Saturday December 10, 2016
Latest Updates

ജി. കാര്‍ത്തികേയന്‍ അന്തരിച്ചു

ജി. കാര്‍ത്തികേയന്‍ അന്തരിച്ചു

ബംഗളുരു: നിയമസഭാ സ്പീക്കറും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു. 66 വയസായിരുന്നു. കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ചയായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് കൂടുതല്‍ വഷളാവുകയായിരുന്നു. മരണസമയത്ത് ഭാര്യ ഡോ.എം.ടി. സുലേഖയും മക്കളായ അനന്തപത്മനാഭനും ശബരീനാഥനും ആശുപത്രിയിലുണ്ടായിരുന്നു.

1949 ജനുവരി 20ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ എന്‍.പി ഗോപാലപിള്ളയുടെയും വനജാക്ഷിയമ്മയുടെയും മകനായാണ് കാര്‍ത്തികേയന്റെ ജനനം. ബിരുദത്തിന് ശേഷം എല്‍എല്‍.ബിയും പൂര്‍ത്തിയാക്കി. കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. 1978ല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പില്‍ കാര്‍ത്തികേയന്‍ കെ. കരുണാകരനൊപ്പം അടിയുറച്ചു നിന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

1980ല്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. വര്‍ക്കല മണ്ഡലത്തില്‍ വര്‍ക്കല രാധാകൃഷ്ണനോടായിരുന്നു തോല്‍വി. 1982ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ച ഇദ്ദേഹം സി.പി.എം നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1987ല്‍ ഇതേ മണ്ഡലത്തില്‍ എം.വിജയകുമാറിനോട് പരാജയപ്പെട്ടു. പിന്നീട് തുടര്‍ച്ചയായി അഞ്ചു തവണ ജി. കാര്‍ത്തികേയന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ ആര്യനാട് നിന്നും 2011ല്‍ അരുവിക്കരയില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്.

1995ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001ലെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യപൊതുവിതരണ, സാംസ്‌കാരിക മന്ത്രിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.

Scroll To Top