Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ ഗാര്‍ഡ സ്റ്റേഷനുകള്‍ മൂന്നാം ലോകരാജ്യങ്ങളിലെ പോലെയെന്ന് ഗാര്‍ഡ അസോസിയേഷന്‍ 

അയര്‍ലണ്ടിലെ ഗാര്‍ഡ സ്റ്റേഷനുകള്‍ മൂന്നാം ലോകരാജ്യങ്ങളിലെ പോലെയെന്ന് ഗാര്‍ഡ അസോസിയേഷന്‍ 

ഡബ്ലിന്‍:ഗാര്‍ഡ സ്റ്റേഷനുകളുടെ പരിതാപകരമായ അവസ്ഥക്കെതിരെ പരാതിയുമായി റാങ്ക് ആന്‍ഡ് ഫയല്‍ ഗാര്‍ഡകള്‍ രംഗത്ത്. ഗാര്‍ഡ റെപ്രസെന്റേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തിലാണ് ഗാര്‍ഡ ജില്ലാ ഹെഡ് ക്വാര്‍ടേഴ്‌സുകള്‍ അടിയന്തിരമായി നവീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്.

ബെയ്‌ലിബോറോ ഗാര്‍ഡ സ്റ്റേഷനടക്കമുള്ള ജില്ലാ സ്റ്റേഷനുകള്‍ ജീവനക്കാരുടെ മേല്‍ പൊളിഞ്ഞു വീഴാറായ അവസ്ഥയിലാണുള്ളതെന്ന് സമ്മേളനത്തില്‍ സംസാരിക്കവേ മോണഗന്‍ ഡിവിഷനിലെ ഗാര്‍ഡ ജയിംസ് മോറിസ്‌റോ പറഞ്ഞു. സര്‍ക്കാര്‍ കാലാകാലങ്ങളായി വിഷയത്തില്‍ നിസംഗത പാലിക്കുകയാണെന്നും സ്വകാര്യ മേഖലയിലായിരുന്നെങ്കില്‍ ഇത്തരമൊരു അവസ്ഥ പൊറുപ്പിക്കപ്പെടില്ലായിരുന്നെന്നും പറഞ്ഞ അദ്ദേഹം പൊതു
മേഖലയില്‍ ഈ നൂറ്റാണ്ടില്‍ പോലും ജീവനക്കാര്‍ മൂന്നാം ലോക രാജ്യങ്ങളിലെ സൌകര്യങ്ങളുമായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണെന്നും പരാതിപ്പെട്ടു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം വാഗ്ദാനങ്ങള്‍ മാത്രം നല്‍കുകയാണെന്നും,ആവശ്യമായ സംവിധാനങ്ങള്‍ ലഭ്യമല്ലാതെയാണ് തങ്ങള്‍ മികച്ച സേവനം നല്കിവരുന്നതെന്നും വെസ്റ്റ് കോര്‍ക്ക് ഡിവിഷനിലെ ജേസണ്‍ കോളിന്‍സ് പറഞ്ഞു. മക്രൂം ഗാര്‍ഡ സ്റ്റേഷനില്‍ 16 വനിതാ ഗാര്‍ഡകള്‍ക്കായി ഒരൊറ്റ ശൌചാലയം മാത്രമാണുള്ളതെന്നു പറഞ്ഞ അദ്ദേഹം അതുപോലും പൊതുജനങ്ങളുമായി പങ്കിടേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി.

പരിഷ്‌കരണ നടപടികള്‍ ജില്ലാ ഓഫീസുകളില്‍ മാത്രമല്ലാതെ എല്ലാ ഗാര്‍ഡ സ്റ്റേഷനുകളിലും നടപ്പാക്കണമെന്ന് തുടര്‍ന്നു സംസാരിച്ച നാസ് ഗാര്‍ഡ ജോണ്‍ ജോ കോണലും ആവശ്യപ്പെട്ടു

Scroll To Top