Tuesday December 06, 2016
Latest Updates

വൈദ്യുതി, പാചക വാതക നിരക്കുകള്‍ വീണ്ടും കുറയുന്നു,അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ മാറ്റാതെ പണം പാഴാക്കുന്നതായി പഠനം 

വൈദ്യുതി, പാചക വാതക നിരക്കുകള്‍ വീണ്ടും കുറയുന്നു,അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ മാറ്റാതെ പണം പാഴാക്കുന്നതായി പഠനം 

ഡബ്ലിന്‍:അയര്‍ലണ്ടിലെ സാധാരണക്കാര്‍ പോലും വര്‍ഷം തോറും ഗ്യാസ് വൈദ്യുതി സര്‍വീസ് പ്രൊവൈഡര്‍മാരെ ലാഭത്തിന് അനുസൃതമായി മാറുന്നവരാണ് എന്നാണ് കണ്ടെത്തല്‍.എന്നാല്‍ ഇന്ത്യാക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ ഇക്കാര്യത്തില്‍ പിമ്പില്‍ നില്‍ക്കുന്നു എന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.ആദ്യം പരിചയപ്പെട്ട കമ്പനിയുടെ സേവനം ലാഭമോ നഷ്ട്ടമോ പരിഗണിക്കാതെ വര്‍ഷങ്ങളോളം സ്വീകരിക്കുന്നവരാണ് അയര്‍ലണ്ടിലെ മലയാളികളിലും കൂടുതല്‍. 

ഇപ്പോഴിതാ വീണ്ടും അയര്‍ലണ്ടില്‍ വൈദ്യുതി, പാചക വാതക നിരക്കുകള്‍ കുറയുന്നു. കമ്പനികള്‍ തമ്മിലുള്ള മത്സരവും അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവുമാണ് പാചക വാതക, വൈദ്യുതി, നിരക്കുകള്‍ കുറയാന്‍ കാരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രകൃതി വാതകത്തിന്റെ വില 30 ശതമാനം കുറഞ്ഞു. ക്രൂഡോയില്‍ വില ബാരലിന് 58 ഡോളറായി കുറഞ്ഞു. 2009 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതേതുടര്‍ന്നാണ് ഐറിഷ് കമ്പനികള്‍ നിരക്ക് കുറയ്ക്കാന്‍ തീരുമാനിക്കുന്നത്. 

അയര്‍ലണ്ടിലെ പ്രധാനപ്പെട്ട കമ്പനികളിലൊന്നായ എനെര്‍ജിയ വൈദ്യുതി നിരക്കില്‍ 1 ശതമാനം മുതല്‍ 17 ശതമാനം വരെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പാചക വാതക നിരക്കില്‍ 16 ശതമാനം നിരക്ക് കുറയ്ക്കുമെന്നും എനെര്‍ജിയ വ്യക്തമാക്കി. നിരക്ക് കുറയ്ക്കുന്നതോടെ എനെര്‍ജിയ ഉപഭോക്താക്കളുടെ പ്രതിവര്‍ഷ ബില്ലില്‍ 307 യൂറോയുടെ കുറവുണ്ടാകും. എനെര്‍ജിയ ഐറിഷ് വിപണിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം മറ്റ് കമ്പനികളില്‍ നിന്ന് ആയിരക്കണക്കിന് ഉപഭോക്താക്കള്‍ എനെര്‍ജിയയിലേക്ക് മാറിയതായി കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ജെഫ് കോഡ് പറഞ്ഞു. 

മറ്റൊരു പ്രമുഖ കമ്പനിയായ ഫ്‌ലോഗാസ്, മറ്റ് കമ്പനികളില്‍ നിന്ന് മാറിയെത്തുന്ന ഉപഭോക്താക്കള്‍ക്ക് അടിസ്ഥാന വിലയില്‍ 20 ശതമാനം വരെ ഇളവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 28 ന് മുമ്പ് ഫ്‌ലോഗാസിലെക്ക് മാറുന്ന ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍ ലഭിക്കുക. ഏറ്റവും പുതിയ നിരക്കുകള്‍ പ്രകാരം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ പാചക വാതകം ലഭ്യമാക്കുന്നത് ഫ്‌ലോഗാസാണ്.

വിപണിയില്‍ ലഭ്യമാവുന്ന ഓഫറുകള്‍ ഗുണകരമാക്കുവാനുള്ള അന്വേഷണങ്ങള്‍ ഇത്തവണ മുതലെങ്കിലും കുടിയേറ്റക്കാരും നടത്തുമെന്ന പ്രതീക്ഷയിലാണ് ഓഫറുകള്‍ പ്രഖ്യാപിച്ച കമ്പനികള്‍.ഡബ്ലിന്‍ പോലെ അഞ്ചില്‍ ഒരാളും കുടിയേറ്റക്കാര്‍ താമസിക്കുന്ന നഗരങ്ങളില്‍ മിക്ക കമ്പനികളും ഇതിനായി പ്രത്യേക പ്രയത്‌നം നടത്തുന്നുണ്ട്.

Scroll To Top