Friday September 22, 2017
Latest Updates

രാഷ്ട്രപിതാവിനെ അനുസ്മരിച്ച് ഗാള്‍വേ :ഗാന്ധിജിയ്ക്ക് അയര്‍ലണ്ടില്‍ ആദ്യ സ്മാരകം ഉയര്‍ന്നു

രാഷ്ട്രപിതാവിനെ അനുസ്മരിച്ച് ഗാള്‍വേ :ഗാന്ധിജിയ്ക്ക് അയര്‍ലണ്ടില്‍ ആദ്യ സ്മാരകം ഉയര്‍ന്നു

ഗാള്‍വേ:ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള സാംസ്‌കാരിക വിനിമയ ചരിത്രത്തില്‍ പുതിയൊരു നാഴിക കല്ല് സ്ഥാപിച്ചു കൊണ്ട് സൗഹൃദം ഊട്ടിയുറപ്പിക്കുന്ന മനോഹരമായ ഒരു ചടങ്ങിന് ഗാള്‍വേ നഗരം ഇന്നലെ സാക്ഷ്യം വഹിച്ചു.

നമ്മുടെ ജന്മനാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെയും ചരിത്ര സ്മരണകളെയും അയവിറക്കിയ ചടങ്ങില്‍ വെച്ച് ഗാല്‍വേ ബേയിലെ സാള്‍ട്ട് ഹില്ലില്‍ സര്‍ക്കിള്‍ ഓഫ് ലൈഫ് ഗാര്‍ഡന്‍ ഓഫ് കോമെമ്മൊറേഷന്‍ ആന്‍ഡ് താങ്ക് ഗിവിങ് എന്ന രണ്ടേക്കറോളം വരുന്ന പാര്‍ക്കില്‍ മഹാത്മാഗാന്ധിയുടെ പാദസ്പര്‍ശം പതിഞ്ഞ ശില സ്ഥാപിച്ചാണ് മഹാത്മാവിനെ അയര്‍ലണ്ട് ആദരിച്ചത്.

ഗാര്‍ഡനിലെ ഏഷ്യന്‍ വിഭാഗത്തിലെ ഏക ശിലയാണ് മഹാത്മാഗാന്ധിയുടെ പേരില്‍ അനാവരണം ചെയ്തത്.ലോകത്തിലെ ജനസാന്നിധ്യമുള്ള ഓരോ ഭൂഖണ്‍ഡങ്ങളെ പ്രതിനിധീകരിച്ച് ലോകത്തെ അഞ്ച് മഹാത്മാക്കള്‍ക്കായാണ് ഗാര്‍ഡനില്‍ സ്മാരകം ഒരുക്കുന്നത്.

ഏഷ്യയെ പ്രതിനിധീകരിച്ച് ഗാന്ധിജിയുടെ ഓര്‍മ്മ തുളുമ്പുന്ന ശിലയാണ് ഇന്നലെ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ വെച്ച് ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ് അനാവരണം ചെയ്തത്. 1921 ല്‍ തമിഴ്‌നാട്ടിലെ മധുരയില്‍ വെച്ച് വിദേശ വസ്ത്രങ്ങള്‍ ഉപേക്ഷിക്കാനുള്ള തീരുമാനം മഹാത്മാഗാന്ധി ആദ്യമായി പ്രഖ്യാപിച്ച വേദിയായ പടുകൂറ്റന്‍ പാറയുടെ ഒരു ഭാഗമാണ് ഗാള്‍വേയിള്‍ അനാച്ഛാദനം ചെയ്തത്.

ഗാന്ധിജിയുടെ ജീവിതം ലോകത്തിനു നല്കിയ ലാളിത്യവും,സാഹോദര്യഭാവവും,അഹിംസാത്മകതയും ലോകം എങ്ങുമുള്ളവര്‍ ആദരവോടെയാണ് കാണുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗാള്‍വേ മേയര്‍ കൌണ്‍സിലര്‍ ഫ്രാങ്ക് പാഹി പറഞ്ഞു.

മനോഹരമായ ഒരു പൂന്തോപ്പില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് ഓര്‍മ്മചെപ്പൊരുക്കിയ ഗാള്‍വേ നഗരത്തിന്റെ അധികൃതര്‍ക്ക് ഇന്ത്യന്‍ അമ്പാസിഡര്‍ നന്ദിയര്‍പ്പിച്ചു.

ഗാള്‍വേ സിറ്റി കൌണ്‍സിലര്‍മാര്‍,ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അയര്‍ലണ്ട് സന്ദര്‍ശനത്തിനു വേണ്ടിയുള്ള ചടങ്ങുകളുടെ സ്‌പെഷ്യല്‍ ഓഫിസര്‍ രവിശങ്കര്‍ (റോം),ഗാള്‍വേ ബിസിനസ് കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തകരും,ഗാള്‍വേയിലെ ഇന്ത്യാക്കാരും, പൌരപ്രമുഖരും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.ഐറിഷ്ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം വേദിയെ ആഹ്ലാദഭരിതമാക്കി.
പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ മാര്‍ട്ടീന,ഡെന്നിസ്,രഞ്ജിത് ജോസഫ് കല്ലറയ്ക്കല്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.amba gal 11amba gal 9amba gal 8amba gal 9amba gal 5

amba gal 10ലോകത്തോടു കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും കഥ പറയുന്നതാണ് ഗാല്‍വേ ബേയിലെ സര്‍ക്കിള്‍ ഓഫ് ലൈഫ് ഗാര്‍ഡന്‍ ഓഫ് കോമെമ്മൊറേഷന്‍ ആന്‍ഡ് താങ്ക് ഗിവിങ് എന്ന ജീവന്റെ പൂന്തോട്ടം. കഴിഞ്ഞ വര്‍ഷം ഐറിഷ് പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗിന്‍സാണ് ഗാര്‍ഡണ്‍ ഔദ്യോഗികമായി തുറന്നു കൊടുത്തത്.ആ അവസരത്തില്‍ സ്ഥാപിക്കാന്‍ കഴിയാതെപോയ ഏഷ്യന്‍ ശിലയാണ് ഇന്നലെ സ്ഥാപിക്കപ്പെട്ടത്.

രാഷ്ട്രപിതാവിന് ഇതാദ്യമായാണ് അയര്‍ലണ്ടില്‍ സ്മാരകം ഉയര്‍ന്നത്.വിദേശവസ്ത്രം അതിജീവനത്തിനുള്ള അത്യാവശ്യ ഘടകമല്ലെന്ന് കണ്ട് ഉപേക്ഷിച്ച്, ചര്‍ക്കയില്‍ നൂല്‍ നൂറ്റു വസ്ത്രമുണ്ടാക്കി ധരിക്കാന്‍ ദേശവാസികള്‍ക്ക് മാതൃക കാട്ടിയ, മഹാദേശാഭിമാനിയുടെ ധീരതയെ അംഗീകരിച്ച് അതിന്റെ ഓര്‍മ്മയില്‍ മറ്റൊരു വിദേശ രാജ്യത്ത് സ്മാരകം ഉയരുന്നതും ഇതാദ്യം. 

Scroll To Top