Sunday December 11, 2016
Latest Updates

കുട്ടികുറ്റവാളികള്‍ പെരുകുന്നു; ഗാര്‍ഡയെ കയ്യേറ്റം ചെയ്തു,ലൂക്കനിലെ മലയാളിയുടെ വീട്ടില്‍ കൊള്ള നടത്തിയതും കൗമാരക്കാര്‍

കുട്ടികുറ്റവാളികള്‍ പെരുകുന്നു; ഗാര്‍ഡയെ കയ്യേറ്റം ചെയ്തു,ലൂക്കനിലെ മലയാളിയുടെ വീട്ടില്‍ കൊള്ള നടത്തിയതും കൗമാരക്കാര്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ കൂടുന്നു.കൌമാരക്കാരായ കുട്ടികള്‍ ഗാര്‍ഡക്ക് നേരെ പോലും ആക്രമണം നടത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഡബ്ലിനിലെ ചെറി ഒര്‍ച്ചാഡ്‌സില്‍ കഴിഞ്ഞ ദിവസം രണ്ട് വ്യത്യസ്തമായ സംഭവങ്ങളില്‍ മൂന്ന് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.ഈ സംഭവങ്ങളില്‍ പ്രതി സ്ഥാനത്ത് കുട്ടികളാണ്.

dub garകഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒരു സംഘം കൌമാരക്കാര്‍ ഗാര്‍ഡയുടെ വാന്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഒരു ഗാര്‍ഡ ഉദ്യോഗസ്ഥന് ഒരു ഗാര്‍ഡയ്ക്ക് കണ്ണില്‍ ഗുരുതരമായി പരുക്കേറ്റു. 30 മുതല്‍ 40 വരെ കൌമാരക്കാര്‍ ഉള്‍പ്പെടുന്ന ഒരു സംഘം വാനിന് നേരെ കല്ലെറിയുകയായിരുന്നെന്ന് ഗാര്‍ഡ അറിയിച്ചു. കല്ലേറില്‍ വാനിന്റെ ജനല്‍ ചില്ല് പൊട്ടിയാണ് ഗാര്‍ഡയുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റത്. 

ഗാര്‍ഡയെ കല്ലെറിഞ്ഞു പ്രതിരോധിച്ചു ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.മോഷണം പതിവാക്കിയ ഒരു സംഘം കുട്ടിക്കള്ളന്‍മാര്‍ ലൂക്കന്‍,താല,ചെറിവുഡ് മേഖലകളില്‍ ഗാര്‍ഡയുടെ പോലും പേടിസ്വപ്നം ആയിരിക്കുകയാണ്.അയര്‍ലണ്ടില്‍ നിലവിലുള്ള ജുവനെല്‍ സംരക്ഷണ നിയമ പ്രകാരം കുട്ടികളെ കസ്റ്റഡിയില്‍ എടുക്കുന്നതിനു ഗാര്‍ഡയ്ക്ക് പരിമിതികളുണ്ട്.

ഈ പഴുതുപയോഗിച്ച് മയക്കുമരുന്ന്കള്ളക്കടത്തുകാരും മോഷ്ട്ടാക്കളും കുട്ടികളെ ഉപയോഗിച്ചു കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് പെരുകുകയാണ്.

കഴിഞ്ഞ ആഴ്ച്ച ലൂക്കനിലെ ബാലിയോവന്‍ സ്‌ക്വയറിലെ മലയാളിയുടെ വീട്ടില്‍ നിന്നും കൊള്ള നടത്തിയതും കുട്ടികുറ്റവാളികളാണെന്ന് ഗാര്‍ഡ വെളിപ്പെടുത്തി.വീട്ടുകാര്‍ തൊട്ടടുത്തുള്ള കടയില്‍ പോയി തിരിച്ചു വരുന്നതിനിടയ്ക്കുള്ള 20 മിനുട്ട് സമയത്തിനുള്ളിലാണ് ഇവിടെ മോഷണം നടന്നത്.ഫ്രണ്ട് ഡോര്‍ കുത്തിപ്പൊളിച്ച് അകത്തു കടന്ന സംഘം വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവളകള്‍,മൂന്നു ലാപ് ടോപ്കള്‍ ,400 യൂറോ എന്നിവ കൈവശപ്പെടുത്തി പിന്‍ വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു.

വീട്ടില്‍ കുട്ടികളെ മോഷണത്തിന് വിട്ട ശേഷം വീട്ടുകാര്‍ മടങ്ങി വരുന്നത് നിരീക്ഷിച്ച് മുതിര്‍ന്നവരായ കള്ളന്‍മാര്‍ വെളിയില്‍ നില്‍ക്കുകയാണ് പതിവെന്ന് ഗാര്‍ഡ പറയുന്നു.പിടിക്ക പ്പെട്ടാലും നിസാര ശിക്ഷയെ കുട്ടികള്‍ക്ക് ലഭിക്കുകയുള്ളൂ.അയര്‍ലണ്ടിലെ ജയിലുകള്‍ കുട്ടിക്കുറ്റവാളികള്‍ക്ക് ‘സുഖവാസ കേന്ദ്രം പോലെയാണെന്നാണ് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നത്.കുട്ടി കുറ്റവാളികള്‍ക്ക് ജയില്‍ ഭക്ഷണത്തിനു പുറമേ ഐസ് ക്രീം അടക്കമുള്ള സ്‌പെഷ്യല്‍ വിഭവങ്ങളും നല്‍കണമെന്നാണ് ചട്ടം !

കുട്ടികുറ്റവാളികള്‍ മോഷ്ടിച്ചു കൊണ്ട് പോയ വാഹനം ഗാര്‍ഡയുടെ പട്രോളിംഗ് കാറുമായി കൂട്ടിയിടിച്ചാണ് മറ്റ് രണ്ട് ഗാര്‍ഡമാര്‍ക്ക് പരുക്കേറ്റത്. പ്രതിവര്‍ഷം ആയിരം ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

ഇതില്‍ നല്ലൊരു ശതമാനം സംഭവങ്ങളിലും കുട്ടി കുറ്റവാളികള്‍ക്ക് പങ്കുണ്ട്.ദിവസേന മൂന്ന് ഗാര്‍ഡമാരെങ്കിലും ആക്രമിക്കപ്പെടുന്നതായാണ് നിലവിലെ കണക്ക്.ഇത് അംഗീകരിക്കാനാകില്ലെന്ന് ഗാര്‍ഡ റെപ്രസെന്റേറ്റീവ് അസോസിയേഷന്‍ വക്താവ് പറഞ്ഞു. ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ജോലിക്കിടെ ആക്രമിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അസോസിയേഷന്‍ നിരവധി തവണ ആവശ്യപ്പെട്ടു കഴിഞ്ഞതാണെന്നും ജിആര്‍എ വക്താവ് അറിയിച്ചു.

Scroll To Top