം. ഒരുപക്ഷേ, ആദ്യകാലസഭയുടെ സാംസ്‌കാരിക സാഹചര്യങ്ങളാണ് ഇന്നും സഭയ്ക്ക് അഭിമുഖീകരിക്കാനുളളതെന്നു പറയാം. അക്കാലത്തെ രക്തസാക്ഷികളുടെ ചൈതന്യമാണ് നമുക്കും ഇന്നാവശ്യം.

പ്രബോധനതലത്തില്‍ സഭ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല എന്നാണ് പലരുടെയും പരാതി. കേരളത്തിലും സഭയിലെ പ്രബോധനരംഗത്തുളള വരില്‍ത്തന്നെ പലരും ആപേ ക്ഷികതാവാദത്തിന്റെ വക്താക്കളാകുമ്പോള്‍ സഭയുടെ ശബ്ദം വളച്ചൊടിക്കപ്പെടുന്നു. ഇപ്പോള്‍ കേരളത്തിലെ പല ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളില്‍പ്പോലും സഭയുടെ പ്രബോധനം പല അഭിപ്രായങ്ങളുടെ കൂട്ടത്തില്‍ ഒന്ന് എന്നരീതിയില്‍ അവതരിപ്പിക്കുന്നതായി കേള്‍ക്കുന്നുണ്ട്. പല ലേഖനങ്ങളിലും ആപേക്ഷികതാവാദം കാണാന്‍ കഴിയുന്നുമുണ്ട്. സഭയുടെ ധാര്‍മിക പ്രബോധനം വ്യക്തമായി അവതരിപ്പിക്കാനും ബോധ്യപ്പെടുത്താനും ശ്രമം നടക്കുന്നില്ല എന്ന പരാതിയുണ്ട്. പിന്നെ വിഘടിത ഗ്രൂപ്പുകള്‍ അവരുടെ ആശയങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ടല്ലോ. സഭാനേതൃത്വം ധാര്‍മികതയുടെ പ്രബോധനകാര്യത്തില്‍ ശക്തമായ മാര്‍ഗദര്‍ശനം നല്‍കുന്നില്ല എന്നു പലരും ചൂണ്ടിക്കാട്ടുന്നു.

ഹിതപരിശോധനയ്ക്കുശേഷം ഡേവിഡ് ക്വിന്‍ എന്ന ഒരു അയര്‍ലന്‍ഡുകാരന്‍ എഴുതിയത് ഇങ്ങനെ: ‘സ്വീകാര്യമായ സമയത്തും സ്വീകാര്യമല്ലാത്തപ്പോഴും സത്യമായിട്ടുള്ളത് സഭ പഠിപ്പിക്കണം. വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പഠനത്തിന് ഇപ്പോള്‍ സ്വീകാര്യതയില്ലാത്ത സമയമാണ്. അങ്ങനെയായിക്കൊള്ളട്ടെ.’ വിശ്വാസപരിശീലനം നല്‍കുന്ന ഇടങ്ങളിലും ആധുനിക പ്രവണത ഉയര്‍ത്തുന്ന വെല്ലുവിളികളോട് വേണ്ടരീതിയില്‍ പ്രതികരിക്കാന്‍ സഹായിക്കുന്ന പരിശീലനം ലഭ്യമാക്കാന്‍ കഴിയുന്നില്ല. ഈ രംഗത്തെ പോരായ്മകള്‍ പരിഹരിച്ച് വിശ്വാസം ശക്തമായി പ്രഘോഷിക്കണം. വിശ്വാസത്തിനുവേണ്ടി ഉറച്ച നിലപാടുകള്‍ എടുക്കാന്‍ യുവതലമുറയെ സന്നദ്ധമാക്കുകയാണാവശ്യം.

(സണ്ടേ ശാലോം എന്ന ക്രൈസ്തവ മാസിക പ്രസിദ്ധീകരിച്ച സെപ്റ്റംബര്‍ മാസത്തെ മുഖപ്രസംഗം )

Scroll To Top