Friday December 09, 2016
Latest Updates

അഴിമതിക്കാരുടെ പേരുകള്‍ ഗണേഷ് കുമാര്‍ പുറത്ത് വിട്ടു,ഗണേഷ് കുമാറിനെ പ്രേതം ആവാഹിച്ചുവെന്ന് മന്ത്രി

അഴിമതിക്കാരുടെ പേരുകള്‍ ഗണേഷ് കുമാര്‍ പുറത്ത് വിട്ടു,ഗണേഷ് കുമാറിനെ പ്രേതം ആവാഹിച്ചുവെന്ന് മന്ത്രി


തിരുവനന്തപുരം: നേരത്തെ പ്രഖ്യാപിച്ചിരുന്നതനുസരിച്ച് മന്ത്രിയുടെ ഓഫീസിലെ അഴിമതിക്കാരുടെ പേരുകള്‍ കെബി ഗണേശ് കുമാര്‍ എംഎല്‍എ പുറത്തുവിട്ടു. പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിലെ മൂന്നു ഉദ്യോഗസ്ഥരായ എസ് നസറുദ്ദീന്‍, അബ്ദുള്‍ റഷീദ്, അബ്ദുള്‍ റഹീം എന്നിവര്‍ക്കെതിരെയാണ് ഗണേശ് അഴിമതി ആരോപണം ഉന്നയിച്ചത്.

മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതിയാണ് നടക്കുന്നത്. ഇതു നിയമസഭാ സമതി അന്വേഷിക്കണം. അഴിമതി ആരോപണം സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഫയലുകള്‍ നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടികാണ്ട് ഗണേശ് പറഞ്ഞു.

ഇതേസമയം, ഗണേശന്റെ ആരോപണത്തെ മന്ത്രി ഇബ്രാഹിംകുഞ്ഞ് തള്ളി. ഗണേശിന്റെ നടപടി ചട്ട വിരുദ്ധമാണെന്നും സഭയില്‍ പ്രേതം ആവാഹിച്ചതു പോലെയാണ് ഗണേശ് പെരുമാറിയതെന്നും മന്ത്രി പറഞ്ഞു. ഗണേശിനെതിരെ മുസ്ലിം ലീഗും രംഗത്തെത്തി. ഗണേശ് പരാതി ഉന്നയിക്കേണ്ടിയിരുന്നത് യു.ഡി.എഫിലായിരുന്നെന്ന് മുസ്ലിം ലീഗ് നേതാവ് മായിന്‍ ഹാജി പ്രതികരിച്ചു. ഗണേശ് കാടടച്ച് വെടിവയ്ക്കുകയാണ് ചെയ്തതെന്നും ഹാജി ആരോപിച്ചു.

ഇതുകൂടാതെ, മറ്റൊരു മന്ത്രിക്കെതിരെയും അഴിമതി സംബന്ധിച്ച വ്യക്തമായ രേഖകള്‍ കൈവശമുണ്ട്. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിനു മുഖ്യമന്ത്രി നല്‍കിയ മറുപടി തന്റെ കൈവശമുണ്ടെന്ന് ഗണേശ് പറഞ്ഞു.

ഇതു വായിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. അഴിമതി ആരോപണം സഭയില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ചട്ടമില്ലെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കുകയായിരുന്നു. പദ്ധതികളൊന്നും നല്‍കാതെ മന്ത്രിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്നും ഗണേശ് ആരോപിച്ചു.

ഞാന്‍ കയ്യാലപ്പുറത്തിരിക്കുന്ന ആളല്ല. മന്ത്രിയുടെ ഓഫീസില്‍നിന്ന് ഇത്തരത്തിലുള്ള അനുഭവം തനിക്കു മാത്രമല്ലെന്നും ഗണേശ് പറഞ്ഞു. യുഡിഎഫില്‍ പങ്കെടുക്കാന്‍ തനിക്ക് പാര്‍ട്ടി അനുമതിയില്ല. മന്ത്രിസഭയില്‍ പറയാന്‍ മന്ത്രിയല്ല. മന്ത്രിയാകാന്‍ ഒട്ട് ആഗ്രഹവുമില്ല. തന്നെ പുറത്താക്കിയതാണെന്ന് ചിലര്‍ കരുതുന്നുണ്ട്. വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു. അദ്ദേഹം രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതുമാണ്. എംഎല്‍എ എന്ന നിലയില്‍ സഭയില്‍ പറയുക മാത്രമാണ് പോംവഴിയെന്നും ഗണേശ് പറഞ്ഞു.

മുന്‍പ് സൂരജ് വിഷയം ഉയര്‍ന്നു വന്നപ്പോള്‍ അഴിമതിക്കാരായ ചില ‘കാട്ടുപോത്തുകളുടെ’ പേരുകള്‍ നിയമസഭയില്‍ പ്രഖ്യാപിക്കുമെന്ന് ഗണേശ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഗണേശിന്റെ ആരോപണത്തെ തുടര്‍ന്ന് സഭയില്‍ ഭരണപക്ഷം ബഹളം വച്ചു. പ്രതിപക്ഷം ഗണേശിനെ പിന്തുണച്ചു. ഗണേശ് പറഞ്ഞ കാര്യം നിയമസഭാ കമ്മിറ്റി അന്വേഷിക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ചോദിച്ചു.

വെറുതേ ചെളിവാരിയെറിയാനുള്ള ശ്രമമാണിതെന്ന് മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രസ്താവിച്ചു. ആരെങ്കിലും പറയിപ്പിച്ചതാണോ എന്നും അന്വേഷിക്കണമെന്നും മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
മുന്‍കൂര്‍ നോട്ടീസില്ലാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി.

Scroll To Top