Friday September 22, 2017
Latest Updates

രാത്രിസമയങ്ങളില്‍ വഴി നടക്കാനാവാതെ താലയിലെ ജനങ്ങള്‍,ആക്രമണങ്ങള്‍ പെരുകുന്നു

രാത്രിസമയങ്ങളില്‍ വഴി നടക്കാനാവാതെ താലയിലെ ജനങ്ങള്‍,ആക്രമണങ്ങള്‍ പെരുകുന്നു

താല(ഡബ്ലിന്‍):ആളുകളെ ഭീതിയിലാഴ്ത്തിക്കൊണ്ട് താലയില്‍ രാത്രികാല അക്രമങ്ങള്‍. വെള്ളിയാഴ്ച രാത്രി 42കാരനു നേരെ നടന്ന ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മുഖത്തിനും തലയ്ക്കും കാര്യമായ പരിക്കേറ്റു. ഡബ്ലിനിലെ കിങ്സ്വുഡ് സ്വദേശിയായ സിമോണ്‍ ക്ലിയറി (42)ക്കാണ് ബെല്‍ഗാര്‍ഡ് സ്‌ക്വയറിലെ ലുവാസ് സ്റ്റോപ്പില്‍ രാത്രി 1 മണിക്ക് ആക്രമണമേല്‍ക്കേണ്ടി വന്നത്.

‘വീട്ടിലേയ്ക്കുള്ള സ്റ്റോപ്പ് മാറി ഇറങ്ങിപ്പോയ ക്ലിയറിനെ അവിടെയുണ്ടായിരുന്ന മൂന്നു പേര്‍ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് തുടര്‍ച്ചയായ അടിയേറ്റ ക്ലിയര്‍ നിലത്തു വീണു. തുടര്‍ന്നു മൂന്നംഗ സംഘം ഇദ്ദേഹത്തെ തൊഴിക്കുകയും മറ്റും ചെയ്തു. ശേഷം മൊബൈല്‍, വര്‍ക്ക് ഫോണ്‍, പഴ്സ് എന്നിവ മോഷ്ടിക്കുകയും ചെയ്തു.’ ക്ലിയറിന്റെ ഭാര്യ പട്രീഷ്യ പറഞ്ഞു.

മുമ്പ് ഓസ്ട്രേലിയയില്‍ വച്ചുണ്ടായ ഒരപകടത്തില്‍ ക്ലിയറിന് മുഖത്ത് കാര്യമായ ഓപ്പറേഷന്‍ നടത്തിയിരുന്നു. അപകടത്തില്‍ ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തു. തലയ്ക്കുള്ളില്‍ ഇപ്പോഴും ടൈറ്റാനിയം പ്ലേറ്റുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്.

താല ഹോസ്പിറ്റലില്‍ ചികിത്സ തേടിയ ക്ലിയറിന് തലയില്‍ ആറും, ചുണ്ടില്‍ മൂന്നും സ്റ്റിച്ചുകള്‍ ഇടേണ്ടിവന്നു. മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം നടത്തുകയാണ്.

അജ്ഞാതരായ ആളുകള്‍ അപ്രതീക്ഷിതമായ സമയങ്ങളില്‍ പോലും ആക്രമണം അഴിച്ചു വിടുന്നത് താലയില്‍ പതിവായിരിക്കുകയാണ്.വഴിയില്‍ കൂടി നടന്നു പോകാന്‍ ഭയപ്പെടേണ്ട അവസ്ഥയാണ് ഇപ്പോള്‍ താലയിലെന്ന് പ്രദേശവാസികളായ മലയാളികള്‍ ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.കുട്ടികള്‍ സ്‌കൂള്‍ വിട്ട് ഒറ്റയ്ക്ക് നടന്നു വരേണ്ട അവസ്ഥ പരമാവധി ഒഴിവാക്കുകയാണ് ഇപ്പോള്‍.അക്രമികളില്‍ അധികവും കൗമാരക്കാരായത് കൊണ്ട് സമപ്രായക്കാര്‍ക്കും ഇത്തരം സാമൂഹ്യവിരുദ്ധരുടെ ആക്രമണം നേരിടേണ്ടി വരുന്നുണ്ട്’.അദ്ദേഹം പറഞ്ഞു.

ഗാര്‍ഡ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും താലയിലെ അക്രമസ്വഭാവമുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍
ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

Scroll To Top