Sunday September 24, 2017
Latest Updates

ഗാള്‍വേ നഗരം ശനിയാഴ്ച്ച മഹാത്മാഗാന്ധിയ്ക്കും ഭാരത സംസ്‌കൃതിയ്ക്കും ആദരമൊരുക്കും,അസുലഭം ഈ ദിവസം ! 

ഗാള്‍വേ നഗരം ശനിയാഴ്ച്ച മഹാത്മാഗാന്ധിയ്ക്കും ഭാരത സംസ്‌കൃതിയ്ക്കും ആദരമൊരുക്കും,അസുലഭം ഈ ദിവസം ! 

ഗാള്‍വേ: ഗാള്‍വേയിലെ ഇന്ത്യാക്കാര്‍ക്ക് അഭിമാനിക്കാം.ശനിയാഴ്ച്ച നിങ്ങളുടെ നഗരം നമ്മുടെ ജന്മനാടിനെ ആദരിക്കുകയാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവിനും,ഇന്ത്യക്കും ഗാള്‍വേ നഗരമധ്യത്തില്‍ സ്മാരകം ഉയര്‍ത്തി അംഗീകാരം നല്‍കുന്ന മഹത്തായ ചടങ്ങിന് അയര്‍ലണ്ട് ശനിയാഴ്ച്ച (ആഗസ്റ്റ് 29) സാക്ഷ്യം വഹിക്കും.ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3 മണിയ്ക്ക് ഗാള്‍വേ നഗരത്തിന്റെ മേയര്‍ കൌണ്‍സിലര്‍ ഫ്രാങ്ക് പാഹി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ് ചരിത്രസ്മാരകശില അനാച്ഛാദനം ചെയ്യും.

ഗാള്‍വേയിലെ ഇന്ത്യാക്കാരും,ഗാള്‍വേ ബിസിനസ് കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തകരും.പൌരപ്രമുഖരും അടക്കമുള്ള ജനാവലി ചടങ്ങിനെത്തും.ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള സൗഹൃദം ഉയര്‍ത്തികാട്ടുന്ന വര്‍ണ്ണാഭാമായ പരിപാടികള്‍ ഇതോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.ഗാള്‍വേയിലെ ഇന്ത്യന്‍ സമൂഹം ചടങ്ങില്‍ പങ്കെടുത്ത് ചടങ്ങിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ എംബസി അഭ്യര്‍ഥിച്ചു.ഇന്ത്യന്‍ സമൂഹത്തിന്റെ ഒരു പൊതു പരിപാടിയായി തന്നെ ഇതിനെ കരുതണമെന്ന് എംബസി വൃത്തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

ഗാല്‍വേ ബേയിലെ സാള്‍ട്ട് ഹില്ലില്‍ സര്‍ക്കിള്‍ ഓഫ് ലൈഫ് ഗാര്‍ഡന്‍ ഓഫ് കോമെമ്മൊറേഷന്‍ ആന്‍ഡ് താങ്ക് ഗിവിങ് എന്ന രണ്ടേക്കറോളം വരുന്ന പാര്‍ക്കിലാണ് മഹാത്മാഗാന്ധിയുടെ പാദസ്പര്‍ശം പതിഞ്ഞ ശില സ്ഥാപിച്ചാണ് മഹാത്മാവിനെ അയര്‍ലണ്ട് നമിക്കുന്നത്.അഞ്ചു ഭൂഖണ്‍ഡങ്ങളെ പ്രതിനിധീകരിച്ച് ലോകത്തെ അഞ്ച് മഹാത്മാക്കള്‍ക്കായാണ് ഗാര്‍ഡനില്‍ സ്മാരകം ഒരുക്കുന്നത്.ഏഷ്യയെ പ്രതിനിധീകരിച്ചാണ് ഗാന്ധിജിയുടെ ഓര്‍മ്മ നിറയുന്ന ശില സ്ഥാപിക്കുന്നത്.

ഗാന്ധിയുടെ അഹിംസാത്മക സിദ്ധാന്തത്തിനും ലളിതജീവിതത്തിനും ആദരവിന്റെ അംഗീകാരം നല്‍കി ആ ജീവിതത്തെ അനുസ്മരിക്കാനുള്ള പദ്ധതിയാണ് ഗാള്‍വേയില്‍ അനാവരണം ചെയ്യപ്പെടുന്നത്.
1921 ല്‍ തമിഴ്‌നാട്ടിലെ മധുരയില്‍ വെച്ച് വിദേശ വസ്ത്രങ്ങള്‍ ഉപേക്ഷിക്കാനുള്ള തീരുമാനം മഹാത്മാഗാന്ധി ആദ്യമായി പ്രഖ്യാപിച്ച വേദിയായ പടുകൂറ്റന്‍ പാറയുടെ ഒരു ഭാഗമാണ് ഗാള്‍വേയിള്‍ എത്തിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ അനുമതിയോടെയാണെങ്കിലും ഇന്ത്യയില്‍ നിന്നും ശില ഇവിടെ വരെയെത്തിക്കാന്‍ കസ്റ്റംസില്‍ നിന്നടക്കം ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെന്ന് ലൈഫ് ഗാര്‍ഡന്‍ ഭാരവാഹികള്‍ പറഞ്ഞു.ഗാന്ധിയുടെ ഒരു പ്രതിമയും ഇവിടെ സ്ഥാപിക്കാന്‍ ഉദ്ദേശമുണ്ടെന്നു ഭാരവാഹികള്‍ പറഞ്ഞു.

ലോകത്തോടു കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും കഥ പറയുന്നതാണ് ഗാല്‍വേ ബേയിലെ സര്‍ക്കിള്‍ ഓഫ് ലൈഫ് ഗാര്‍ഡന്‍ ഓഫ് കോമെമ്മൊറേഷന്‍ ആന്‍ഡ് താങ്ക് ഗിവിങ് എന്ന ജീവന്റെ പൂന്തോട്ടം. കഴിഞ്ഞ വര്‍ഷം തുറന്നു കൊടുത്തെങ്കിലും ഔദ്യോഗികമായി ഉദ്ഘാടനം ഓഗസ്റ്റിലാണ് പദ്ധതിയിടുന്നത്.അവയവ ദാനത്തിന്റെ മഹത്വം കാണിച്ചുതന്ന് ലോകത്തോടു വിടപറഞ്ഞവരുടെ സ്മരണക്കായാണ് ഇത്തരമൊരു ഉദ്യാനം തുറന്നത്.

രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ ദേശീയ ഉദ്യാനമാണിത്.അവയവദാനത്തിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടുന്ന പൂന്തോട്ടം അവയവ ദാനത്തിന്റെ പ്രാധാന്യം
ലോകത്തിനു മനസിലാക്കിക്കൊടുക്കുന്നതിനും ഉപകരിക്കുമെന്നാണു കണക്കുകൂട്ടല്‍.ഒപ്പം വികലാംഗരായ ആള്‍ക്കാര്‍ക്ക് പ്രയോജനകരമായ വിധമുള്ള ഒരു സെന്‍സറിംഗ് ഗാര്‍ഡനാക്കി ഇതിനെ മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ചിത്രീകരണത്തിന്റെയും പ്രതീകവത്കരണത്തിന്റെയും ഒപ്പം മനോവികാരങ്ങളുടേയും മിശ്രണമാണ് ഈ പൂന്തോട്ടം. ഇവിടെ വരുമ്പോള്‍ ശാരീരികവും മാനസികവുമായി ഉന്മേഷമുണ്ടാകുന്നു. രോഗശമനവും പ്രതീക്ഷയുമേറുന്നു. ഭൂമിയെ ആത്മീയ ഇടമായി കാണുന്നവര്‍ക്കു സ്വാഗതമോതുന്ന പൂന്തോട്ടം ജീവന്റെ മഹത്വവും അതു നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും അതു നിലനിലനിര്‍ത്തുന്നതിനുള്ള സഹവര്‍ത്തിത്വത്തിന്റെ പ്രാധാന്യവും വിളിച്ചോതുന്നതാണ്.ഒപ്പം ഗാന്ധിജിയെപ്പോലെ അതിനൊക്കെ വേണ്ടി പരിശ്രമിച്ചവരെ അനുസ്മരിക്കാനും ക്കല്ലില്‍ ഉയര്‍ന്നു നില്‍ക്കുന്ന ശില്‍പ്പങ്ങളാണു പൂന്തോട്ടത്തിന്റെ പ്രധാന ആകര്‍ഷണം. രണ്ടു മീറ്റളോളം ഉയരമുള്ള ഓരോ ശില്‍പ്പവും മനുഷ്യന്റെ ജനനം മുതലുള്ള ജീവിത യാത്രയുടെ സൂചകങ്ങളാണ്. ഓരോ കല്ലിലും ഓരോ വാചകങ്ങള്‍ കല്ലില്‍ത്തന്നെ കൊത്തിവച്ചിരിക്കുന്നു.
പൂന്തോട്ടത്തിലേക്കു പ്രവേശിക്കുന്ന ഒരാളെ മനശാന്തിയുടേയും നിര്‍വൃതിയുടേയും മരുപ്പച്ചയാണു സ്വാഗതം ചെയ്യുന്നത്. മധ്യത്തിലുള്ള വലിയൊരു ശില്‍പ്പത്തെ വലയം ചെയ്തു നില്‍ക്കുന്ന ചെടികളാല്‍ അലങ്കൃതമാണു പൂന്തോട്ടം. ഇവിടെയുള്ള ഹാവ്‌ത്രോണ്‍ ചെടി ഭൗതിക ജീവിതത്തിലെ ഹൃദയവേദനകളുടെ പ്രതീകമാണ്. പൂന്തോട്ടം നടുന്നുകാണാന്‍ നാടന്‍ നടവഴികള്‍ ധാരാളമുണ്ട്.gal ga2

ഇത്തരത്തില്‍ പ്രതീകങ്ങളുടേയും നേര്‍ക്കാഴ്ചകളുടേയും സംഗമമാണ് ലൈഫ് ഗാര്‍ഡന്‍ ഓഫ് കോമെമ്മൊറേഷന്‍. സഹജീവികളോടുള്ള കാരുണ്യത്തിന്റെയും ജീവന്റെ പ്രാധാന്യത്തിന്റെയും മഹത്വം ആസ്വദിക്കാം ഇവിടുത്തെ ശാന്തമായ അന്തരീക്ഷത്തില്‍.ഒപ്പം ഭാരതീയരായ നമുക്ക് അഭിമാനിക്കാം രാഷ്ട്രപിതാവിന് ആദ്യമായി അയര്‍ലണ്ടില്‍ സ്മാരകം ഉയരുന്നു!.വിദേശവസ്ത്രം അതിജീവനത്തിനുള്ള അത്യാവശ്യ ഘടകമല്ലെന്ന് കണ്ട് ഉപേക്ഷിച്ച്, ചര്‍ക്കയില്‍ നൂല്‍ നൂറ്റു വസ്ത്രമുണ്ടാക്കി ധരിക്കാന്‍ ദേശവാസികള്‍ക്ക് മാതൃക കാട്ടിയ, മഹാദേശാഭിമാനിയുടെ ധീരതയെ മറ്റൊരു വിദേശ രാജ്യത്ത് പോലും അംഗീകരിക്കുന്നതു കാണുമ്പോള്‍, നാം കാണാതെ പോയ മഹത്വത്തെ കണ്‍തുറന്നു കാണാനും അത് അവസരം ഒരുക്കട്ടെയെന്ന് ആശിക്കാം.

Scroll To Top